X

കടലില്‍ പോകുന്നവരുടെ കണക്കുണ്ടോ: മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ കൃത്യമായ കണക്ക് സൂക്ഷിക്കുന്നതിന് ഫിഷറീസ് വകുപ്പ് സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
കടലില്‍ പോകുന്ന മത്സ്യ തൊഴിലാളികളുടെ ദിശ കണ്ടെത്താന്‍ കഴിയുന്ന വെസല്‍ ട്രാക്കിംഗ് യൂണിറ്റും ബീക്കണ്‍ ലൈറ്റും ബോട്ടുകളില്‍ കര്‍ശനമാക്കാത്തത് എന്തുകൊണ്ടാണെന്നും കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി. മോഹനദാസ് ചോദിച്ചു.
കെല്‍ട്രോണുമായി സഹകരിച്ച് രൂപകല്‍പന ചെയ്ത വെസല്‍ ട്രാക്കിംഗ് യൂണിറ്റിന്റെ സഹായത്തോടെ കടലില്‍ പോകുന്ന മത്സ്യതൊഴിലാളികള്‍ എവിടെയുണ്ടെന്ന് കൃത്യമായി അറിയാന്‍ സാധിക്കും. കണക്ക് അറിഞ്ഞിരുന്നാല്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കാം. കടലില്‍ പോകുന്ന മത്സ്യതൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പ് നല്‍കിയിട്ടുള്ള ലൈഫ്ജാക്കറ്റും ലൈഫ്‌ബോയും അവര്‍ ഉപയോഗിക്കുന്നുണ്ടോ എന്നും വിശദീകരണത്തില്‍ വ്യക്തമാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം ഫയല്‍ ചെയ്ത പരാതിയില്‍ ഫിഷറീസ് സെക്രട്ടറിയോടും ഡയറക്ടറോടുമാണ് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

chandrika: