കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷം എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ മുന്നണി പ്രവേശം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ഭിന്നത. എല്‍ഡിഎഫിലേക്കില്ലെന്ന് പ്രഖ്യാപിച്ച് മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായി ജോസഫ് എം പുതുശ്ശേരിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം രംഗത്തെത്തി. കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി അംഗം കൂടിയാണ് ജോസഫ് എം പുതുശ്ശേരി.

എല്‍ഡിഎഫിലേക്ക് പോവുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് ജോസഫ് എം പുതുശ്ശേരി പറഞ്ഞു. ഇത്രയും കാലം ഉയര്‍ത്തിപ്പിടിച്ച ഒരു പൊതുനിലപാടുണ്ട്. അത് പെട്ടന്നൊരു ദിവസം തള്ളിപ്പറയാന്‍ സാധിക്കില്ലെന്നും ജോസഫ് എം പുതുശ്ശേരി പറഞ്ഞു. എല്‍ഡിഎഫിലേക്ക് പോവുന്നില്ല എന്ന നിലപാട് മാത്രമാണ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. ഭാവി തീരുമാനങ്ങള്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

1991, 2001, 2006 വര്‍ഷങ്ങളില്‍ പഴയ കല്ലുപ്പാറ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു പുതുശ്ശേരി. മണ്ഡലം ഇല്ലാതായതിനെ തുടര്‍ന്ന് 2011ല്‍ സീറ്റ് ലഭിച്ചില്ല. 2016ല്‍ തിരുവല്ലയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.