ബങ്കുറ: ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് കടന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ബങ്കുറയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിലൂടെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. റാലിയില്‍ ബിജെപിക്കും സിപിഎമ്മിനും എതിരെ കടുത്ത വിമര്‍ശനമാണ് മമത ബാനര്‍ജി നടത്തിയത്.

ബങ്കുറയില്‍ ഇപ്പോള്‍ സമാധാനമുണ്ട്. പക്ഷെ ഇപ്പോള്‍ സിപിഎം കൊലയാളികള്‍ ബിജെപി കൊലയാളികളാണ്. നിറം മാത്രമേ മാറിയിട്ടുണ്ട്. ബാക്കിയെല്ലാം അതേ പോലെ തന്നെയാണ്. മുഖം മാത്രമേ മാറിയിട്ടുള്ളൂ ഹൃദയത്തിനൊരു മാറ്റവുമില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. ബിജെപി തങ്ങളുടെ നേതാക്കളെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ്. മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളെയും വാങ്ങാന്‍ ശ്രമിക്കുന്നുണ്ടെന്നും മമത ബാനര്‍ജി ആരോപിച്ചു.

അവരുടെ കയ്യില്‍ ആയിരക്കണക്കിന് കോടി രൂപയുണ്ട്. നേരത്തെ അവര്‍ക്ക് മര്യാദക്ക് ഭക്ഷണം ഉണ്ടായിരുന്നില്ല. ഒരു ബീഡി മൂന്നാള് കൂടിയാണ് വലിക്കുന്നത്. ഇപ്പോള്‍ അവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രണ്ട് കോടി രൂപ തരാം പോരുന്നോ എന്നാണ് ചോദിക്കുന്നതെന്നും മമത ബാനര്‍ജി പറഞ്ഞു.