ന്യൂഡല്‍ഹി: ഇന്ത്യയിലെ മുഴുവന്‍ ഗ്രാമങ്ങളും സമ്പൂര്‍ണമായി വൈദ്യുതീകരിച്ചതായുള്ള മോദി സര്‍ക്കാറിന്റെ അവകാശ വാദവും വെറും തള്ള്. ഗ്രാമങ്ങള്‍ വൈദ്യുതീകരിച്ചെന്ന് മേനി നടിക്കുമ്പോഴും ഗ്രാമീണ ഭവനങ്ങള്‍ ഇപ്പോഴും കൂരിരുട്ടില്‍ തന്നെയാണെന്നാണ് രേഖകള്‍ പറയുന്നത്.

കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2006-07ല്‍ 28,706 ഗ്രാമങ്ങള്‍ വൈദ്യുതീകരിച്ചപ്പോള്‍ 2009-10, 2010-11 വര്‍ഷങ്ങളില്‍ 18,300 ഗ്രാമങ്ങളിലധികമാണ് വൈദ്യുതീകരണം പൂര്‍ത്തീകരിച്ചത്. 2014 മെയ് 26ലെ കണക്കുകള്‍ പ്രകാരം 18,452 ഗ്രാമങ്ങള്‍ മാത്രമാണ് വൈദ്യുതീകരിക്കാന്‍ ബാക്കിയുണ്ടായിരുന്നത്. അതായാത് സര്‍ക്കാര്‍ രേഖകള്‍ അനുസരിച്ച് തന്നെ 94 ശതമാനം ഗ്രാമങ്ങളും 2014ന് മുമ്പ് വൈദ്യുതീകരിച്ചിട്ടുണ്ട്. 46 മാസം കൊണ്ടാണ് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ഇത്രയും ഗ്രാമങ്ങള്‍ വൈദ്യുതീകരിച്ചത്.

ശരാശരി വര്‍ഷത്തില്‍ 4,813 ഗ്രാമങ്ങള്‍ എന്ന തോതിലാണ് മോദി സര്‍ക്കാറിന്റെ നേട്ടം ഇതാണ് കൊട്ടി ഘോഷിച്ച് സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയെന്ന മട്ടില്‍ നാസയുടെ പടം പുറത്തുവിട്ട് കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും മോദിയും കഴിഞ്ഞ ദിവസം അവകാശവാദം ഉന്നയിച്ചത്. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശം ഉന്നയിക്കുമ്പോഴും ജാര്‍ഖണ്ഡ്, യു.പി പോലുള്ള സംസ്ഥാനങ്ങളിലെ പല ഭവനങ്ങളിലും വൈദ്യുതി എത്തി നോക്കിയിട്ട് പോലുമില്ല. രാജ്യത്തെ ഗ്രാമങ്ങളിലെ ആറില്‍ ഒരു വീട്ടില്‍ എന്ന തോതില്‍ ഇപ്പോഴും വൈദ്യുതി എത്തിയിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 17.4 ശതമാനം ഗ്രാമീണര്‍ക്കും അതായത് 3.14 കോടി ഗ്രാമീണ ഭവനങ്ങളിലും വൈദ്യുതി എത്തിയിട്ടില്ലെന്ന് സാരം.

ഗ്രാമീണ വൈദ്യുതീകരണം എന്നതിന് സര്‍ക്കാര്‍ നയം അനുസരിച്ച് സമ്പൂര്‍ണ വൈദ്യുതീകരിച്ച ഗ്രാമം ആകുവാന്‍ നിബന്ധനകള്‍ ഇപ്രകാരമാണ്. 1. സമൂഹത്തിലെ താഴെക്കിടയിലുള്ള ആളുകള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ട്രാന്‍സ്‌ഫോര്‍മര്‍, വിതരണ ലൈന്‍ എന്നിവ ലഭ്യമായാല്‍ മതി. 2.സ്‌കൂള്‍, പഞ്ചായത്ത് ഓഫീസ്, പി.എച്ച്.സി, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവിടങ്ങളില്‍ വൈദ്യുതി ലഭ്യമാവുക. 3. ഒരു ഗ്രാമത്തിലെ 10 ശതമാനമെങ്കിലും വൈദ്യുതീകരിക്കപ്പെട്ട ഭവനങ്ങളുണ്ടാവുക. ഇപ്രകാരം 10 ശതമാനം വൈദ്യുതീകരിച്ച വീടുകളുണ്ടായാല്‍ പോലും അത് സമ്പൂര്‍ണ വൈദ്യുതീകരണമായി പരിഗണിക്കപ്പെടും. അതേ സമയം എല്ലാ വീടുകളും വൈദ്യുതീകരിച്ച പട്ടികയിലുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരിക്കുന്ന ഒരേ ഒരു സംസ്ഥാനം മാത്രമേയുള്ളൂ. കേരളം, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, പുതുച്ചേരി, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് 100 ശതമാനം വൈദ്യുതീകരിച്ച വീടുകളുള്ളത്. വൈദ്യുതീകരിക്കാത്ത ഭവനങ്ങള്‍ ഏറ്റവും കൂടുതലുള്ളത് യു.പിയിലാണ്. 1.33 കോടി ഭവനങ്ങളാണ് ഇവിടെ ഇനിയും വൈദ്യുതീകരിക്കാന്‍ ബാക്കിയുള്ളത്.

ബിഹാറില്‍ 31.98 ലക്ഷം ഭവനങ്ങളും ഒഡീഷയില്‍ 30.88 ലക്ഷം ഭവനങ്ങളും വൈദ്യുതീകരിക്കാന്‍ ബാക്കിയുണ്ട്. ബിഹാറില്‍ നാലില്‍ രണ്ട് വീടുകളിലും ഒഡീഷയില്‍ മൂന്നില്‍ ഒന്ന് വീടുകളിലും മാത്രമാണ് വൈദ്യുതി ലഭ്യമായിട്ടുള്ളത്. വൈദ്യുതി ലഭ്യമെന്ന് സര്‍ക്കാര്‍ രേഖകളില്‍ പറയുമ്പോഴും തടസ്സമില്ലാതെ വൈദ്യുതി എന്നത് പല സംസ്ഥാനങ്ങളിലും സ്വപ്‌നം മാത്രമാണ്. അരുണാചല്‍ പ്രദേശില്‍ ദിവസം 11.45 മണിക്കൂര്‍ മാത്രമാണ് വൈദ്യുതി ലഭ്യമാവുന്നത്. യു.പിയില്‍ 12.46 ഉം ഹരിയാനയില്‍ 12.48ഉം മണിക്കൂര്‍ മാത്രമാണ് ഗ്രാമീണ മേഖലയില്‍ വൈദ്യുതി ലഭിക്കുന്നത്. കാര്യങ്ങള്‍ ഇവ്വിധം തുടരുമ്പോഴാണ് രാജ്യം മുഴുവന്‍ വൈദ്യുതീകരിച്ചെന്ന അവകാശ വാദവുമായി മോദിയും കേന്ദ്ര സര്‍ക്കാറും മുന്നോട്ടു പോകുന്നത്.