ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ക്കെതിരെ പ്രദേശത്തെ സവര്‍ണര്‍ സംഘടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അറസ്റ്റിലായ വ്യക്തിക്ക് പിന്തുണയര്‍പ്പിച്ച് മേല്‍ജാതിക്കാര്‍ യോഗം ചേരുകയാണെന്ന് ദേശീയ മാധ്യമമായ ‘എന്‍ഡിടിവി’യാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിജെപി നേതാവ് രാജ്‌വീര്‍ സിങ് പഹല്‍വാന്റെ വീട്ടിലാണ് യോഗം ചേരുന്നത്.

‘വ്യക്തിപരമായി താനും’ ഇതില്‍ പങ്കാളിയാകുമെന്ന് രാജ്‌വീര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കേസില്‍ അറസ്റ്റിലായ നാല് പ്രതികളില്‍ ഒരാളുടെ കുടുംബവും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെയാണ് യോഗം നടക്കുന്നത്. അതേസമയം, തങ്ങളുടെ യോഗത്തെക്കുറിച്ച് പോലീസിനെ അറിയിച്ചിട്ടുണ്ടെന്നാണ് സംഘാടകര്‍ പറയുന്നത്.

ക്രൂര പീഡനത്തിനിരയായി ചികിത്സയില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടി, സെപ്റ്റംബര്‍ 29നാണ് മരണത്തിന് കീഴടങ്ങിയത്. ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പിന്നീട് പത്തൊമ്പതുകാരിയുടെ മൃതദേഹം തിടുക്കപ്പെട്ട് സംസ്‌കരിച്ചത് ഉള്‍പ്പെടെയുള്ള പോലീസ് നടപടികള്‍ വിവാദമായിരുന്നു.