X

373 മണ്ഡലങ്ങളില്‍ ഇവിഎമ്മില്‍ ക്രമക്കേട്; തെ.കമ്മീഷന്‍ വോട്ടിങ് കണക്കുകള്‍ പൂഴ്ത്തിയെന്ന് “ദി ക്വിന്റ്”

രാജ്യത്തെ 370ല്‍ അതികം ലോകസഭാ മണ്ഡലങ്ങളില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇവിഎം എണ്ണിയപ്പോള്‍ കിട്ടിയെന്ന റിപോര്‍ട്ടുമായി ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമമായ ദി ക്വിന്റ്. ഇലക്‌ട്രോണിക് വോട്ടുയന്ത്രങ്ങള്‍ (ഇവിഎം) അട്ടിമറിച്ചെന്ന ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നതാണ് ദി ക്വിന്റിന്റെ അന്വേഷണാത്മക റിപ്പോര്‍ട്ട്.

ആദ്യ നാല് ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടുകളെക്കാള്‍ കൂടുതല്‍ എണ്ണപ്പെട്ടുവെന്നും ബാക്കിയുള്ളതില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ കുറവ് വോട്ടുകളാണ് എണ്ണപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഒന്നുമുതല്‍ നാലുഘട്ടം വരെ വോട്ടെടുപ്പ് നടന്ന ബിഹാര്‍, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളിലെ, ക്രമക്കേട് വ്യക്തമാക്കുന്ന കണക്കുകളും ക്വിന്റ് പുറത്തുവിട്ടു.

തമിഴ്നാട്ടിലെ കാഞ്ചിപുരം, ധര്‍മപുരി, ശ്രീപെരുമ്പദുര്‍, ഉത്തര്‍പ്രദേശിലെ മധുര, ബിഹാറിലെ ഔറംഗബാദ്, അരുണാചല്‍ പ്രദേശിലെ അരുണാചല്‍ വെസ്റ്റ് മണ്ഡലം എന്നിവിടങ്ങളിലെ കണക്കുകളില്‍ വന്‍ വ്യത്യാസമുണ്ട്. ഇവിടെ ആകെ വോട്ട് ചെയ്തതിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ എണ്ണപ്പെട്ടു. എന്നാല്‍ ത്രിപുര വെസ്റ്റ്, കോണ്‍ഝാര്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ കുറഞ്ഞ വോട്ടുകളാണ് എണ്ണിയതെന്നുമാണ് ദി ക്വിന്റിന്റെ കണ്ടെത്തല്‍.

വോട്ടെണ്ണല്‍ ദിനം മുതല്‍ നാല് ദിവസം ഇന്ത്യയിലെ ലോക്‌സഭാ മണ്ഡലങ്ങളുടെ റിസള്‍ട്ടുകള്‍ പരിശോധിച്ചാണ് ക്വിന്റ് ടീം ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. തെരഞ്ഞെടുപ്പ് കമീഷന്റെ തന്നെ വെബ്‌സൈറ്റ് നല്‍കിയ കണക്കുകളുമായി ഒത്തുനോക്കുമ്പോഴുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയപ്പോള്‍ കമീഷന്‍ മൗനം പാലിക്കുന്നതായും ‘ക്വിന്റ് പറയുന്നു. 27ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച വിവരങ്ങള്‍ തിരക്കി മാധ്യമസ്ഥാപനം ഇമെയില്‍ അയച്ചെങ്കിലും മറുപടി പിന്നെ തരാമെന്ന് പറഞ്ഞൊഴിയുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വോട്ട് കണക്കുകള്‍ വെച്ച് 373 മണ്ഡലങ്ങളിലെ വോട്ടുവ്യത്യാസം ശ്രദ്ധയില്‍പ്പെടുത്തിയ മണിക്കൂറുകള്‍ക്കകം കമീഷന്റെ വെബ്‌സൈറ്റില്‍നിന്ന് ഒന്നു മുതല്‍ നാല് വരെ ഘട്ടങ്ങളിലെ വോട്ടിങ് കണക്കുകള്‍ അപ്രത്യക്ഷമായതും ദൂരൂഹത ഉണര്‍ത്തുന്നുണ്ട്. എന്തുകൊണ്ടാണ് വെബ്‌സൈറ്റില്‍നിന്ന് കണക്കുകള്‍ നീക്കിയതെന്ന് ചോദിച്ചപ്പോള്‍ പ്രതികരിച്ചില്ലെന്നും ‘ക്വിന്റ് പറയുന്നു.

