ന്യൂഡല്‍ഹി: നൂറ് മുസ്ലിം പള്ളികളുണ്ടെന്ന് പറഞ്ഞ് പുതിയൊരു പള്ളിക്ക് എങ്ങനെ അനുമതി നിഷേധിക്കാനാകുമെന്ന് കേരള ഹൈകോടതിയോട് സുപ്രീംകോടതിയുടെ ചോദ്യം. നിലമ്പൂരില്‍ പുതിയ മുസ്ലിം പള്ളിക്ക് അനുമതി നിഷേധിച്ച ഹൈകോടതി ഉത്തരവിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ചോദ്യം. ജസ്റ്റിസ് ജെ.ബി. പര്‍ഡിവാല അധ്യക്ഷനായ ബെഞ്ചാണ് ഈ ചോദ്യം ഉന്നയിച്ചത്. ഹൈകോടതി വിധിക്കെതിരെ നൂറുല്‍ ഇസ്ലാം സാംസ്‌കാരിക സംഘം എന്ന സംഘടന നല്‍കിയ ഹരജിയില്‍, ഇത്തരത്തില്‍ അനുമതി നിഷേധിക്കുന്നത് ശരിയാണോ എന്ന് സുപ്രീംകോടതി ചോദിച്ചു.
മലപ്പുറം നിലമ്പൂരില്‍ വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂറുല്‍ ഇസ്ലാം സാംസ്‌കാരിക സംഘം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ അപേക്ഷ ജില്ലാ കലക്ടര്‍ നിരസിച്ചിരുന്നു. കെട്ടിടം ഇരിക്കുന്ന പ്രദേശത്ത് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ 36 മുസ്ലിം പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ നിരസിച്ചത്. ഇതിനെതിരെ സാംസ്‌കാരിക സംഘം ഹൈകോടതിയെ സമീപിച്ചെങ്കിലും കലക്ടറുടെ നിലപാട് കോടതി ശരിവയ്ക്കുകയായിരുന്നു. ഇതിനെതിരെ അപ്പീലുമായാണ് ഹരജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ഹരജി പരിഗണിച്ച ജസ്റ്റിസ്മാരായ ജെ.ബി. പര്‍ഡിവാല, അലോക് ആര്‍ദരേ എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈകോടതി വിധിയെ പരോക്ഷമായി വിമര്‍ശിച്ചത്. നൂറ് മുസ്ലിം പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടി പുതിയൊരു പള്ളിക്ക് അനുമതി നിഷേധിക്കാന്‍ ഹൈകോടതിക്ക് എങ്ങനെയാകുമെന്ന് സുപ്രീംകോടതി ആരാഞ്ഞു.