ഇടുക്കി ഡാം തുറന്നാല്‍ എന്തു സംഭവിക്കുമെന്നാണ് കേരളവും മാധ്യമങ്ങളും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഈ ചര്‍ച്ചകളില്‍ കൂടുതല്‍ വ്യക്തത നല്‍കാന്‍ മനോരമ അവതരിപ്പിച്ച ഗ്രാഫിക്‌സുകളെ ട്രോളര്‍മാര്‍ വെറുതെ വിട്ടില്ല. മനോരമ തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകളും ഗ്രാഫിക്‌സുകളും ഒരു പരിഹാസ്യ വിഷയമാക്കേണ്ടതല്ലെന്നും കഷ്ടപ്പെട്ടാണ് ഇത്തരം വാര്‍ത്തകളും ഗ്രാഫിക്‌സുകളും തയ്യാറാക്കുന്നതെന്നുമാണ് മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

അയ്യപ്പദാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

 

ഇടുക്കി ഡാം തുറക്കേണ്ടി വന്നാല്‍ മനോരമ കാണിച്ച റൂട്ട് മാപ്പ് പ്രകാരം പുറത്തോട്ട് ഒഴുകുന്ന മീനുകളാണ് ട്രോള്‍ നിറയെ. നിഷ്‌കളങ്കമായ ചിരിക്കുള്ള ചാകര തന്നെ ഉണ്ട്. പക്ഷെ ഇതിനിടയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന സത്യവിരുദ്ധവും അപഹാസ്യവും ആയ മറ്റൊന്നിനെക്കുറിച്ചാണ് ഈ കുറിപ്പ്.

ഡാമിന്റെ ഷട്ടറുയര്‍ത്തിയാല്‍ വലിയ ദുരന്തമുണ്ടാകുമെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു, ഗ്രഹണി പിടിച്ചവര്‍ക്ക് ചക്കക്കുട്ടാന്‍ കിട്ടിയപേലെ മാധ്യമങ്ങള്‍ എന്നാണ് പ്രചരിപ്പിക്കപ്പെടുന്ന സന്ദേശങ്ങളിലെ ഒരു വാചകം. അതുകൊണ്ട് ടി.വി. വാര്‍ത്ത കാണാതിരിക്കുക എന്നാണ് അത്യന്തം പുച്ഛം നിറഞ്ഞ ഭാഷയിലെ ആഹ്വാനം.

എന്താണ് സത്യം .
1. ഒരു അസത്യവും പ്രചരിപ്പിക്കപ്പെട്ടിട്ടില്ല ഞങ്ങള്‍ അടക്കം ഉത്തരവാദപ്പെട്ട മാധ്യമങ്ങളില്‍. ഡാം തുറന്നാല്‍ ദുരന്തമെന്നോ ആള്‍നാശമെന്നോ കഴിഞ്ഞ ഒരാഴ്ചയിലേറെ നീണ്ട കവറേജില്‍ ഒരിടത്തു പോലുമില്ല. അസത്യ പ്രചാരകരെ വെല്ലുവിളിക്കുന്നു അല്ലെന്ന് തെളിയിക്കാന്‍.

2. പക്ഷെ സാഹചര്യം പ്രധാനം തന്നെയാണ്. സമീപകാലത്തൊന്നും എനിക്കോ നിങ്ങള്‍ക്കോ എന്നല്ല ഈ കേരളത്തിന് ചിന്തിക്കേണ്ടി വന്നിട്ടില്ല ഇടുക്കി ഡാം തുറന്നാല്‍ എന്ത് എന്ന്. മുമ്പ് തുറക്കന്ന സാഹചര്യവും അല്ല. വെള്ളം ഒഴുകേണ്ട വഴിയൊക്കെ ഒന്നു തന്നെയാണ്. പക്ഷെ അവിടങ്ങളിലൊക്കെ പണ്ടത്തേക്കാള്‍ ആള്‍പ്പാര്‍പ്പുണ്ട്. കൃഷിയുണ്ട്.( കയ്യേറ്റവും ഉണ്ട് ) അപ്പോള്‍ കൃത്യമായ വിവരം കൈമാറണം. തുറന്നാല്‍ എത്ര വെള്ളം എവിടെയൊക്കെ എത്താം, എന്തൊക്കെ കരുതല്‍ വേണം എന്നിങ്ങനെ. എല്ലാവരും വായിച്ചു രസിക്കുന്ന ട്രോളുണ്ടല്ലോ. മനോരമ ന്യൂസ് ടീം തയാറാക്കിയ റൂട്ട് മാപ്പ്. കൃത്യമായ വിവരക്കൈമാറ്റമല്ലാതെ മറ്റെന്താണത്?

3. മേല്‍ പറഞ്ഞ സാഹചര്യത്തെ കൈകാര്യം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചവരാണ് ഞങ്ങളുടെ വൈശാഖും റെയ്‌സണും ജോജിയും അടക്കം നിരവധിയായ റിപ്പോര്‍ട്ടര്‍മാര്‍. അവരടക്കം തന്ന വിവരങ്ങള്‍ നല്‍കിയ കംഫര്‍ട്ട് സോണിലിരുന്നിട്ടാണ്, കുഴപ്പമൊന്നും വരില്ല എന്ന അറിവ് തന്ന കോണ്‍ഫിഡന്‍സില്‍ നിന്നാണ് പലരുടെയും ഈ പുച്ഛവും അവജ്ഞയും കലര്‍ന്ന മാധ്യമ വിരുദ്ധത. ഒറ്റച്ചോദ്യം. നിറയുന്ന ഡാം കാണാന്‍ വരുന്നവര്‍ സെല്‍ഫിയടക്കം എടുക്കുമ്പോള്‍ സൂക്ഷിക്കണം എന്ന് ഇവരൊക്കെ ആവര്‍ത്തിച്ച് പറഞ്ഞത് ഇക്കൂട്ടരാരും കേട്ടിട്ടില്ലേ.

എന്തോ മഹത്തര കാര്യം എന്ന മട്ടിലാണ് ഈ എഴുത്തെന്ന് തോന്നിയാലും ഒന്നുമില്ല. കൃത്യമായി ഉറങ്ങാതെ മറ്റ് കംഫര്‍ട്ടുകള്‍ ഇല്ലാതെ മഴയത്ത് നിന്ന് പണിയെടുക്കുന്ന എന്റെ കൂട്ടുകാര്‍ക്കും സഹോദരങ്ങള്‍ക്കും വേണ്ടിയാണ്. അവര്‍ ചെയ്യുന്നത് അവരുടെ ജോലിയാണ്. അത് കണ്ടില്ലെന്ന് നടിക്കാം. അവഹേളിക്കുന്നതും അത് പ്രചരിപ്പിക്കുന്നും മനുഷ്യത്വമില്ലായ്മയാണ്.