വെനസ്വേലയിലെ അധിനിവേശ ആക്രമണത്തിനും പ്രസിഡന്റ് മഡുറോയെ പിടിച്ചുകൊണ്ടുപോയതിനും പിന്നാലെ പുതിയ പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ ‘വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്’ ആണെന്ന് ട്രംപ് അവകാശപ്പെട്ടു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത എഡിറ്റഡ് ഇമേജിലാണ് ട്രംപിന്റെ അവകാശവാദം. വെനസ്വേലയില്‍ നിലവില്‍ ആക്ടിങ് പ്രസിഡന്റുണ്ടായിരിക്കെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഇത്തരമൊരു നീക്കം.
വിക്കിപ്പീഡിയയിലെ പ്രൊഫൈലില്‍ ‘വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്’ എന്ന് കൂട്ടിച്ചേര്‍ത്തിരിക്കുന്ന എഡിറ്റഡ് സ്‌ക്രീന്‍ ഷോട്ട് ഇമേജാണ് ട്രംപ് പങ്കുവച്ചിരിക്കുന്നത്. ഇതില്‍, 2026 ജനുവരി മുതല്‍ ‘വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്’ എന്നാണ് ട്രംപിന്റെ പദവിയായി ആദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു ശേഷമാണ് അമേരിക്കയുടെ 45ാമത്തെയും 47ാമത്തെയും പ്രസിഡന്റ് എന്ന ഔദ്യോഗിക പദവി രേഖപ്പെടുത്തിയിരിക്കുന്നത്.
വെനസ്വേലന്‍ സുപ്രിം ട്രൈബ്യൂണല്‍ ഓഫ് ജസ്റ്റിസ് വഴിയും ഭരണഘടനാ പിന്തുടര്‍ച്ച പ്രക്രിയ വഴിയുമാണ് ഇടക്കാല പ്രസിഡന്റ് അധികാരമേല്‍ക്കുന്നത് എന്നിരിക്കെയാണ് ട്രംപിന്റെ പുതിയ അവകാശവാദം. വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസാണ് നിലവില്‍ വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്. മദൂറോയെ അമേരിക്ക തട്ടിക്കൊണ്ടുപോയതിന് പിന്നാലെ വെനസ്വേലന്‍ സുപ്രിം ട്രൈബ്യൂണല്‍ ഓഫ് ജസ്റ്റിസാണ് റോഡ്രിഗസിനോട് ആക്ടിങ് പ്രസിഡന്റ് പദവിയേറ്റെടുക്കാന്‍ ഉത്തരവിട്ടത്.
ജനുവരി മൂന്നിന് പുലര്‍ച്ചെ രണ്ടോടെയാണ് സൈനിക നീക്കത്തിലൂടെ തലസ്ഥാനമായ കാരക്കാസ് ആക്രമിച്ച് നിക്കോളാസ് മദൂറോയെയും ഭാര്യയേയും തട്ടിക്കൊണ്ടുപോയത്. പിന്നാലെ, വെനസ്വേലയുടെ നിയന്ത്രണം തനിക്കാണെന്ന് പിറ്റേദിവസം ഡോണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. യുഎസുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനായി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന്റെ സര്‍ക്കാര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിനിടെയൊണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.
അമേരിക്കയുമായി സഹകരിച്ചില്ലെങ്കില്‍ മദൂറോയേക്കാള്‍ വലിയ വില വെനസ്വേലയ്ക്ക് നല്‍കേണ്ടിവരുമെന്നാണ് ട്രംപ് നേരത്തെ നല്‍കിയ മുന്നറിയിപ്പ്.