News
സംസ്ഥാനത്ത് വന്‍ ഡ്രൈവിംഗ് ലൈസന്‍സ് തട്ടിപ്പ്; മൈസൂരുവില്‍ നിന്ന് വ്യാജ രേഖകള്‍, കേരളത്തില്‍ എംവിഡി മുദ്ര
തട്ടിപ്പുകള്‍ സ്ഥിരീകരിച്ചതായും ആഭ്യന്തര വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണെന്നും ഗതാഗത കമ്മീഷണര്‍ വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായ ഡ്രൈവിംഗ് ലൈസന്‍സ് തട്ടിപ്പ് പുറത്തായിരിക്കുകയാണ്. ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാതെയാണ് ഏജന്റുമാര്‍ മുഖേന കര്‍ണാടകയിലെ മൈസൂരുവില്‍ നിന്ന് ലൈസന്‍സ് സംഘടിപ്പിക്കുകയും പിന്നീട് കേരളത്തിലെ ലൈസന്‍സാക്കി മാറ്റുകയും ചെയ്യുന്ന സംഘങ്ങള്‍ വടക്കന്‍ കേരളത്തില്‍ സജീവമാണെന്ന് കണ്ടെത്തി.
മൈസൂരുവില്‍ നിന്നു ലഭിക്കുന്ന ലൈസന്‍സുകളില്‍ വിലാസം, ഒപ്പ്, ഫോട്ടോ എന്നിവ മാറ്റി കേരളത്തിലെ ലൈസന്‍സാക്കി നല്കാന് മോട്ടോര്‍ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായും എംവിഡി വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചതായും ഗതാഗത കമ്മീഷണര്‍ വി.എച്ച്. നാഗരാജു വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഡ്രൈവിംഗ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെ തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും ഏജന്റുമാര്‍ മുഖേന ലൈസന്‍സ് നേടുന്നവരുടെ എണ്ണം വര്‍ധിച്ചിരുന്നു. എന്നാല്‍, കര്‍ണാടകയിലേക്ക് പോകാതെയും ടെസ്റ്റില്‍ പങ്കെടുക്കാതെയും ലൈസന്‍സ് തരപ്പെടുത്തുന്ന മാഫിയ പ്രവര്‍ത്തനം ഇപ്പോള്‍ പുറത്തുവന്നത് ഗുരുതരമായ ആശങ്കയുണര്‍ത്തുകയാണ്.
അന്വേഷണത്തിന് വഴിവെച്ച രേഖകളില്‍, മലപ്പുറം സ്വദേശിയായ മുഹമ്മദ് ബഷീര്‍ എന്നയാള്‍ക്ക് 2024 ഡിസംബര്‍ 20ന് മൈസൂരു വെസ്റ്റ് ആര്‍ടിഒയില്‍ നിന്ന് ലൈസന്‍സ് ലഭിച്ചതായി കണ്ടെത്തി. 1970ല്‍ ജനിച്ചെന്ന രേഖകളുള്ള ഇയാളുടെ ലൈസന്‍സില്‍ ഒരു യുവാവിന്റെ ചിത്രമാണ് ഉപയോഗിച്ചിരുന്നത്. തുടര്‍ന്ന്, വിലാസവും ഒപ്പും മാറ്റുന്നതിനായി തിരൂരങ്ങാടി സബ് ആര്‍ടിഒ ഓഫീസില്‍ അപേക്ഷ നല്കിയ ഇയാള്‍ക്ക്, ഡിസംബര്‍ 28ന് മലപ്പുറം വിലാസത്തിലും പുതിയ ചിത്രത്തോടെയും കേരള ലൈസന്‍സ് ലഭിച്ചു. ഇയാള്‍ സമര്‍പ്പിച്ച ആധാര്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍, രണ്ട് വ്യത്യസ്ത ചിത്രങ്ങളോടെ മൈസൂരു വിലാസത്തിലും മലപ്പുറം വിലാസത്തിലും ഉള്ള ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമാനമായ നിരവധി തട്ടിപ്പുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്.