അതേസമയം, ഒരു മണ്ഡലത്തിലെ വോട്ടില്‍ മാത്രമാണ് വ്യക്തതയുള്ളതെന്നും ബാക്കിയുള്ളവയിലെ പോള്‍ ചെയ്ത വോട്ട് വിവരങ്ങള്‍ സമ്പൂര്‍ണമല്ലെന്നും അത് പിന്നീട് പുതുക്കുമെന്നുമുള്ള വിവരംവച്ച് ക്വിന്റിന് പിന്നീട് ഇ-മെയില്‍ ലഭിച്ചു. എന്നാല്‍ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം പൂര്‍ണമായി ലഭിക്കാത്തതു കൊണ്ടാകാം എണ്ണിയ വോട്ടുകളുടെ എണ്ണം കൂടിയതെന്ന് അനുമാനിക്കാമെങ്കിലും നിരവധി മണ്ഡലങ്ങളിലെ പോള്‍ ചെയ്ത വോട്ടുകള്‍ എണ്ണിയ വോട്ടുകളേക്കാള്‍ കൂടുതലാണെന്നത് ദുരൂഹമാണ്. ഈ മണ്ഡലങ്ങളല്‍ വിജയിയെ പ്രഖ്യാപിക്കാന്‍ എങ്ങനെ കഴിയുന്നതെന്ന് സംശയവും ഉയരുന്നുണ്ട്. കൃത്യമായ കണക്കുകള്‍ നല്‍കാതെ ഏകദേശ കണക്കുകള്‍ നല്‍കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഉരുണ്ടുകളിക്കുന്നതെന്നും ക്വിന്റ് വ്യക്തമാക്കുന്നു.

വാട്ടുവ്യത്യാസം വ്യക്തമാക്കുന്ന കണക്കുകള്‍ കമീഷന്റെ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് വീണ്ടും കമീഷന് ഇ-മെയില്‍ അയച്ചുവെന്നും മറുപടിക്ക് കാത്തിരിപ്പ് തുടരുകയാണെന്നും ക്വിന്റ് വ്യക്തമാക്കി. വിഷയത്തിലെ ഗൗരവം വ്യക്തമാക്കാന്‍ കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചക്ക് നിരവധി തവണ ശ്രമിച്ചിട്ടും തയാറായില്ലെന്നും ‘ക്വിന്റ് ചൂണ്ടിക്കാട്ടി.

അതേസമയം ക്വിന്റിന്റെ റിപ്പോര്‍ട്ടിനെ പ്രതിപാദിച്ച് ഇവിഎമ്മുകളില്‍ ആരോപിക്കപ്പെടുന്ന ക്രമക്കേടുകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സര്‍ക്കാരുകളെ വിലയിരുത്താന്‍ ജനങ്ങള്‍ക്ക് കിട്ടുന്ന അവസരമാണ് തിരഞ്ഞെടുപ്പ്. അതുകൊണ്ട് ജനങ്ങള്‍ക്ക് സംവിധാനത്തെ വിശ്വാസത്തിലെടുക്കാന്‍ കഴിയണം. പോള്‍ ചെയ്ത വോട്ടുകളിലും ഇവിഎമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകളിലും തുടര്‍ച്ചയായി ക്രമക്കേടുണ്ടാവുന്നുണ്ട്. ഈ വൈരുദ്ധ്യം എങ്ങനെ വരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

chandrika: