അക്കൗണ്ട് പൂട്ടുമെന്ന് പറഞ്ഞ ട്വിറ്ററിനെതിരെ ഭീഷണിയുമായി കങ്കണ റണാവത്ത്. ടിക് ടോക്കിനെ വിലക്കിയതു പോലെ ട്വിറ്ററിനേയും വിലക്കുമെന്നാണ് താരം കുറിച്ചത്. നിയമലംഘനങ്ങളൊന്നും നടത്താത്ത തന്റെ അക്കൗണ്ട് പൂട്ടുമെന്ന് ട്വിറ്റര്‍ ഭീഷണിപ്പെടുത്തുകയാണെന്നും അവര്‍ ചൈനയുടെ കളിപ്പാട്ടമാണെന്നും താരം ട്വിറ്ററില്‍ കുറിച്ചു.

‘നിയമലംഘനവും നടത്താത്തെ എന്റെ അക്കൗണ്ട് പൂട്ടിക്കുമെന്ന് ട്വിറ്റര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നു. എന്നെങ്കിലും ഒരിക്കല്‍ ഞാന്‍ ഇവിടെ നിന്നുപോകുകയാണെങ്കില്‍ അന്ന് നിന്നെയും കൊണ്ടേ ഞാന്‍ പോകൂ. ചൈനീട് ടിക് ടോക് ബാന്‍ ചെയ്ത പോലെ നിന്നെയും വിലക്കും.’- കങ്കണ കുറിച്ചു. ട്വിറ്റര്‍ സിഇഓ ജാക്ക് ഡോര്‍സിയെ ടാഗ് ചെയ്തായിരുന്നു കങ്കണയുടെ ട്വീറ്റ്.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട ചില ട്വീറ്റുകള്‍ കങ്കണയുടെ പേജില്‍ നിന്ന് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. വിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട ട്വിറ്ററിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്നു കാട്ടിയാണ് നടപടിയെന്നായിരുന്നു ട്വിറ്ററിന്റെ വിശദീകരണം. ക്രിക്കറ്റ് താരം രോഹിത് ശര്‍മ ബോളീവുഡ് താരം തപ്‌സി പാന്നു എന്നിവര്‍ക്കെതിരെയുളള ട്വീറ്റുകളാണ് നീക്കം ചെയ്തത്.

റിഹാനയുടെ പോസ്റ്റിന് പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ വിഷയം ചര്‍ച്ചയാവുകയാണ്. എന്നാല്‍ പിന്തുണക്കുന്നവര്‍ക്കെതിരെ മോശം ഭാഷയിലാണ് കങ്കണയുടെ പ്രതികരണം. റിഹാനയെ വിഡ്ഢി എന്നാണ് വിളിച്ചത്. പ്രതിഷേധിക്കുന്ന കര്‍ഷകരെ തീവ്രവാദികളെന്ന് അഭിസംബോധന ചെയ്തതും അവര്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും കങ്കണ പറഞ്ഞതും വിവാദമായിരുന്നു. നേരത്തെ താണ്ഡവ് വെബ് സീരിസുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചരണം നടത്തിയതിന് കങ്കണയുടെ അക്കൗണ്ടിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.