ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്ത രണ്ടുപേര്‍ മരിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രമേശ് ചെന്നിത്തല എംഎല്‍എ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ ഡയാലിസിസ് യൂണിറ്റ് താല്‍ക്കാലികമായി അടച്ചു. ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറായ കായംകുളം പുതുക്കാട് വടക്കതില്‍ മജീദ് (53), പച്ചക്കറി വ്യാപാരിയായ വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രന്‍ (60) എന്നിവരാണ് ഡയാലിസിസിനെ തുടര്‍ന്ന് മരിച്ചത്.
കഴിഞ്ഞ മാസം 29 നാണ് സംഭവം. അന്ന് ഡയാലിസിസിന് വിധേയരായ ആറുപേര്‍ക്കാണ്, ഡയാലിസിസിനിടെ അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവര്‍ക്ക് വിറയലും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. തുടര്‍ന്ന് മജീദിനെയും മറ്റൊരാളെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലും, രാമചന്ദ്രനെ തട്ടാരമ്പലത്തെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മജീദ് 30 ന് രാത്രിയും, രാമചന്ദ്രന്‍ ഇന്നലെ രാവിലെയുമാണ് മരിച്ചത്.
ഡയാലിസിസിനിടെ അണുബാധയുണ്ടായതാണ് മരണകാരണമെന്ന് രാമചന്ദ്രന്റെ കുടുംബം ആരോപിച്ചു. രക്തത്തില്‍ അണുബാധ ഉണ്ടായിരുന്നെന്ന് തട്ടാരമ്പലത്തെ ആശുപത്രി അധികൃതര്‍ അറിയിച്ചെന്നും ബന്ധുക്കള്‍ പറഞ്ഞു.ഡയാലിസിസ് യൂണിറ്റ് അണുവിമുക്തമാണെന്നാണ് ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് പറയുന്നത്. സംശയത്തെ തുടര്‍ന്ന് ആശുപത്രിയിലെ ഡയാലിസിസ് ഉപകരണങ്ങളും വെള്ളവും ഉള്‍പ്പെടെ പരിശോധിച്ചിട്ടുണ്ട്.