മൈസൂരു വിലാസത്തില്‍ വ്യാജ ചിത്രം ഉപയോഗിച്ച് ലൈസന്‍സ് നേടുകയും, പിന്നീട് കേരളത്തിലെ സബ് ആര്‍ടിഒ ഓഫീസുകള്‍ വഴി ഫോട്ടോ, വിലാസം, ഒപ്പ് എന്നിവ മുഴുവന്‍ മാറ്റി പുതിയ ലൈസന്‍സ് നല്‍കുകയും ചെയ്യുന്ന വലിയ സംഘപരമായ തട്ടിപ്പാണ് നടക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കേരളത്തിലും കര്‍ണാടകയിലുമുള്ള ചില ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്നുള്ള ശൃംഖലാപരമായ തട്ടിപ്പാണിത്. ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുത്തിട്ടില്ലാത്ത ഒരാളുടെ പേരില്‍ എങ്ങനെ ലൈസന്‍സ് അനുവദിച്ചു, രണ്ട് വ്യത്യസ്ത ചിത്രങ്ങള്‍ ഉണ്ടായിട്ടും എംവിഡി ഉദ്യോഗസ്ഥര്‍ എങ്ങനെ പുതിയ ലൈസന്‍സ് അനുവദിച്ചു തുടങ്ങിയ നിരവധി ഗുരുതര ചോദ്യങ്ങളാണ് ഇനി അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നിലുള്ളത്. അതേസമയം, തട്ടിപ്പുകള്‍ സ്ഥിരീകരിച്ചതായും ആഭ്യന്തര വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണെന്നും ഗതാഗത കമ്മീഷണര്‍ വ്യക്തമാക്കി.
News
‘നിശബ്ദമായൊരു പോരാട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്’; ഒന്നര മാസം ഒരു ബബിളിനുള്ളിലായിരുന്നു – ഭാവന
ഒന്നര മാസത്തോളം വീടിന് പുറത്തിറങ്ങിയില്ലെന്നും കുടുംബത്തെയും അടുത്ത സുഹൃത്തുക്കളെയും ഒഴികെ ആരെയും കണ്ടിരുന്നില്ലെന്നും ഭാവന പറയുന്നു.
കഴിഞ്ഞ ഒന്നര മാസക്കാലമായി താന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോയതെന്ന് തുറന്നു പറഞ്ഞ് നടി ഭാവന. പുതിയ സിനിമയായ അനോമിയുടെ പ്രമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് തന്റെ അവസ്ഥയെക്കുറിച്ച് ഭാവന മനസ് തുറന്നത്.
ഒന്നര മാസത്തോളം വീടിന് പുറത്തിറങ്ങിയില്ലെന്നും കുടുംബത്തെയും അടുത്ത സുഹൃത്തുക്കളെയും ഒഴികെ ആരെയും കണ്ടിരുന്നില്ലെന്നും ഭാവന പറയുന്നു. ”ഞാന്‍ ഒരു സേഫ്റ്റി ബബിളിനുള്ളിലായിരുന്നു. പുറത്ത് വരാന്‍ തയ്യാറായിരുന്നില്ല. ആളുകളെ കാണാന്‍ മനസുണ്ടായിരുന്നില്ല. കുടുംബവും അടുത്ത സുഹൃത്തുക്കളുമായിരുന്നു ആ സമയത്ത് എന്റെ ലോകം. അവര്‍ എന്നെ ജഡ്ജ് ചെയ്യില്ലെന്ന് എനിക്കറിയാമായിരുന്നു,” എന്നാണ് ഭാവനയുടെ വാക്കുകള്‍.
താന്‍ കടന്നുപോയ മാനസികാവസ്ഥയെക്കുറിച്ച് വിശദീകരിക്കുമ്പോള്‍, അത് ഒരൊറ്റ വാക്കില്‍ പറയാന്‍ കഴിയാത്ത അനുഭവമാണെന്ന് ഭാവന പറഞ്ഞു. ”പല വികാരങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. ചില ദിവസങ്ങളില്‍ ഒക്കെയായിരിക്കും, ചില ദിവസങ്ങളില്‍ ഒക്കെയാകാന്‍ ശ്രമിക്കും, ചില ദിവസങ്ങളില്‍ ഒക്കെയാകില്ല. സമ്മിശ്രവികാരങ്ങളാണ്. നിശബ്ദമായൊരു പോരാട്ടമാണ് എനിക്ക് നടത്തേണ്ടി വരുന്നത്,” ഭാവന വ്യക്തമാക്കി.
