ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 403 എംഎല്‍എമാരില്‍ 322 പേരും കോടിപതികള്‍. നാഷണല്‍ ഇലക്ഷന്‍ വാച്ചിന്റെ കണക്കുകള്‍ പ്രകാരമാണ് ഈ വെളിപ്പെടുത്തല്‍. എംഎല്‍എമാരില്‍ 143 പേര്‍ക്കെതിരേ ക്രിമിനല്‍ കുറ്റങ്ങളും നിലവിലുണ്ട്. കൊലപാതകമടക്കമുള്ള കേസുകളില്‍ വിചാരണ നേരിടുന്നവരാണ് ഇവര്‍. ഗോണ്ടയിലെ കേണല്‍ഗഞ്ച് നിയമസഭാ മണ്ഡലത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എല്‍.എ അജയ് പ്രതാപ് സിംഗാണ് കോടിപതികളുടെ പട്ടികയില്‍ ഒന്നാമന്‍. 49 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. 60 കിലോഗ്രാം സ്വര്‍ണവും ഏഴു വാഹനങ്ങളും ആറു തോക്കുകളുംസിങിന്റെ പക്കലുണ്ട്. പക്ഷേ, തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ താന്‍ കര്‍ഷകനാണെന്ന് അജയ് വെളിപ്പെടുത്തിയിരിക്കുന്നതാണ് വിരോധാഭാസം. നിയമസഭാ തെരഞ്ഞെടുപ്പില്‍ 1,455 കോടിപതികളാണ് സ്ഥാനാര്‍ഥികളായി ജനവിധി തേടിയത്. ബിഎസ്പി സ്ഥാനാര്‍ഥിയായി നിയമസഭയിലെത്തിയ മാഫിയ തലവന്‍ മുഖ്താര്‍ അന്‍സാരിയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകള്‍. അഞ്ചു കൊലപാതകങ്ങളടക്കം 16 കേസുകളില്‍ പ്രതിയാണ് അന്‍സാരി.