News
ജപ്പാന് ജ്വരം വര്‍ധിക്കുന്നു; മലപ്പുറം, കോഴിക്കോട് രോഗബാധിത ജില്ലകള്‍
ജപ്പാന് ജ്വരം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി.
മലപ്പുറം: ജാപ്പനീസ് എന്‍സെഫലൈറ്റിസ് (ജപ്പാന് ജ്വരം) കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി. കേന്ദ്ര ആരോഗ്യവകുപ്പിന്റെ മസ്തിഷ്കവീക്ക (AES) നിരീക്ഷണ ഡേറ്റയുടെ അടിസ്ഥാനത്തില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളെ ജാപ്പനീസ് എന്‍സെഫലൈറ്റിസ് ബാധിത ജില്ലകളായി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.
രോഗവ്യാപനവും പ്രതിരോധ മാര്‍ഗങ്ങളും സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ. ജയന്തി വിശദീകരിച്ചു. ക്യൂലക്സ് വിഭാഗത്തില്‍പ്പെടുന്ന കൊതുകുകള്‍ വഴി പകരുന്ന ഒരു വൈറസ് രോഗമാണ് ജാപ്പനീസ് എന്‍സെഫലൈറ്റിസ്. തലച്ചോറിനെ ബാധിക്കുന്ന ഈ രോഗം തീവ്രമായ പനിക്കു ശേഷം അസ്വാഭാവിക പെരുമാറ്റം, ബോധക്ഷയം, ഛര്‍ദി, ശക്തമായ തലവേദന തുടങ്ങിയ ലക്ഷണങ്ങളിലൂടെ പ്രകടമാകുന്നു.
രോഗം ഗുരുതരമായാല്‍ തലച്ചോറില്‍ നീര്‍ക്കെട്ട്, അപസ്മാരം തുടങ്ങിയ അവസ്ഥകളിലേക്കു നീങ്ങാനും 20 മുതല്‍ 30 ശതമാനം വരെ രോഗികളില്‍ മരണം സംഭവിക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തലച്ചോറിലെ സ്രവവും രക്തവും പരിശോധിച്ച് ആന്റിബോഡി ടെസ്റ്റിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്. അപസ്മാര ലക്ഷണങ്ങളോടെ എത്തുന്ന രോഗികളില്‍ സ്രവ പരിശോധന നടത്തുന്നത് പലപ്പോഴും പ്രയാസകരമാണെന്നും വ്യക്തമാക്കി.
തീരപ്രദേശങ്ങളിലാണ് രോഗസാധ്യത കൂടുതലായി കണ്ടെത്തുന്നത്. വെള്ളക്കെട്ടുകളും കുളങ്ങളും ധാരാളമുള്ള പ്രദേശങ്ങളില്‍ കൊതുക് വളര്‍ച്ച കൂടുതലായതിനാല്‍ രോഗവ്യാപന സാധ്യതയും ഉയരുന്നു. ദേശാടനക്കിളികള്‍, കുളക്കോഴികള്‍, നീര്‍കാക്കകള്‍, കന്നുകാലികളുടെ ശരീരത്തിലിരിക്കുന്ന പക്ഷികള്‍ എന്നിവയില്‍ വൈറസിന്റെ സാന്നിധ്യം കാണപ്പെടുന്നുണ്ടെന്നും, ഇവയില്‍നിന്ന് കൊതുകുവഴിയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. പക്ഷികളില്‍നിന്ന് നേരിട്ട് രോഗം പകരില്ല.
ഒരു വയസ്സുമുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളിലാണ് രോഗം കൂടുതല്‍ ഗുരുതരമാകുന്നത്. പ്രത്യേകിച്ച് ഒന്നുമുതല്‍ അഞ്ചുവരെ പ്രായമുള്ള കുട്ടികള്‍ക്ക് അപകടസാധ്യത കൂടുതലാണ്. രോഗത്തിന് പ്രത്യേക ആന്റിവൈറല്‍ ചികിത്സ ലഭ്യമല്ല. പ്രതിരോധ കുത്തിവെപ്പാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാര്‍ഗം. ലക്ഷണങ്ങള്‍ക്കനുസരിച്ചാണ് ചികിത്സ നല്‍കുന്നത്.
രോഗം ഭേദമാകുന്നവരില്‍ 30 മുതല്‍ 50 ശതമാനം വരെ ആളുകള്‍ക്ക് ശാരീരികമോ നാഡീസംബന്ധമായോ തകരാറുകള്‍ നിലനില്ക്കാന് സാധ്യതയുണ്ടെന്നും, ഇവര്‍ക്ക് ആവശ്യമായ ശാരീരികവും മാനസികവുമായ പരിചരണം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
മലപ്പുറം ജില്ലയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും മറ്റ് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും തീവ്രപരിചരണ വിഭാഗമുള്ള ആശുപത്രികളിലും ചികിത്സാസൗകര്യം ഒരുക്കിയിട്ടുണ്ട്.
