മാരുതി സുസുക്കി ഇന്ത്യ പ്രതിമാസ വാടക വ്യവസ്ഥയില്‍ കാറുകള്‍ ലഭ്യമാക്കുന്ന കാര്‍ ലീസിങ് പദ്ധതി കൊച്ചിയിലും ആരംഭിച്ചു. ‘മാരുതി സുസുക്കി സബ്‌സ്‌ക്രൈബ്’ എന്ന ഈ പദ്ധതിയില്‍ 12, 24, 36, 48 മാസ കാലാവധിയില്‍ കാറുകള്‍ ലഭ്യമാകും.

വര്‍ഷത്തില്‍ 10,000, 15,000, 20,000, 25,000 കിലോമീറ്റര്‍ എന്നിങ്ങനെ മൈലേജ് ഓപ്ഷനുകളിലും സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ തിരഞ്ഞെടുക്കാവുന്നതാണ്. 48 മാസ കാലയളവില്‍ വാഗണ്‍ ആറിന് 12,513 രൂപ മുതലും ഇഗ്‌നിസിന് 13,324 രൂപ മുതലുമാണ് പ്രതിമാസ വരിസംഖ്യ.

ഉപയോക്താക്കള്‍ക്ക് മാരുതി സുസുകി അരീനയില്‍നിന്ന് വാഗണ്‍ ആര്‍, സ്വിഫ്റ്റ് ഡിസൈര്‍, എര്‍ട്ടിഗ, വിത്താര ബ്രീസ, നെക്‌സയില്‍നിന്ന് ഇഗ്‌നിസ്, ബലേനോ, സിയസ്, എക്‌സ്എല്‍ 6, എസ് ക്രോസ് എന്നീ മോഡല്‍ കാറുകള്‍ ലഭ്യമാകും.

എ.എല്‍.ഡി. ഓട്ടോമോട്ടീവ് ഇന്ത്യയുടെ പങ്കാളിത്തത്തോടെയാണ് മാരുതി ഈ സബ്‌സ്‌ക്രൈബ് പദ്ധതി നടപ്പിലാക്കുന്നത്.