Sports

ഇന്ത്യ-ശ്രീലങ്ക വനിതാ ട്വന്റി20; കാര്യവട്ടത്ത് പരമ്പര ലക്ഷ്യമിട്ട് ഇന്ത്യന്‍ വനിതകള്‍ ഇന്നിറങ്ങും

By webdesk18

December 26, 2025

തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിന് ഇന്ത്യന്‍ വനിതകള്‍ ഇന്നിറങ്ങും. തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം.

വൈകീട്ട് ഏഴിനാണ് മത്സരം ആരംഭിക്കുന്നത്. പരമ്പരയിലെ നാല്, അഞ്ച് മത്സരങ്ങള്‍ക്കും വേദിയാകുന്നത് കാര്യവട്ടമാണ്. ഈമാസം 28, 30 തീയതികളിലാണ് മത്സരങ്ങള്‍. സംസ്ഥാനത്ത് ആദ്യമായി ഒരു അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് മത്സരം നടക്കുന്നു എന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ട്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ വിശാഖപട്ടണത്താണ് നടന്നത്. രണ്ടിലും ജയിച്ച ഹര്‍മന്‍പ്രീത് കൗറും സംഘവും നിലവില്‍ 2-0ന് മുന്നിലാണ്. ഇന്നത്തെ മത്സരം കൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.

ഹര്‍മന്‍പ്രീതിനൊപ്പം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഷഫാലി വര്‍മ എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി റിച്ച ഘോഷും പ്രതീക്ഷ നല്‍കുന്നു. സ്‌പെഷലിസ്റ്റ് വിക്കറ്റ് കീപ്പറായി റിച്ച തന്നെയാകും കളത്തിലിറങ്ങുക. ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയുടെ അഭാവത്തിലും സ്‌നേഹ് റാണ, അരുന്ധതി റെഡ്ഢി, അമന്‍ജോത് കൗര്‍ എന്നിവരടങ്ങുന്ന ബൗളിങ് നിര ഇന്ത്യക്ക് കരുത്തേകുന്നു.

മറുഭാഗത്ത്, ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ശ്രീലങ്കക്ക് ഇന്ന് ജീവന്‍മരണ പോരാട്ടമാണ്. ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടു, ഹര്‍ഷിത സമരവിക്രമ, ഇനോക രണവീര എന്നിവരുടെ പ്രകടനമാകും ലങ്കക്ക് നിര്‍ണായകമാവുക. മധ്യനിര ബാറ്റിങ്ങിലെ പതര്‍ച്ചയാണ് ലങ്കന്‍ ടീമിനെ നിലവില്‍ വലക്കുന്നത്. ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് കേരളത്തിലെ കായിക ലോകം.