ന്യൂഡല്‍ഹി: ഒന്നാം ഭരണകാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത് സ്വേച്ഛാധിപത്യ ശൈലിയായിരുന്നു എന്ന് ആത്മകഥയില്‍ പ്രണബ് മുഖര്‍ജി. സര്‍ക്കാറുമായുള്ള നീതിപീഠത്തിന്റെയും നിയമനിര്‍മാണ സഭയുടെയും ബന്ധത്തില്‍ ഇത് ദൃശ്യമായിരുന്നു എന്നും ആത്മകഥയില്‍ പറയുന്നു. അന്തരിച്ച മുന്‍ രാഷ്ട്രപതിയുടെ ആത്മകഥയിലെ നാലാംഭാഗമാണ് പുറത്തു വരുന്നത്. 2021 ജനുവരിയില്‍ പ്രസിദ്ധീകൃതമാകും.

രണ്ടാം മോദി സര്‍ക്കാറിന്റെ കാലത്ത് ഇത്തരം വിഷയങ്ങളില്‍ മികച്ച ധാരണയുണ്ടാകുമോ എന്നത് കാലം തീരുമാനിക്കുമെന്നും പ്രണബ് എഴുതുന്നു. മോദിയുടെ കാലത്ത് രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജി അദ്ദേഹവുമായി മികച്ച വ്യക്തിബന്ധമാണ് സൂക്ഷിച്ചിരുന്നത്.

മന്‍മോഹന്‍സിങ് സര്‍ക്കാറിന്റെ കാലത്ത് കൂട്ടുകക്ഷി ഗവണ്‍മെന്റിനെ മുമ്പോട്ടു കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ഭരണത്തിന് തിരിച്ചടിയായി എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. താന്‍ പ്രസിഡണ്ടായ ശേഷം പാര്‍ട്ടി നേതൃത്വത്തിന് രാഷ്ട്രീയ ശ്രദ്ധ നഷ്ടമായി എന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.