ജയലളിതയുടെ മരണത്തില്‍ അനുശോചനമറിയിച്ച് പ്രമുഖര്‍ രംഗത്ത്. നടന്‍ മമ്മുട്ടിയും മഞ്ജുവാര്യരും ഉള്‍പ്പെടെയുള്ളവര്‍ ജയലളിതക്ക് അനുശോചനമറിയിച്ചു. രാജ്യത്തിന് നഷ്ടമായത് ഉരുക്കുവനിതയെയാണെന്ന് മമ്മൂട്ടി പറഞ്ഞു. അമ്മയാകാന്‍ സ്ത്രീ പ്രസവിക്കണമെന്നില്ല എന്നതിനുളള ഏറ്റവും വലിയ തെളിവാണ് ജയലളിതയെന്നും മമ്മുട്ടി പറഞ്ഞു.

സ്ത്രീ സമൂഹത്തിന്റെ നഷ്ടമാണിത്. ഈ തീരാദു:ഖത്തില്‍ താനും പങ്കുചേരുന്നു. അവര്‍ക്ക് നിത്യശാന്തിനേരുന്നുവെന്നും മമ്മുട്ടി പറഞ്ഞു. ജയലളിതയെ അനുസ്മരിച്ച് മഞ്ജുവാര്യരും രംഗത്തെത്തി. ഒരു സ്ത്രീക്ക് തനിച്ച് എത്രദൂരം സഞ്ചരിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയായിരുന്നു ജയലളിതയെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു.

മരണം ലജ്ജിച്ചാകും ജയലളിതയുടെ കിടക്കയ്ക്ക് അരികില്‍ നിന്ന് മടങ്ങുന്നത്. എന്തുമാത്രം പ്രയത്‌നം വേണ്ടിവന്നു ഒന്നു കീഴടക്കാന്‍! അവസാനനിമിഷംവരെയും ജയലളിതയായിരിക്കുക എന്നതിലൂടെ അവര്‍ മൃത്യുവിനെയും ജയിക്കുകയാണ്. പക്ഷേ ലളിതമായിരുന്നില്ല, ജയലളിതയുടെ ജയങ്ങള്‍. മഞ്ജുവാര്യര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.