കാസര്‍കോട് പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്‍റെ സഹോദരി കൃഷ്ണപ്രി‌യ മുഖ്യമന്ത്രിക്ക് എഴുതിയ വികാരനിര്‍ഭരമായ തുറന്ന കത്ത് ചര്‍ച്ചയാവുന്നു.

ഇരട്ടക്കൊലക്കേസില്‍ പോലീസ് കൃത്യമായ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണെന്ന് ആരാഞ്ഞും കൊല്ലപ്പെട്ടവരെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ടുമാണ് കത്ത്. കൃപേഷിനൊപ്പം സുഹൃത്ത് ശരത് ലാലും കൊല്ലപ്പെട്ടിരുന്നു.

കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ട ശേഷം ഇരുവരെയും ഗുണ്ടകളും ദുർനടപ്പുകാരുമായി ചിത്രീകരിക്കുന്ന സിപിഎമ്മിന്‍റെ ക്രൂരത ഏറെ വേദനിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്ക് കൃഷ്ണപ്രിയ ഒരു തുറന്ന കത്ത് എഴുതിയത്. മരണം വരെയും ഒരു പരാതിയും കേള്‍പ്പിക്കാതിരുന്നിട്ടും   തന്‍റെ ഏട്ടന്മാർ വയലിൽ പണിക്കു പോകാതിരുന്നിട്ടും വരമ്പത്തു കൂലി കിട്ടി. കൊന്നിട്ടും പക തീരാതെ എന്തിനാണ് അവർക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നതെന്നു കത്തിൽ ചോദിക്കുന്നു.

പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക്…

ഞാൻ കൃഷ്ണപ്രിയ. കൃപേഷിന്‍റെ അനുജത്തിയാണ്. ഏട്ടൻ പോയ ശേഷം അങ്ങയ്ക്ക് എഴുതണമെന്നു നാളുകളായി വിചാരിക്കുന്നു. ഏട്ടന്‍റെയും ശരത്തേട്ടന്‍റെയും മരണ ശേഷവും അവരെ ദുർനടപ്പുകാരും ഗുണ്ടകളുമായി ചിത്രീകരിക്കുന്ന അങ്ങയുടെ പാർട്ടിക്കാരുടെ ക്രൂരത എന്നെയും കുടുംബത്തയും വല്ലാതെ വേദനിപ്പിക്കുന്നു. എന്‍റെ അറിവിൽ ഏട്ടൻ ആരെയെങ്കിലും ഉപദ്രവിച്ചതായി കേട്ടിട്ടില്ല. അങ്ങനെ എന്തെങ്കിലും ചെയ്തതിന്‍റെ പേരിൽ ഒരു പരാതിയും മരണം വരെ ഉണ്ടായിരുന്നില്ല. എന്നിട്ടും മുഖം പോലും ബാക്കി വയ്ക്കാതെ എന്‍റെ കൂടപ്പിറപ്പിനെ അരുംകൊല ചെയ്തു.

അച്ഛനും അമ്മയും ചേച്ചിയും ഏട്ടനും അടങ്ങിയതായിരുന്നു എന്‍റെ കുടുംബം. വീടും കിടപ്പാടവും ഇല്ലാതെ പട്ടിണിയും ദുരിതവും നിറഞ്ഞതായിരുന്നു ഞങ്ങളുടെ ജീവിതം. കൂലി വേല ചെയ്തു കിട്ടുന്ന അച്ഛന്‍റെ വരുമാനം മാത്രമായിരുന്നു ആശ്രയം. എന്നാലും പരിഭവവും പരാതിയും ഇല്ലാതെ ഓല മേഞ്ഞ ഒറ്റ മുറിക്കൂരയിൽ ഞങ്ങൾ സന്തോഷത്തോടെ ജീവിച്ചു. എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. ഏട്ടൻ പഠിച്ച് വലിയ ആളാകുമെന്ന്. ഇന്നല്ലെങ്കിൽ നാളെ സങ്കടങ്ങളിൽ നിന്നു കരകയറുമെന്ന്. പെരിയ പോളി ടെക്‌നിക്കിൽ ചേർന്നപ്പോൾ അവനും ഞങ്ങളും വല്ലാതെ സന്തോഷിച്ചു. അവൻ എൻജിനീയർ ആകുമെന്നും അല്ലലെല്ലാം മാറുമെന്നും ഞങ്ങൾ സ്വപ്‌നം കണ്ടു. പക്ഷേ, വിധി അനുവദിച്ചില്ല. എസ്എഫ്ഐ പ്രവർത്തകർ അവനെ നിരന്തരം ഉപദ്രവിച്ചു. ഭീഷണിയും അക്രമവും സഹിക്കാൻ വയ്യാതെ ഏട്ടൻ പഠനം പാതിവഴിയിൽ നിർത്തി. പിന്നെ അച്ഛനെ പണിയിൽ സഹായിക്കാൻ തുടങ്ങി.