എല്ലായിപ്പോഴും സന്തോഷത്തോടെ കാണപ്പെടണം എന്നൊരു മനോഭാവം ചെറുപ്പത്തില്‍ തന്നെ സിനിമാ മേഖലയിലെത്തിയതിന്റെ ഭാഗമായി ഉള്ളില്‍ പതിഞ്ഞതാണെന്നും നടി പറയുന്നു. ”പ്രശ്നങ്ങളിലൂടെ കടന്നു പോകുമ്പോഴും ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ സന്തോഷത്തോടെ കാണപ്പെടാന്‍ ഞാന്‍ എക്സ്ട്രാ എഫേര്‍ട്ടിടും. എനിക്ക് അത് ചെയ്യാന്‍ ആഗ്രഹമില്ലെങ്കിലും സ്വാഭാവികമായി സംഭവിക്കുന്നതാണ്. എല്ലാവരും കാണുന്നുണ്ടെന്ന തോന്നല്‍ എപ്പോഴും ഉണ്ടാകും, അതിനാല്‍ ചിരിക്കുന്ന മുഖത്തോടെ നില്‍ക്കണം എന്നൊരു ചിന്ത.”
ഈ അഭിമുഖത്തിനായി തയ്യാറെടുക്കുമ്പോള്‍ പോലും സ്വയം ആത്മവിശ്വാസം പകരാന്‍ ശ്രമിച്ചിരുന്നുവെന്ന് ഭാവന തുറന്നു പറഞ്ഞു. ”ഇവിടെ എത്തിയപ്പോള്‍ എനിക്ക് പാല്‍പ്പറ്റേഷന്‍ ഉണ്ടായി, ബ്ലാങ്ക് ആയി. ചിരിക്കണോ വേണ്ടയോ എന്നുപോലും അറിയാത്ത അവസ്ഥ. പക്ഷേ എല്ലായിപ്പോഴും അങ്ങനെ തുടരാന്‍ കഴിയില്ല. ഇന്നല്ലെങ്കില്‍ നാളെ പുറത്തേക്ക് വരേണ്ടി വരുമെന്ന് എനിക്കറിയാം.”
തന്റെ പുതിയ സിനിമയിലേക്കുള്ള ഉത്തരവാദിത്വവും പ്രതീക്ഷയും തന്നെ മുന്നോട്ട് നയിക്കുന്നുവെന്നും ഭാവന പറഞ്ഞു. ”എന്റെ സിനിമ റിലീസാകാനുണ്ട്. ഈ സിനിമയില്‍ എനിക്ക് വിശ്വാസമുണ്ട്. എന്റെ ടീമിനെ കൈവിടാനാകില്ല,” ഭാവന കൂട്ടിച്ചേര്‍ത്തു.
News
ഈ ലക്ഷണങ്ങള്‍ വന്നാല്‍ ഗൂഗിളല്ല, ഡോക്ടറെയാണ് ആദ്യം കാണേണ്ടത്; സമയം വൈകിയാല്‍ ജീവന് പോലും നഷ്ടമാകാം
ചില ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഓണ്‍ലൈന്‍ സെര്‍ച്ചില്‍ സമയം കളയാതെ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.
ആരോഗ്യപ്രശ്നങ്ങള്‍ നേരിടുമ്പോള്‍ ആദ്യം ഗൂഗിളില്‍ തിരയുക എന്നത് ഇന്ന് പലരുടെയും പതിവാണ്. എന്നാല്‍ ചില ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഓണ്‍ലൈന്‍ സെര്‍ച്ചില്‍ സമയം കളയാതെ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഒരു മിനിറ്റ് പോലും നിര്‍ണായകമാകാം.