പ്രതിരോധ നടപടികളുടെ ഭാഗമായി വാക്സിന് എടുക്കുക, കൊതുകുകടി പരമാവധി ഒഴിവാക്കുക, കൊതുക് വളരുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുക എന്നിവ നിര്‍ദേശിച്ചു. പാടങ്ങള്‍, വെള്ളക്കെട്ടുകള്‍, കുളങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കണം. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ മെഡിക്കല്‍ കോളേജിലോ ചികിത്സാസൗകര്യമുള്ള ആശുപത്രികളിലോ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അഭ്യര്‍ത്ഥിച്ചു.
News
പാലക്കാട് ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം:ചികിത്സാ പിഴവ് സമ്മതിച്ച് ജില്ലാ ആശുപത്രി
കുടുംബം മുമ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ആവശ്യമായ നടപടി ഉണ്ടാകാതെയായിരുന്നുവെന്ന് ആരോപിച്ചിരുന്നു
പാലക്കാട്: പാലക്കാട് പല്ലശ്ശനയില്‍ ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ജില്ലാ ആശുപത്രി അധികൃതര്‍ ചികിത്സാ പിഴവ് സമ്മതിച്ചു. കുട്ടിയുടെ കുടുംബത്തിന് നല്കിയ നോട്ടീസിലൂടെയാണ് ആശുപത്രി സമ്മതിച്ചതായി സ്ഥിരീകരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസംഘം നിര്‍വഹിക്കും. ഇന്ന് കുട്ടിയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തുകയും, സംഭവത്തില്‍ വിശദമായ പരിശോധന നടത്തുകയും ചെയ്യും.
കുടുംബം മുമ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ആവശ്യമായ നടപടി ഉണ്ടാകാതെയായിരുന്നുവെന്ന് ആരോപിച്ചിരുന്നു. ഈ സംഭവത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നും നടപടി വേണമെന്നും, സര്‍ക്കാര്‍ നിന്ന് നീതി കിട്ടിയില്ലെന്നും കുട്ടിയുടെ കുടുംബം വ്യക്തമാക്കി.
അനുകൂല നടപടികളുണ്ടാകുന്നവരെ അവര്‍ നിയമ പോരാട്ടം തുടരും എന്നും അറിയിച്ചിട്ടുണ്ട്.
News
‘ഹൃദയം തകര്‍ന്ന് പോയി’-ടി20 ലോകകപ്പ് ടീമില്‍ ഇടമില്ലെന്ന് ടീം പ്രഖ്യാപിച്ചപ്പോഴാണ് അറിഞ്ഞത്; തുറന്ന് പറഞ്ഞ് ജിതേഷ് ശര്‍മ്മ
ടീം പ്രഖ്യാപിക്കുന്നതുവരെ ലോകകപ്പ് ടീമില്‍ നിന്ന് തന്നെ ഒഴിവാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജിതേഷ് പറഞ്ഞു.
ലക്നൗ: അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടമില്ലെന്ന കാര്യം ടീം പ്രഖ്യാപിച്ചപ്പോഴാണ് അറിഞ്ഞതെന്നും അത് ഹൃദയം തകര്‍ത്തുവെന്നും തുറന്നു പറഞ്ഞ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മ.
ക്രിക് ട്രാക്കറിന് നല്കിയ അഭിമുഖത്തിലാണ് ജിതേഷ് മനസുതുറന്നത്. ടീം പ്രഖ്യാപിക്കുന്നതുവരെ ലോകകപ്പ് ടീമില്‍ നിന്ന് തന്നെ ഒഴിവാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജിതേഷ് പറഞ്ഞു. പിന്നീട് ചീഫ് സെലക്ടറും പരിശീലകനും നല്കിയ വിശദീകരണങ്ങള്‍ ന്യായമായതായി തോന്നിയെന്നും, അവരോടു നടത്തിയ സംഭാഷണത്തിന് ശേഷം തീരുമാനത്തോട് പൊരുത്തപ്പെടാനായെന്നും ജിതേഷ് വ്യക്തമാക്കി.
എന്നിരുന്നാലും, പുറത്താക്കിയ തീരുമാനം മാനസികമായി ഏറെ വേദനിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ടി20 ലോകകപ്പില്‍ കളിക്കാനായി ഞാന്‍ അതീവ കഠിനമായി പരിശ്രമിക്കുകയും വലിയ ആഗ്രഹം പുലര്‍ത്തുകയും ചെയ്തിരുന്നു. പക്ഷേ വിധി മറ്റൊന്നായിരുന്നു. ഇപ്പോള്‍ എന്റെ മനസ് ശൂന്യമാണ്,’ ജിതേഷ് പറഞ്ഞു.
കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചതും ആര്‍സിബി മെന്റര്‍ ദിനേശ് കാര്‍ത്തിക്കുമായി നടത്തിയ സംഭാഷണവും കുറച്ചെങ്കിലും ആശ്വാസം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പ് ടീം പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ പോലും ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മയായിരുന്നു.