എന്‍റെ അച്ഛൻ അങ്ങയുടെ പാർട്ടിക്കാരനായിരുന്നു സർ. അങ്ങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം കൈനിറയെ മധുരവുമായിട്ടാണ് അച്ഛൻ വീട്ടിലേക്ക് വന്നത്. ജീവിതത്തിൽ അച്ഛൻ ചെയ്ത വോട്ടെല്ലാം അരിവാൾ ചുറ്റിക നക്ഷത്രത്തിനായിരുന്നു. കല്ല്യോട്ട് കോൺഗ്രസുകാരുടെ നടുവിലാണ് 18 വർഷം അച്ഛൻ ജീവിച്ചത്. നാട്ടിലെ കോൺഗ്രസുകാർക്കെല്ലാം അച്ഛൻ കമ്മ്യൂണിസ്റ്റുകാരനാണെന്ന് അറിയാമായിരുന്നു. അവരാരും പാർട്ടി മാറണമെന്ന് അച്ഛനോട് പറഞ്ഞിട്ടില്ല. വോട്ട് ചെയ്യുന്നതു തടഞ്ഞിട്ടില്ല.

ഏട്ടൻ പോയ ശേഷം അങ്ങ് ഈ വഴി പോയ ദിവസം അച്ഛൻ വലിയ പ്രതീക്ഷയിലായിരുന്നു. ആശ്വസിപ്പിക്കാൻ അങ്ങു വീട്ടിലേക്ക് വരുമെന്ന്. തിരക്കു കാരണമായിരിക്കും വരാത്തതെന്ന് പറഞ്ഞ് അന്നും അച്ഛൻ കരഞ്ഞു തളർന്ന് ഉറങ്ങുകയായിരുന്നു. ഏട്ടന്‍റെ കൂട്ടുകാരനായിരുന്ന ശരത്തേട്ടൻ ഏട്ടനെ പോലെ തന്നെയായിരുന്നു എനിക്ക്. എനിക്കു മാത്രമല്ല കുട്ടികൾക്കെല്ലാം. ഇനി ഈ ജന്മം മുഴുവൻ കണ്ണീരു കുടിച്ച് ജീവിക്കാനാണ് ഞങ്ങളുടെ വിധി. ഞങ്ങൾക്ക് നഷ്ടമായത് തിരിച്ചു തരാൻ ദൈവത്തിനു പോലും സാധിക്കില്ലെന്നറിയാം. എന്നാലും ഇനിയും ഒരമ്മയുടെയും കണ്ണുനീർ ഈ മണ്ണിൽ വീഴാതിരിക്കാൻ ഒരേട്ടന്‍റെയും ചോര കൊണ്ട് ഈ മണ്ണ് ചുവക്കാതിരിക്കാൻ അങ്ങ് ആത്മാർഥമായി വിചാരിച്ചാൽ സാധിക്കുമെന്ന് ഞാൻ കരുതുന്നു. അവരെ ഇല്ലാതാക്കിയവരിൽ പലരെയും പൊലീസ് പിടിക്കാത്തത് എന്തു കൊണ്ടാണെന്ന് അറിയില്ല.

എന്‍റെ ഏട്ടന്മാർ വയലിൽ പണിക്കു പോകാതെയാണ് വരമ്പത്ത് കൂലി കിട്ടിയത്. കൊന്നിട്ടും പക തീരാതെ എന്തിനാണ് അവർക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നത്. അവർ പോയ ശേഷം ഊണും ഉറക്കവും ഇല്ലാതെ ജീവിക്കുന്ന രണ്ടു അമ്മമാരുണ്ട് ഇവിടെ. മക്കളുടെ ഓർമകളെക്കാൾ അവരെ ഇപ്പോൾ വേദനിപ്പിക്കുന്നത് നെഞ്ചിൽ കുത്തുന്ന കുപ്രചാരണങ്ങളാണ്. അവരെ ഓർത്തിട്ടെങ്കിലും ഏട്ടന്മാരുടെ ആത്മാവിനെ വേട്ടയാടരുത്. അനാഥമായ രണ്ടു കുടുംബങ്ങൾക്ക് വേണ്ടിയുള്ള അപേക്ഷയാണ്. അങ്ങയുടെ മകളെ പോലെ കരുതി ഇക്കാര്യത്തിൽ ഇടപെടുമെന്ന് കരുതട്ടെ, വിശ്വസിച്ചോട്ടെ?

എന്ന്

സ്നേഹപൂർവം,

കൃഷ്ണപ്രി‌യ