പെട്ടെന്ന് ശരീരത്തിന്റെ ഒരു വശത്ത് തളര്‍ച്ചയോ മരവിപ്പോ അനുഭവപ്പെടുക, മുഖം കോടുക, കൈകള്‍ക്ക് ബലഹീനത തോന്നുക, സംസാരത്തില്‍ അവ്യക്തത വരിക എന്നിവ പക്ഷാഘാതത്തിന്റെ (STROKE) ലക്ഷണങ്ങളാകാം. ഇത്തരമൊരു അവസ്ഥയില്‍ ഓരോ നിമിഷവും അതീവ പ്രധാനമാണ്. ഉടന്‍ ആശുപത്രിയിലെത്തണം.
കാഴ്ചയില്‍ പെട്ടെന്ന് വ്യത്യാസങ്ങള്‍ തോന്നുന്നതും അതീവ ഗൗരവത്തോടെ കാണണം. ഒരുകണ്ണിലോ രണ്ടുകണ്ണുകളിലോ കാഴ്ച മങ്ങുകയോ പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുകയോ ചെയ്താല്‍ അത് സ്ട്രോക്കിന്റെയോ റെറ്റിനല്‍ ഡിറ്റാച്ച്മെന്റിന്റെയോ സൂചനയായേക്കാം. ‘നാളെ നേത്രരോഗവിദഗ്ധനെ കാണാം’ എന്ന് കരുതി സമയം നീട്ടരുത്; ഉടന്‍ ചികിത്സ തേടണം.
ഇതുവരെ അനുഭവിക്കാത്ത തരത്തിലുള്ള അത്യന്തം കടുത്ത തലവേദനയും അവഗണിക്കരുത്. ഇത് തലച്ചോറിലെ രക്തസ്രാവം, ബ്രെയിന്‍ അന്യൂറിസം അല്ലെങ്കില്‍ തലച്ചോറിലെ വീക്കം എന്നിവയുടെ ലക്ഷണമാകാം. ഇങ്ങനെ വന്നാല്‍ അടിയന്തരമായി ആംബുലന്‍സ് സഹായം തേടേണ്ടതാണ്.
പെട്ടെന്ന് നെഞ്ചുവേദന ഉണ്ടാകുക, വേദന കൈകളിലേക്കോ താടിയെല്ലിലേക്കോ പുറം ഭാഗങ്ങളിലേക്കോ വ്യാപിക്കുക, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, അമിത വിയര്‍പ്പ്, ഛര്‍ദ്ദിയുണരല്‍ എന്നിവ ഉണ്ടെങ്കില്‍ അത് ഹൃദയാഘാതത്തിന്റെ സൂചനയായിരിക്കാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഒട്ടും കാത്തിരിക്കരുത്.
കടുത്ത വയറുവേദന മറ്റൊരു അടിയന്തര ലക്ഷണമാണ്. അപ്പെന്‍ഡിസൈറ്റിസ്, അവയവങ്ങളുടെ തകരാര്‍ തുടങ്ങിയ ഗുരുതര കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടാകാം. അതുപോലെ ചുമയ്ക്കുമ്പോള്‍ രക്തം വരികയോ രക്തം ഛര്‍ദ്ദിക്കുകയോ ചെയ്താല്‍ ഉടന്‍ വൈദ്യസഹായം തേടണം.
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അടിയന്തരാവസ്ഥകളും അതീവ ഗൗരവമുള്ളതാണ്. ആത്മഹത്യാചിന്ത ഉണ്ടാകുന്നത് ഒരു മെഡിക്കല്‍ എമര്‍ജന്‍സിയാണ്. ഓണ്‍ലൈനില്‍ പരിഹാരം തേടേണ്ട വിഷയമല്ലിത്; ഉടന്‍ വിദഗ്ധ ഇടപെടല്‍ ആവശ്യമാണ്.
