ചെന്നൈ: ഒന്ന്, രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഹോം വര്‍ക്ക് നല്‍കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഈ ക്ലാസുകളിലെ കുട്ടികളുടെ പഠനഭാരം കുറക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സി.ബി.സി.ഇ സ്‌കൂളുകളില്‍ ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലും ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കി. സ്‌കൂള്‍ ബാഗിന്റെ ഭാരം കുറക്കുന്നതിനായി രാജ്യത്ത് ‘സ്‌കൂള്‍ ബാഗ് പോളിസി’ നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സി.ബി.എസ്.ഇ സിലബസ് പിന്തുടരുന്ന സ്‌കൂളുകള്‍ അമിത പഠഭാരം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ എം.പുരുഷോത്തമന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് കൃപാകരനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുമ്പ് ഈ കേസ് പരിഗണിച്ചപ്പോള്‍ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ എന്‍.സി.ഇ.ആര്‍.ടി നിര്‍ദേശിക്കുന്ന വിഷയങ്ങള്‍ മാത്രം പഠിപ്പിച്ചാല്‍ മതിയെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

മൂന്നാം ക്ലാസുവരെ മൂന്ന് വിഷയങ്ങളേ പാടുള്ളൂവെന്ന നിര്‍ദേശമുണ്ടെങ്കിലും എട്ട് വിഷയങ്ങള്‍വരെ പഠിപ്പിക്കുന്നുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.