വിമാനത്തിൽ വെച്ച് സുഹൃത്തുക്കളുമായി തർക്കിക്കുകയും ബഹളം വെക്കുകയും ചെയ്ത മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മൈക്കൽ സ്ലേറ്ററെ ടേക്ക് ഓഫിനു മുമ്പ് പുറത്താക്കി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലായിരുന്നു സംഭവം. സിഡ്‌നിയിൽ നിന്ന് വാഗയിലേക്ക് പുറപ്പെടാനിരുന്ന ക്വന്റാസ് വിമാനത്തിൽ രണ്ട് സുഹൃത്തുക്കളുമായി തർക്കത്തിലേർപ്പെട്ട സ്ലേറ്റർ, ഉറക്കെ ബഹളം വെക്കുകയും ടോയ്‌ലറ്റിൽ കയറി വാതിലടക്കുകയുമായിരുന്നു. സെക്യൂരിറ്റി ജീവനക്കാരെത്തി സ്ലേറ്ററെ പുറത്താക്കിയതിനു ശേഷമാണ് വിമാനം പറന്നുയർന്നത്.

തൊണ്ണൂറുകളിൽ ഓസ്‌ട്രേലിയൻ ടീമിന്റെ ഓപണറായിരുന്ന സ്ലേറ്റർ നിലവിൽ ടെലിവിഷൻ കമന്റേറ്ററാണ്. ഈ വർഷം ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പ് കമന്റേറ്റർ പാനലിലും 49-കാരനായ അദ്ദേഹമുണ്ട്. വിമാനത്തിൽ നടന്ന സംഭവങ്ങൾ സ്ഥിരീകരിച്ച സ്ലേറ്റർ, ബുദ്ധിമുട്ടുണ്ടാക്കിയതിന് യാത്രക്കാരോട് മാപ്പുപറഞ്ഞതായും വ്യക്തമാക്കി.

1993 മുതൽ 2001 വരെ ഓസീസ് ടീമിന്റെ ഭാഗമായിരുന്ന സ്ലേറ്റർ ടെസ്റ്റിൽ 14 സെഞ്ച്വറികൾ നേടിയിട്ടുണ്ട്. 90 റൺസിലെത്തിയാൽ സമ്മർദത്തിലാകുന്നതിൽ കുപ്രസിദ്ധനായ സ്ലേറ്റർ ഒൻപത് തവണ ഈ വിധം പുറത്തായിട്ടുമുണ്ട്.