X

ഇന്ത്യയില്‍ പന്തുതട്ടാന്‍ മെസ്സിയും നെയ്മറും വരുന്നു

ബാഴ്‌സലോണ: സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ ഫുട്‌ബോള്‍ ക്ലബ് ഇന്ത്യന്‍ മണ്ണില്‍ കളിക്കാനൊരുങ്ങുന്നു. ഹിന്ദു ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്തൊമ്യു ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്ത രണ്ടോ, മൂന്നോ വര്‍ഷത്തിനുള്ളിലാകും മെസ്സിയും നെയ്മറും സുവാരസുമെല്ലാം അടങ്ങിയ ബാഴ്‌സ ടീം ഇന്ത്യയില്‍ കളിക്കുക.
തങ്ങളുടെ ഒന്നാംനിര ടീമുമായി ഇന്ത്യയിലെത്തുക എന്നത് ബാഴ്‌സയുടെ പ്രഥമ ലക്ഷ്യങ്ങളിലൊന്നാണ്. ഉടന്‍ എത്തുക എളുപ്പമല്ല. ഈ സീസണ്‍ വളരെ വൈകിയാണ് അവസാനിക്കുക. പുതിയ സീസണ്‍ നേരത്തെ തുടങ്ങുകയും ചെയ്യും. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ബാഴ്‌സക്ക് ഇന്ത്യയില്‍ കളിക്കാന്‍ കഴിയും ബര്‍ത്തൊമ്യു പറഞ്ഞു. ഭാവിയില്‍ ഇന്ത്യയില്‍ നിന്നു താരങ്ങളെ ബാഴ്‌സയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഫുട്‌ബോള്‍ അക്കാദമികള്‍ തുടങ്ങാനും പദ്ധതിയുണ്ട്. മുംബൈയിലും, ഡല്‍ഹിയിലും സ്‌പോട്‌സ് സ്‌കൂളില്‍ തുടങ്ങാനും ബാഴ്‌സലോണ ആഗ്രഹിക്കുന്നു. ഇന്ത്യയില്‍ ക്രിക്കറ്റിനാണ് വേരോട്ടമെങ്കിലും ബാഴ്‌സേലാണയ്ക്ക് നിരവധി ആരാധകര്‍ ഇവിടെയുണ്ടെന്നും അവരെ ലക്ഷ്യം വെച്ചാണ് ബാഴ്‌സ ടീം എത്തുന്നതെന്നും ക്ലബ് പ്രസിഡന്റ് വ്യക്തമാക്കി. അതിനിടെ പോര്‍ച്ചുഗല്‍ ടീമുമായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടുത്ത വര്‍ഷം ഇന്ത്യയിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

chandrika: