Film

മമ്മുട്ടിയുടെ പ്രതിനായക വേഷം; കളങ്കാവല്‍ ഒടിടിയിലേക്ക്, സ്ട്രീമിംഗ് പ്രഖ്യാപിച്ചു

By webdesk17

December 29, 2025

മമ്മുട്ടി പ്രതിനായകനായി ബോക്‌സ് ഓഫിസ് വിജയവും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ ചിത്രം കളങ്കാവല്‍ ഒടിടിയിലേക്ക്. മമ്മൂട്ടി ഒരിക്കല്‍ക്കൂടി ഒരു നവാഗത സംവിധായകനൊപ്പം എത്തിയ ചിത്രത്തില്‍ വിനായകനായിരുന്നു നായകന്‍. മമ്മൂട്ടി ഒരു സീരിയല്‍ കില്ലറായി എത്തിയിരിക്കുന്ന ചിത്രത്തില്‍ വിനായകന്‍ ഒരു സ്‌പെഷല്‍ ബ്രാഞ്ച് പൊലീസുകാരനാണ്. ഇരുവരും തമ്മിലുള്ള, പ്രകടനത്തിലെ കൊടുക്കല്‍വാങ്ങലുകളായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്.

ഡിസംബര്‍ 5 നായിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. ആദ്യ ഷോകള്‍ക്കിപ്പുറം പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ ചിത്രം ബോക്‌സ് ഓഫീസിലും കുതിച്ചു. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കും എത്തുകയാണ്. തിയറ്ററുകളിലെത്തി 25-ാം ദിനത്തിലാണ് ചിത്രത്തിന്റെ ഒഫിഷ്യല്‍ ഒടിടി പ്രഖ്യാപനം വരുന്നത്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്.

ജനുവരി മാസത്തില്‍ എത്തും എന്നതല്ലാതെ തീയതി അറിയിച്ചിട്ടില്ല. അത് വൈകാതെ പ്രഖ്യാപിക്കും. ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള കളക്ഷന്‍ നിര്‍മ്മാതാക്കള്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മറുഭാഷാ പ്രേക്ഷകരിലേക്ക് കൂടുതല്‍ റീച്ചിന് ഒടിടി റിലീസ് ചിത്രത്തെ സഹായിക്കും. മലയാളത്തിന് പിന്നാലെ ചിത്രത്തിന്റെ ഹിന്ദി ടീസറും സോണി ലിവ് പുറത്തുവിട്ടിട്ടുണ്ട്.

‘കുറുപ്പി’ന്റെ കഥ ഒരുക്കിയ ജിതിന്‍ കെ ജോസിന്റെ സംവിധായകനായുള്ള അരങ്ങേറ്റമാണ് കളങ്കാവല്‍. ജിതിന്‍ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വേഫെറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം മുജീബ് മജീദിന്റെ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഫൈസല്‍ അലിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.