ബാഴ്‌സലോണ: സ്‌പെയിനില്‍നിന്ന് വേറിട്ടുപോകുന്നതു സംബന്ധിച്ച ഹിതപരിശോധന ചോരയില്‍ മുക്കി അടിച്ചമര്‍ത്താന്‍ സ്പാനിഷ് അധികാരികളുടെ ശ്രമം. സ്പാനിഷ് ഭരണഘടനാ കോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഹിതപരിശോധനയില്‍ പങ്കെടുത്ത് വോട്ടു ചെയ്യാനെത്തിയവരെ പൊലീസ് തടഞ്ഞത് ഏറ്റുമുട്ടലില്‍ കലാശിച്ചു. ഏറ്റുമുട്ടലില്‍ പൊലീസുകാരുള്‍പ്പടെ 350ലേറെ പേര്‍ക്ക് പരിക്കേറ്റു.

വോട്ടര്‍മാരെ തള്ളിമാറ്റിയും പോളിങ് സ്‌റ്റേഷനുകളിലേക്കുള്ള വഴികള്‍ തടഞ്ഞും ഹിതപരിശോധന തടയാന്‍ പൊലീസ് ശ്രമിച്ചു. പോളിങ് സ്‌റ്റേഷനുകളില്‍ ഇരച്ചുകയറിയ പൊലീസ് ബാലറ്റ് ബോക്‌സുകള്‍ പിടിച്ചെടുത്തു.
കാറ്റലോനിയയുടെ വിവിധ നഗരങ്ങളില്‍ വോട്ടര്‍മാരും പൊലീസും ഏറ്റുമുട്ടി. കാറ്റലോനിയയുടെ തലസ്ഥാനമായ ബാഴ്‌സലോണയില്‍ ഹിതപരിശോധനയെ അനുകൂലിച്ച് റാലി നടത്തിയവരെ ലാത്തിവീശിയും റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ചും തുരത്തി. ദിവസങ്ങള്‍ക്കു മുമ്പു തന്നെ ഹിതപരിശോധനയെ അടിച്ചമര്‍ത്തുന്നതിന് കാറ്റലോനിയയിലേക്ക് സ്പാനിഷ് ഭരണകൂടം വന്‍ പൊലീസ് സേനയെ അയച്ചിരുന്നു. വോട്ടര്‍മാരെ ആക്രമിച്ച പൊലീസ് നടപടിയെ കാറ്റലോനിയന്‍ നേതാവ് കാര്‍ലെസ് പ്യുഗ്‌ഡെമോണ്ട് അപലപിച്ചു. അക്രമങ്ങള്‍ അഴിച്ചുവിട്ട് കാറ്റലോനിയന്‍ ജനതയുടെ സ്വാതന്ത്ര്യ ദാഹത്തെ അടിച്ചമര്‍ത്താന്‍ സ്‌പെയിനിനു സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഞായറാഴ്ചത്തെ അക്രമങ്ങള്‍ക്ക് ഉത്തരവാദി പ്യുഗ്‌ഡെമോണ്ടിന്റെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളാണെന്ന് സ്പാനിഷ് ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി. കാറ്റലോനിയന്‍ നേതാക്കളെ മുഴുവന്‍ അറസ്റ്റ് ചെയ്ത് ഹിതപരിശോധന പരമാവധി തടസപ്പെടുത്താന്‍ സ്‌പെയിന്‍ ദിവസങ്ങള്‍ക്കു മുമ്പു തന്നെ ശ്രമം തുടങ്ങിയിരുന്നെങ്കിലും ജനങ്ങള്‍ വലിയ ആവേശത്തോടെയാണ് വോട്ടു ചെയ്യാനെത്തിയത്. പൊലീസ് പിടിച്ചെടുക്കുമെന്നതുകൊണ്ട് ബാലറ്റ് പേപ്പറുകള്‍ സ്വന്തമായി പ്രിന്റു ചെയ്ത് മേഖലയിലെ ഏതു സ്ഥലത്തും വോട്ടു ചെയ്യാന്‍ കാറ്റലോനിയന്‍ അധികാരികള്‍ ജനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഗിറോണയില്‍ പ്യുഗ്‌ഡെമോണ്ട് വോട്ടു രേഖപ്പെടുത്താനിരുന്ന പോളിങ് സ്‌റ്റേഷനിലേക്ക് കലാപ വിരുദ്ധ പൊലീസ് ഇരിച്ചുകയറി.
വോട്ടുചെയ്യുന്നവരെ നീക്കം ചെയ്യുന്നതിന് സ്‌പോര്‍ട്‌സ് സെന്ററിലെ പോളിങ് സ്‌റ്റേഷന്റെ ഗ്ലാസുകള്‍ പൊലീസ് തകര്‍ത്തു. പ്യുഗ്‌ഡെമോണ്ട് മറ്റൊരു പൊളിങ് സ്റ്റേഷനിലാണ് വോട്ടു ചെയ്തത്. പൊലീസ് നടപടി മുന്നില്‍ കണ്ട് വെള്ളിയാഴ്ച മുതല്‍ തന്നെ ആയിരക്കണക്കിന് ആളുകള്‍ പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലും മറ്റു കെട്ടിടങ്ങളിലും തമ്പടിച്ചിരുന്നു. പലരും കുട്ടികളോടും മാതാപിതാക്കളോടൊമൊപ്പം പൊളിങ് സ്റ്റേഷനു സമീപം തന്നെയാണ് അന്തിയുറങ്ങിയത്. ചില പ്രദേശങ്ങളില്‍ കര്‍ഷകര്‍ ട്രാക്ടറുകളുമായി വന്ന് പോളിങ് സ്‌റ്റേഷനുകള്‍ക്കു മുന്നിലും റോഡുകളിലും എത്തിയത് പ്രദേശം അടക്കുന്നതില്‍നിന്ന് അധികാരികളെ തടഞ്ഞു. പോളിങ് സ്‌റ്റേഷനുകള്‍ക്കു ചുറ്റും മനുഷ്യമതില്‍ തീര്‍ത്ത് പൊലീസ് നടപടിയെ പരാജയപ്പെടുത്തുന്ന കാഴ്ചയും ചില നഗരങ്ങളില്‍ ദൃശ്യമായിരുന്നു.