മാഡ്രിഡ്: റയല്‍ മാഡ്രിഡ് വിടാനാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് ആഗ്രഹമെങ്കില്‍ മാനേജ്‌മെന്റ് അതിനു വിലങ്ങു നിര്‍ക്കരുതെന്ന് മുന്‍ ബാര്‍സലോണ – റയല്‍ മാഡ്രിഡ് താരം ലൂയിസ് ഫിഗോ. ഒരു ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ഒരു കളിക്കാരനും ഒഴിച്ചുകൂടാന്‍ പറ്റാത്തതാവരുതെന്നും ക്രിസ്റ്റ്യാനോയെ പോകാന്‍ അനുവദിക്കുകയാണ് നല്ലതെന്നും പോര്‍ച്ചുഗീസ് വെറ്ററന്‍ താരം അഭിപ്രായപ്പെട്ടു. 14.7 ദശലക്ഷം നികുതി വെട്ടിച്ചു എന്ന സ്പാനിഷ് അധികൃതരുടെ ആരോപണത്തെ തുടര്‍ന്ന് റയല്‍ മാഡ്രിഡില്‍ നിന്ന് മാറി സ്‌പെയിന്‍ വിട്ട് മറ്റ് രാജ്യങ്ങളില്‍ ചേക്കേറാന്‍ ക്രിസ്റ്റ്യാനോ ഒരുങ്ങുകയാണെന്ന് വാര്‍ത്തയുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, പി.എസ്.ജി ക്ലബ്ബുകളാണ് 32-കാരനു വേണ്ടി ശക്തമായി രംഗത്തുള്ളത്.

‘ഒഴിവാക്കാന്‍ പറ്റാത്തത്ര പ്രാധാന്യമുള്ളവര്‍ ഇല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. റൊണാള്‍ഡോ മാത്രമല്ല, ആരും അങ്ങനെയല്ല. ആരെയും പ്രത്യേകമായി ആശ്രയിക്കുന്ന രീതി ക്ലബ്ബുകള്‍ക്ക് ഉണ്ടാകരുത്. റയലിന്റെ ചരിത്രം എല്ലാവരേക്കാളും മുകളിലാണ്. പ്രസിഡണ്ടിനേക്കാളും മറ്റാരേക്കാളും മുകളില്‍…’ ഗോള്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ഫിഗോ പറഞ്ഞു.

‘ക്രിസ്റ്റ്യാനോയുടേത് വ്യക്തിപരമായ തീരുമാനമാണ്. ഒരു വ്യക്തി എന്തെങ്കിലും കാര്യം തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അയാളത് ചെയ്തിരിക്കും.’ അതേസമയം, ക്രിസ്റ്റ്യാനോ റയല്‍ വിട്ടു പോകരുതെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന്, റയലിനു വേണ്ടി 164 മത്സരങ്ങളില്‍ നിന്ന് 38 ഗോളുകള്‍ നേടിയ താരം പറഞ്ഞു.

കോണ്‍ഫെഡറേഷന്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ക്രിസ്റ്റ്യാനോ തന്റെ ക്ലബ്ബ് മാറ്റം സംബന്ധിച്ച് ഇതുവരെ മനസ്സ് തുറന്നിട്ടില്ല. ബുധനാഴ്ച റഷ്യക്കെതിരെ ഒരു ഗോളിന് ജയിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ ഇതു സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ക്രിസ്റ്റ്യാനോ ഒഴിഞ്ഞുമാറി. മത്സരത്തെ സംബന്ധിച്ച കാര്യങ്ങള്‍ മാത്രം സംസാരിച്ച ക്രിസ്റ്റ്യാനോ ചോദ്യോത്തര വേള ഒഴിവാക്കുകയായിരുന്നു.

സ്‌പെയിന്‍ വിടാന്‍ താല്‍പര്യം പ്രകടിപ്പിച്ച റൊണാള്‍ഡോയെ വിട്ടയക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടാണ് റയല്‍ മാനേജ്‌മെന്റിന്റേത്. 100 കോടി യൂറോ ‘ബയ്ഔട്ട്’ പണം നല്‍കിയാല്‍ മാത്രമേ ക്രിസ്റ്റ്യാനോയെ വിടൂ എന്ന് റയല്‍ മാഡ്രിഡ് പ്രസിഡണ്ട് ഫ്‌ളോറന്റിനോ പെരസ് ഈയിടെ വ്യക്തമാക്കിയിരുന്നു.