അലഹബാദ്: ഉത്തര്‍പ്രദേശില്‍ ബി.എസ്.പി നേതാവ് മുഹമ്മദ് ഷാമി(60)കൊല്ലപ്പെട്ടു. ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് മണിക്കൂറുകള്‍ക്കുശേഷമാണ് മുഹമ്മദ് ഷാമിയുടെ കൊലപാതകം.

അലഹബാദിലെ മൗ ഐമയില്‍ വെച്ച് ഇന്നലെ രാത്രിയിലാണ് സംഭവം. പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്. സംഭവസ്ഥലത്തുവെച്ചുതന്നെ ഷാമി മരിച്ചു. 20വര്‍ഷത്തോളം സമാജ് വാദി പാര്‍ട്ടിയിലായിരുന്ന അദ്ദേഹം അടുത്തിടെയാണ് ബി.എസ്.പിയിലേക്ക് ചുവടുമാറിയത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിപ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്തെ ക്രമസമാധാനം ശക്തിപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിസ്ഥാനമേറ്റപ്പോള്‍ യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. എന്നാല്‍ അധികാരത്തിലേറി മണിക്കൂറുകള്‍ക്കുശഷമാണ് ബിഎസ്.പിയുടെ പ്രാദേശിക നേതാവ് കൊല്ലപ്പെടുന്നത്.