ചെന്നൈ : ബാറ്റിങ്ങില്‍ അല്‍പം പതറിയെങ്കിലും ബോളിങ്ങില്‍ പരിഹാരം കണ്ട മുംബൈ ഇന്ത്യന്‍സിന്, ഐപിഎല്‍ 14-ാം സീസണില്‍ ആദ്യ ജയം. അനായാസം വിജയത്തിലേക്ക് നീങ്ങുകയായിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അവസാന ഓവറുകളിലെ മുറുക്കമാര്‍ന്ന ബോളിങ്ങിലൂടെ പിടിച്ചുകെട്ടിയ മുംബൈ, 10 റണ്‍സിനാണ് ആദ്യ ജയം കുറിച്ചത്. മുംബൈ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക്, നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 142 റണ്‍സ് മാത്രം. ആദ്യ മത്സരം ജയിച്ച കൊല്‍ക്കത്തയുടെ ആദ്യ തോല്‍വിയാണിത്.

ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ അവസാന ഓവറില്‍ അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ കൊല്‍ക്കത്തയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 15 റണ്‍സ്. എന്നാല്‍, അവസാന ഓവറില്‍ നാലു റണ്‍സ് വിട്ടുകൊടുത്ത് ആന്ദ്രെ റസ്സല്‍, പാറ്റ് കമ്മിന്‍സ് എന്നിവരെ പുറത്താക്കി ബോള്‍ട്ട് മുംബൈയ്ക്ക് വിജയം സമ്മാനിച്ചു. ബോള്‍ട്ട് നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അതേസമയം, നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത രാഹുല്‍ ചാഹറിന്റെ പ്രകടനമാണ് മുംബൈ വിജയത്തിലെ ഹൈലൈറ്റ്. അര്‍ധസെഞ്ചുറി കുറിച്ച ഓപ്പണര്‍ നിതീഷ് റാണയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.