ടീമിലെ ബാറ്റിംഗ് ക്രമമാറ്റങ്ങളും സെലക്ഷന് തീരുമാനങ്ങളും ജിതേഷിന്റെ അവസരങ്ങളെ ബാധിച്ചു. ഓപ്പണറായി മൂന്ന് സെഞ്ചുറികള്‍ നേടിയ സഞ്ജു സാംസനെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ ഓപ്പണറാക്കിയതോടെയാണ് ജിതേഷ് മധ്യനിരയില്‍ അവസരം നേടിയത്. പിന്നീട് ഫിനിഷറെന്ന നിലയില്‍ ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പര മുതല്‍ ജിതേഷ് പ്ലേയിംഗ് ഇലവനില്‍ ഇടം പിടിക്കുകയും സഞ്ജു പുറത്താവുകയും ചെയ്തു.
എന്നാല്‍ ലോകകപ്പ് ടീമില്‍ നിന്ന് ഗില്ലിനെ ഒഴിവാക്കിയതോടെ സഞ്ജു വീണ്ടും ഓപ്പണറായതോടെ ജിതേഷ് ശര്‍മ്മയുടെ അവസരം അവസാനിച്ചു. രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാന് കിഷനെയാണ് സെലക്ടര്‍മാര്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
News
വിദ്യാര്‍ത്ഥിയെ മദ്യം നല്കി പീഡിപ്പിച്ച സംഭവം; വിവരം മറച്ചുവെച്ചതില്‍ സ്കൂള്‍ പ്രധാന അധ്യാപിക സസ്പെന്‍ഡില്‍
പീഡന വിവരം അറിഞ്ഞിട്ടും പൊലീസില്‍ അറിയിക്കാത്തതില്‍ സ്കൂളിലെ മറ്റ് അധ്യാപകരെയും കേസില്‍ പ്രതിചേര്‍ക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.
മലമ്പുഴ: മദ്യം നല്കി അധ്യാപകന് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്കൂള്‍ പ്രധാന അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. പീഡനവിവരം അറിഞ്ഞിട്ടും പൊലീസിനെ അറിയിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്കൂള്‍ മാനേജറെ അയോഗ്യനാക്കാനും തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
പീഡന വിവരം അറിഞ്ഞിട്ടും പൊലീസില്‍ അറിയിക്കാത്തതില്‍ സ്കൂളിലെ മറ്റ് അധ്യാപകരെയും കേസില്‍ പ്രതിചേര്‍ക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. സംഭവത്തില്‍ പ്രതിയായ സംസ്കൃത അധ്യാപകന് അനില്‍ നിലവില്‍ റിമാന്‍ഡിലാണ്. ഇയാള്‍ പലപ്പോഴായി വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചുവെന്ന് കുട്ടികള്‍ വനിതാ പൊലീസ് സംഘത്തിന് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്.
ആറുവര്‍ഷം മുന്‍പാണ് പ്രതി സ്കൂളിലെത്തിയതെന്നും, അന്ന് മുതലുള്ള പശ്ചാത്തലം മലമ്പുഴ പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. അധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയതോടെ അന്വേഷണം വ്യാപിപ്പിച്ചു.
നേരത്തെ അഞ്ച് കുട്ടികള്‍ സിഡബ്ല്യുസിക്ക് മുമ്പാകെ സമാന മൊഴികള്‍ നല്‍കിയിരുന്നു. പുതുതായി മൊഴി നല്കിയ വിദ്യാര്‍ത്ഥികളെ സിഡബ്ല്യുസിയുടെ കൗണ്‍സിലിംഗിന് വിധേയമാക്കിയ ശേഷം കേസ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. സംഭവത്തില്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് സിഡബ്ല്യുസി അറിയിച്ചു.
-
Film16 hours agoമോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
-
kerala16 hours agoവീണവാദനത്തിൽ ശ്രദ്ധേയമായി ദേവ്ന; ‘കനുകൊണ്ടിനി ശ്രീ രാമുനി’ കൃതി വേദിയിൽ അവതരിപ്പിച്ചു
-
kerala15 hours agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം; മലപ്പുറം ജില്ലയിൽ നിന്നും പതിനായിരം വിദ്യാർത്ഥികൾ പങ്കെടുക്കും
-
kerala15 hours agoകാലിക്കറ്റ് യൂണിവേഴ്സിറ്റി സി-സോൺ കലോത്സവം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
-
india2 days agoചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ആര്.എസ്.എസ് ആസ്ഥാനവും സന്ദര്‍ശിച്ചു
-
News15 hours agoഫോർഡ് ട്രക്ക് പ്ലാന്റ് സന്ദർശനത്തിനിടെ പ്രതിഷേധക്കാരന് നേരെ അശ്ലീല ആംഗ്യം കാണിച്ച് ട്രംപ്; സംഭവം വിവാദമായി
-
kerala14 hours agoനാലാം വർഷവും ഗസലിലും മാപ്പിളപ്പാട്ടിലും ഹെമിൻ സിഷയ്ക്ക് വിജയത്തുടർച്ച
-
News14 hours agoരണ്ടാം ഏകദിനത്തിൽ ഇന്ത്യയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ന്യൂസിലൻഡ്; പരമ്പര സമനിലയിൽ
