കൊച്ചി: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ വിമര്‍ശനവുമായി പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. ഏതെങ്കിലും ഉദ്യോഗസ്ഥരോ വ്യക്തികളോ തെറ്റായ കൂട്ടുകെട്ടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കണമെന്ന് എം.എ ബേബി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘ഏതെങ്കിലും ഉദ്യോഗസ്ഥരോ പാര്‍ട്ടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവരതിന്റെ ഭവിഷ്യത്ത് നേരിടുകതന്നെവേണം. ഇത് മുഖ്യമന്ത്രിയുടെ ഓഫീസില്‍പ്രവര്‍ത്തിച്ചവര്‍ക്കും പാര്‍ട്ടി നേതൃത്വത്തിലുള്ളവരുടെ ഉറ്റബന്ധുക്കള്‍ക്കും ബാധകമാണ്. പക്ഷേ, അതിന്റെ പേരില്‍ സിപിഎമ്മിനെ തകര്‍ത്തുകളയാം എന്ന് ആരും വ്യാമോഹിക്കണ്ട. അതിദീര്‍ഘമായ ജനാധിപത്യബന്ധമാണ് കേരളത്തിലെ ജനങ്ങളുമായി സിപിഎമ്മിനുള്ളത്. ഈ ബന്ധം ജനാധിത്യ-പുരോഗമന രാഷ്ട്രീയത്തിന്റെ ചട്ടങ്ങള്‍ക്കുള്ളിലായതിനാല്‍ തന്നെ അത് തകര്‍ത്തുകളയാന്‍ ആര്‍എസ്എസിനാവില്ല’-ബേബി വ്യക്തമാക്കി.

അതേസമയം പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎമ്മിലെ കണ്ണൂര്‍ ലോബിക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധം കൂടിയാണ് എം.എ ബേബിയുടെ എഫ്ബി പോസ്റ്റിലുള്ളത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ശിവശങ്കറിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പൂര്‍ണ അധികാരം നല്‍കിയതില്‍ ജാഗ്രതക്കുറവുണ്ടായി എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ബിനീഷ് കോടിയേരിപ്പോലുള്ള അധോലക ബന്ധമുള്ളവര്‍ പാര്‍ട്ടിയില്‍ സ്വാധീനം നേടിയതിലും നേതൃത്വത്തില്‍ പലര്‍ക്കും അതൃപ്തിയുണ്ട്. അതുകൊണ്ട് തന്നെയാണ് കേന്ദ്ര ഏജന്‍സികളെ സംശയത്തോടെ വീക്ഷിക്കുമ്പോഴും ബിനീഷിനെ ന്യായീകരിക്കാന്‍ എം.എ ബേബി തയ്യാറാവാത്തത്.