ന്യൂഡല്‍ഹി: എട്ടാം ക്ലാസ്സിലെ എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തില്‍ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പരാമര്‍ശിച്ചതില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി. വിഷയത്തില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കേസെടുത്തു. ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരാളെയും അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ജുഡീഷ്യറിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. വസ്തുതകള്‍ ഇല്ലാതെ ഇത്തരം ഗൗരവതരമായ ആരോപണങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയത് ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജുഡീഷ്യറിക്കെതിരെ സമൂഹ മാധ്യമത്തിലും മറ്റും നടക്കുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണോ ഇതെന്നും കോടതി ചോദിച്ചു.
പാഠപുസ്തകങ്ങളെ ആധികാരികമായി കാണുന്ന കുട്ടികളില്‍, കോടതികള്‍ അഴിമതി നിറഞ്ഞതാണെന്ന ധാരണ വളര്‍ത്തുമെന്നും ഇത് നിയമവ്യവസ്ഥയിലുള്ള അവരുടെ വിശ്വാസം തകര്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രീയം, ബിസിനസ്സ് തുടങ്ങിയ മറ്റ് മേഖലകളിലെ അഴിമതി പരാമര്‍ശിക്കാതെ ജുഡീഷ്യറിയെ മാത്രം ലക്ഷ്യം വെക്കുന്നത് ശരിയല്ലെന്നും മുതിര്‍ന്ന അഭിഭാഷകര്‍ വാദിച്ചു.
എട്ടാം ക്ലാസ്സിലെ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ ‘നമ്മുടെ സമൂഹത്തില്‍ നീതിന്യായ വ്യവസ്ഥയുടെ പങ്ക്’ എന്ന പാഠഭാഗത്താണ് വിവാദ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അഴിമതിക്ക് പുറമെ, കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും പുസ്തകത്തില്‍ നല്‍കിയിട്ടുണ്ട്.