ഇന്റര്‍നെറ്റ് പൊതുവായ വിവരങ്ങള്‍ നല്‍കുമെങ്കിലും ശരീരപരിശോധന നടത്താനോ ടെസ്റ്റുകള്‍ ചെയ്യാനോ കൃത്യമായ രോഗനിര്‍ണയം നടത്താനോ അതിന് കഴിയില്ല. അടിയന്തര സാഹചര്യങ്ങളില്‍ ഗൂഗിളില്‍ തിരഞ്ഞ് വിലപ്പെട്ട സമയം നഷ്ടപ്പെടുന്നത് ജീവഹാനിയിലേക്കോ സ്ഥിരമായ വൈകല്യങ്ങളിലേക്കോ നയിക്കാം.
ഒരു ലക്ഷണം പെട്ടെന്ന് ഉണ്ടാകുന്നതാണെങ്കില്‍, അസാധാരണമായതാണെങ്കില്‍, അത്യന്തം ഗുരുതരമാണെന്ന് തോന്നുന്നുവെങ്കില്‍ സംശയിക്കേണ്ട, ഉടന്‍ തന്നെ വൈദ്യസഹായം തേടുക.
News
‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ
പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഒരു ഉൾഗ്രാമത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
കണ്ണൂർ: തലശ്ശേരി സ്വദേശിയായ വനിതാ ഡോക്ടറെ ‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണി മുഴക്കി 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയിൽ. പഞ്ചാബ് ലുധിയാന സ്വദേശിയായ ജീവൻ രാമിനെയാണ് കണ്ണൂർ സിറ്റി സൈബർ പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഒരു ഉൾഗ്രാമത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ നവംബർ 30നാണ് കേസിനാസ്പദമായ സംഭവം. മുംബൈ സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്സാപ്പ് വീഡിയോ കോളിലൂടെ ബന്ധപ്പെട്ട തട്ടിപ്പുസംഘം, പരാതിക്കാരിയുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലവിലുണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. കേസിൽ നിന്ന് ഒഴിവാക്കാമെന്നും ഒത്തുതീർപ്പാക്കാമെന്നുമുള്ള വാഗ്ദാനത്തിലൂടെ ഡോക്ടറെ ഭയപ്പെടുത്തി വിവിധ അക്കൗണ്ടുകളിലായി 10,50,000 രൂപ നിക്ഷേപിപ്പിച്ചു.
തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതിയായ ജീവൻ രാം ചെക്ക് വഴി അക്കൗണ്ടിൽ നിന്നു പിൻവലിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയുടെ ലൊക്കേഷൻ തുടർച്ചയായി മാറിക്കൊണ്ടിരുന്നത് അന്വേഷണത്തെ ബുദ്ധിമുട്ടിച്ചെങ്കിലും, അഞ്ചുദിവസത്തോളം പിന്തുടർന്നാണ് പൊലീസ് പ്രതിയെ വലയിലാക്കിയത്.
കണ്ണൂർ സിറ്റി സൈബർ പൊലീസ് സ്റ്റേഷൻ എസ്ഐ പ്രജീഷ് ടി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. എസ്ഐ ജ്യോതി ഇ., സിപിഒ സുനിൽ കെ. എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
-
kerala22 hours agoശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാരിന് തിരിച്ചടി, ഹര്‍ജി തള്ളി പാലാ കോടതി
-
kerala22 hours agoവി.ഡി. സതീശനെതിരായ വിമര്‍ശനം; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു; സണ്ണി ജോസഫ്
-
News22 hours agoകരൂര്‍ ദുരന്തം; വിജയ്ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐ
-
News22 hours agoഒന്നര വയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസ്; അമ്മ ശരണ്യ കുറ്റക്കാരി, സുഹൃത്ത് നിധിനെ വെറുതെ വിട്ടു
-
local22 hours agoഅസ്ലം കോളക്കോടന്റെ പുസ്തകങ്ങളുടെ പ്രകാശനം വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
-
local22 hours agoകോട്ടക്കലില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു
-
News21 hours agoഊളംപാറയിലോ കുതിരവട്ടത്തോകൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാന്‍ ഇടയില്ലാത്ത വര്‍ഗീയ ഭ്രാന്ത്, ഈ മുതലിനെ ക്വാറന്റൈന് ചെയ്യണം-ഡോ. ജിന്റോ ജോണ്‍
-
News20 hours ago‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ
