Connect with us

main stories

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; ഈ ‘പരീക്ഷ’ണം നീറ്റല്ല

നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ സുപ്രീം കോടതി ഇടപെടല്‍ തേടി മെഡിക്കല്‍ സംഘടനയായ ഫെയ്മ സുപ്രീം കോടതിയില്‍.

Published

on

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ സുപ്രീം കോടതി ഇടപെടല്‍ തേടി മെഡിക്കല്‍ സംഘടനയായ ഫെയ്മ സുപ്രീം കോടതിയില്‍. പരീക്ഷാ നടത്തിപ്പില്‍ പരാജയപ്പെട്ട നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് പകരം കൂടുതല്‍ സുതാര്യമായ മറ്റൊരു സംവിധാനം വേണമെന്നും, കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വീണ്ടും പരീക്ഷ നടത്തണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ഇത്തവണത്തെ നീറ്റ് യു.ജി പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് ഫെയ്മയുടെ നീക്കം. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തുടര്‍ച്ചയായ ക്രമക്കേടുകള്‍ മെഡിക്കല്‍ പഠനം സ്വപ്‌നം കണ്ട ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയിലായ സാഹചര്യത്തിലാണ് ഹര്‍ജി.

2024ലെ നീറ്റ് പരീക്ഷാ ക്രമക്കേടും സുപ്രീംകോടതിയുടെ ഇടപെടലുകളും നിലനില്‍ക്കേ, പുതിയ സംഭവം വിദ്യാഭ്യാസ മന്ത്രാലയത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. വിഷയത്തില്‍ രാജ്യവ്യാപകമായി വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. അതേ സമയം ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ അന്തര്‍സംസ്ഥാന സംഘമുണ്ടെന്നാണ് കണ്ടെത്തല്‍. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട രാജസ്ഥാനിലെ ബി.ജെ.പി നേതാവ് ദിനേശ് ബിവാല്‍, സഹോദരന്‍ മംഗിലാല്‍ ബിവാല്‍ എന്നിവരെ രാജസ്ഥാന്‍ പൊലീസിന്റെ പ്രത്യേക സംഘം പിടികൂടി സി.ബി. ഐക്ക് കൈമാറി. ഇരുവരും നിലവില്‍ സി.ബി.ഐ കസ്റ്റഡിയിലാണ്. സംഭവത്തില്‍ ഇതുവരെ 15 പേരെ രാജസ്ഥാനില്‍ മാത്രം അറസ്റ്റു ചെയ്തിട്ടുണ്ട്. ചോര്‍ന്ന ചോദ്യപേപ്പര്‍ ഇരുവരും 30 ലക്ഷം രൂപക്ക് വാങ്ങിയതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. മുഖ്യ പ്രതികളിലൊരാളായ രാകേഷ് കുമാറില്‍ നിന്നും ഇരുവരും ചോദ്യപേപ്പര്‍ പണം നല്‍കി വാങ്ങിയത് കുടുംബത്തിലെ കുട്ടികള്‍ക്ക് വേണ്ടിയാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. രാജസ്ഥാന്‍ മന്ത്രി രാജ്യവര്‍ധന്‍ സിങ് രാത്തോഡിന്റെ അടുത്ത അനുയായിയാണ് അറസ്റ്റിലായ ദിനേശ് ബിവാലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതിനിടെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേരളമടക്കം 10 സംസ്ഥാനങ്ങളിലേക്ക് സി.ബി.ഐ അന്വേഷണം വ്യാപിച്ചിട്ടുണ്ട്.

ചോദ്യപേപ്പര്‍ ചോര്‍ത്തിയ ശേഷം മാത്യക ചോദ്യപേപ്പര്‍ എന്ന പേരില്‍ കേരളത്തിലേക്കും ഇത് എത്തിയെന്നാണ് കണ്ടെത്തല്‍. ചോദ്യപേപ്പര്‍ ലഭിച്ചെന്ന് രാജസ്ഥാന്‍ പൊലീസ് കണ്ടെത്തിയ 200 ഓളം വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സിബിഐക്ക് കൈമാറിയിരുന്നു. ഇതില്‍ കേരളത്തിലെ രണ്ട് ജില്ലകളില്‍ നിന്നുള്ളവരുണ്ടെന്നാണ് വിവരം. നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ചയുടെ തുടക്കം നാസിക്കില്‍ നിന്നാണെന്നാണ് പ്രാഥമിക വിവരം. നാസിക്കില്‍ പിടിയിലായ ശുഭത്തിന്റെ കൂട്ടാളി ധനഞ്ജയെ പിടികൂടാനുള്ള പരിശ്രമത്തിലാണ് അന്വേഷണ സംഘം.

നാസിക്കിലെ ഒരു പ്രസ്സിലാണ് ചോദ്യപേപ്പര്‍ അച്ചടിച്ചത്. ഈ പ്രിന്റിംഗ് പ്രസ്സില്‍ നിന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ശുഭം കര്‍നിയാര്‍ എന്ന വ്യക്തിക്കാണ് ചോദ്യപേപ്പര്‍ പൂര്‍ണ്ണരൂപത്തില്‍ കിട്ടിയത്. ഇയാളിത് ഹരിയാനയിലെ ഒരു ഡോക്ടറിന് കൊറിയര്‍ വഴി കൈമാറി. ഇയാള്‍ വഴി സിക്കറില്‍ ഈ നീക്കത്തന്റെ സൂത്രധാരന്‍ മനീഷ് യാദവിലേക്കും രാകേഷ് കുമാറിലേക്കും എത്തുന്നു. പിന്നീട് ജയ്പൂര്‍, ഡല്‍ഹി, ഡെറാഡൂണ്‍, ജമ്മുകശ്മീര്‍, ബിഹാര്‍, കേരളം, തെലങ്കാന, ആന്ധ്ര അടക്കം സ്ഥലങ്ങളിലെ സംഘാങ്ങള്‍ക്ക് കിട്ടി.

Advertisement

ആദ്യം കിട്ടിയ യഥാര്‍ത്ഥ ചോദ്യപേപ്പറിനെ ഈ സംഘം മാതൃക ചോദ്യ പേപ്പര്‍ എന്ന നിലയിലേക്ക് മാറ്റിയത് പിടിക്കപ്പെടാതിരിക്കാനാണ്. പിന്നീട് ഇത് പണം നല്‍കിയ ആവശ്യക്കാരിലേക്ക് എത്തിച്ചു. 25000 മുതല്‍ ലക്ഷങ്ങള്‍ വരെ വില ഈടാക്കിയാണ് ടെലഗ്രാം, വാട്‌സ്ആപ്പ് അടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ വിറ്റത്. കേരളത്തില്‍ പഠിക്കുന്ന ചുരു സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയും ഈ സംഘത്തിലെ കണ്ണിയാണെന്നാണ് സംശയം. ഇയാള്‍ വഴി കേരളത്തിലെ ചില വിദ്യാര്‍ത്ഥികള്‍ക്കും ഈ മാതൃക പേപ്പര്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. പരീക്ഷയ്ക്ക് വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളെന്ന പേരില്‍ 410 ചോദ്യങ്ങളടങ്ങിയ ചോദ്യപ്പേപ്പറാണ് പ്രതികള്‍ പ്രചരിപ്പിച്ചത്.

 

kerala

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്

നിയമസഭാ കക്ഷി യോഗം ഇന്ന്

Published

on

ന്യൂഡല്‍ഹി: 102 സീറ്റുകളുമായി അധികാരത്തിലെത്തിയ യു.ഡി.എഫിന്റെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാനായി കോണ്‍ഗ്രസ് ഹൈക്കമാന്റ് ചര്‍ച്ച പൂര്‍ത്തിയായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്നലെ വൈകീട്ട് കൂടിക്കാഴ്ച നടത്തി. മുക്കാല്‍ മണിക്കൂറോളമാണ് രാഹുലും ഖാര്‍ഗെയും ചര്‍ച്ച നടത്തിയത്. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയുമായും കൊടിക്കുന്നില്‍ സുരേഷുമായും രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ചു.
രാഹുല്‍ മടങ്ങിയ ശേഷം ഖാര്‍ഗെയുടെ വസതിയിലെത്തിയ കോണ്‍ഗ്രസ് മാധ്യമ വിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ് അദ്ദേഹവുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ കേരള മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കുമെന്നു അറിയിക്കുകയായിരുന്നു. എഐസിസി വാര്‍ത്താസമ്മേളനം വിളിക്കുമെന്ന് പ്രതീക്ഷിച്ച് ഖാര്‍ഗെയും വീടിന് മുന്നില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കളുമായി സംസാരിച്ച ശേഷമായിരിക്കും ഇന്ന് പ്രഖ്യാപനമുണ്ടാവുക. ഇന്ന് ഒരുമണിക്ക് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ദിരാ ഭവനില്‍ ചേരും. യോഗത്തില്‍ സഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. ശേഷം ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കും. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനേയും ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.

 

Continue Reading

EDUCATION

സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

85.20 മാണ് വിജയശതമാനം

Published

on

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20 മാണ് വിജയശതമാനം. എന്നാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ 3.19 ശതമാനമാണ് കുറവുണ്ടായത്.

അതേസമയം കേരളം, ലക്ഷദ്വീപ് ഉള്‍പ്പെടുന്ന തിരുവനന്തപുരം മേഖല 95.62 ശതമാനം വിജയത്തോടെ ഒന്നാം സ്ഥാനത്തെത്തി. പ്രയാഗ് രാജ് മേഖലയിലാണ് ഏറ്റവും കുറഞ്ഞ വിജയശതമാനം. 72.43 ശതമാനമാണ് ഇവിടത്തെ വിജയം.

cbse.gov.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാം. കൂടാതെ ഡിജിലോക്കര്‍, ഉമാങ് ആപ് വഴിയും എസ്.എം.എസ് സംവിധാനത്തിലൂടെയും വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാനാകും. ഇന്റര്‍നെറ്റ് സൗകര്യം പരിമിതമായ സ്ഥലങ്ങളിലുള്ളവര്‍ക്കായി ഐ.വി.ആര്‍.എസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

വിജയശതമാനം കൂടുതല്‍ പെണ്‍കുട്ടികള്‍ക്കാണ്. ആണ്‍കുട്ടികളേക്കാള്‍ 6.73 ശതമാനം അധികം വിജയശതമാനവുമായി പെണ്‍കുട്ടികള്‍ മുന്നേറി. 88.86 ആണ് പെണ്‍കുട്ടികളുടെ വിജയശതമാനം. 82.13 ശതമാനമാണ് ആണ്‍കുട്ടിക?ളുടെ വിജയം.

Advertisement

18 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതിയത്. ഇതില്‍ 10.2 ലക്ഷം ആണ്‍കുട്ടികളും 8.3ലക്ഷം പെണ്‍കുട്ടികളും ഉള്‍പ്പെടും. ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10വരെയാണ് പരീക്ഷ നടന്നത്.

 

Continue Reading

main stories

തകരുന്ന വിശ്വാസ്യത തളരുന്ന വിദ്യാര്‍ത്ഥികള്‍

നീറ്റ് യു.ജി പരീക്ഷയില്‍ തുടര്‍ച്ചയായുണ്ടായിക്കൊണ്ടിരിക്കുന്ന അപാകതകളും ഉന്നത വിദ്യാഭ്യാസ വകുപ്പും കേന്ദ്ര സര്‍ക്കാറും ഈ വിവാദങ്ങളോട് സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിഷേധാത്മകമായ സമീപനവും വര്‍ഷാ വര്‍ഷങ്ങളിലെന്നപോലെ രാജ്യം ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്.

Published

on

By

ചോദ്യച്ചോര്‍ച്ചയെത്തുടര്‍ന്ന് ഈ മാസം മൂന്നിന് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കിയ സംഭവം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തകര്‍ക്കുന്നതും ലക്ഷക്കണക്കായ വിദ്യാര്‍ത്ഥികളെയും അവരുടെ കുടുംബത്തെയും കണ്ണീരു കുടിപ്പിക്കന്നതുമാണ്. നീറ്റ് യു.ജി പരീക്ഷയില്‍ തുടര്‍ച്ചയായുണ്ടായിക്കൊണ്ടിരിക്കുന്ന അപാകതകളും ഉന്നത വിദ്യാഭ്യാസ വകുപ്പും കേന്ദ്ര സര്‍ക്കാറും ഈ വിവാദങ്ങളോട് സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിഷേധാത്മകമായ സമീപനവും വര്‍ഷാ വര്‍ഷങ്ങളിലെന്നപോലെ രാജ്യം ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. അത്രമേല്‍ പ്രധാനപ്പെട്ട ഈ പരീക്ഷയില്‍ നടന്നുകൊണ്ടിരിക്കുന്ന കൃത്രിമത്വങ്ങള്‍ സര്‍ക്കാറിന്റെ അറിവോടും സമ്മതത്തോടെയും കൂടിതന്നെയാണോയെന്ന് സംശയിച്ച് പോകുന്ന സാഹചര്യങ്ങളാണ് നിലിവിലുള്ളത്. എല്ലാ രംഗങ്ങളിലും സ്വകാര്യ മേഖലക്കും കുത്തകകള്‍ക്കും തഴച്ചുവളരാന്‍ അവസരം നല്‍കിക്കൊണ്ടിരിക്കുന്ന മോദി സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയെയും അത്തരത്തില്‍ കൈമാറാനുള്ള ശ്രമങ്ങളാണ് ഈ ഉദാസീന സമീപനത്തിലൂടെ സാധ്യമാക്കിക്കൊണ്ടിരിക്കുന്നത് എന്നതാണ് വാസ്തവം.

രാജസ്ഥാന്‍ പൊലീസിന് ഏതാനും ദിവസം മുന്‍പു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീറ്റ് പരീക്ഷാ ചോദ്യചോര്‍ച്ചയുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പരീക്ഷയ്ക്കു മുന്‍പു പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 410 ചോദ്യങ്ങളില്‍ 135 എണ്ണം കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിലായി യഥാര്‍ഥ പരീക്ഷയില്‍ ഉള്‍പ്പെട്ടതായി അന്വേഷണം നടത്തുന്ന രാജസ്ഥാന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്ഒജി) അറിയിച്ചിരുന്നു. ആകെ 180 ചോദ്യങ്ങളാണ് നീറ്റ് യുജിക്കുള്ളത്. ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളില്‍ നിന്ന് 45 വീതം ചോദ്യങ്ങള്‍. ഇത്തരത്തില്‍ 4 സെറ്റ് ചോദ്യക്കടലാസുകളാണ് ഉപയോഗിക്കുന്നത്. സീക്കറിലെ എന്‍ട്രന്‍സ് പരിശീലനസ്ഥാപനം വിദ്യാര്‍ഥികള്‍ക്കു നല്‍കിയതാണ് മാതൃകാ ചോദ്യക്കടലാസെന്നും ഇതു കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും കൈമാറിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. സിക്കര്‍ കേന്ദ്രീകരിച്ച് നടന്ന ഈ കച്ചവടത്തില്‍ ഒരു ചോദ്യപേപ്പറിന് 20,000 മുതല്‍ രണ്ട് ലക്ഷം രൂപ വരെയാണ് ഈടാക്കിയതെന്നാണ് സൂചന. പരീക്ഷയുടെ തലേദിവസം രാത്രിയായപ്പോഴേക്കും 30,000 രൂപക്ക് വരെ പേപ്പര്‍ വിറ്റയിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും വിവിധ മെസേജ് പ്ലാറ്റ്‌ഫോമുകള്‍ വഴിയും ചോദ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. അന്വേഷണ സംഘം പിടിച്ചെടുത്ത ഫോണുകളില്‍ പലതവണ ഫോര്‍വേഡ് ചെയ്ത മെസേജുകളായാണ് ചോദ്യങ്ങള്‍ കണ്ടെത്തിയത്. ഇത് ആയിരക്കണക്കായ വിദ്യാര്‍ത്ഥികളില്‍ പരീക്ഷക്ക് മുന്നേ ചോദ്യങ്ങള്‍ എത്തിയതിന്റെ തെളിവാണ്. 2024 ലെ നീറ്റ് പരീക്ഷയും വലിയ തോതിലുള്ള ജനകീയ പ്രതിഷേധങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കുമായിരുന്നു സാക്ഷ്യം വഹിച്ചത്. ചോദ്യചോര്‍ച്ച ആരോപണത്തെ തുടര്‍ന്ന് ബിഹാര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കത്തിയമര്‍ന്ന ചോദ്യപ്പേപ്പര്‍ കണ്ടെത്തിയത് നിര്‍ണായകമായിരുന്നു. ഹസാരിബാഗിലെ സ്‌കൂള്‍ സ്‌ട്രോങ് റൂമില്‍ നിന്ന് ചോദ്യപേപ്പര്‍ ചോര്‍ത്തിയതായും ഒരു ചോദ്യപ്പേപ്പറിന് 30 മുതല്‍ 50 ലക്ഷം രൂപ വരെ ഈടാക്കിയതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അസാധാരണമാം വിധം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ മാര്‍ക്ക് ലഭിച്ചതും ഫലം നേരത്തെ പ്രഖ്യാപിച്ചതും എന്‍.ടി.എയുടെ പ്രവര്‍ത്തനങ്ങളെ സംശയത്തിന്റെ നിഴലിലാക്കിയിരുന്നു. സുപ്രീംകോടതി വരെ എത്തിയ ഈ കോസില്‍ പരീക്ഷാ ക്രമക്കേട് നടന്നതായി കോടതി നിരീക്ഷിച്ചെങ്കിലും പരീക്ഷ പൂര്‍ണമായും റദ്ദാക്കാന്‍ അന്ന് തയാറായിരുന്നില്ല.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) യാണ് എല്ലാ സംസ്ഥാന, വ്യക്തിഗത കോളജ് പ്രവേശന പരീക്ഷകള്‍ക്കും പകരമായി നീറ്റ് യുജി അവതരിപ്പിച്ചത്. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഏക ഗേറ്റ്‌വേ എന്ന നിലയിലാണ് പരീക്ഷ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നീറ്റ് യുജി നടത്താനുള്ള ആദ്യ ശ്രമം 2012ലായിരുന്നു. എന്നാല്‍ വിവിധ സംസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ആ വര്‍ഷം പ്രാവര്‍ത്തികമാക്കാനായില്ല. ഒടുവില്‍ 2016ല്‍ പുറത്തുവന്ന ഒരു നിര്‍ണായക വിധിയിലൂടെയാണ് ഏപ്രിലില്‍, സുപ്രീം കോടതി നീറ്റ് യുജി പുനഃസ്ഥാപിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകളിലേക്കുള്ള ഏക പ്രവേശന പരീക്ഷയായി നിര്‍ബന്ധമാക്കുകയും ചെയ്തു. ഒന്നിലധികം പ്രവേശന പരീക്ഷകള്‍ ഇല്ലാതാക്കാനും പ്രവേശന പ്രക്രിയയിലെ അപാകതകള്‍ തടയാനുമാണ് വിധി നടപ്പിലാക്കിയത്. സംസ്ഥാനങ്ങള്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനായി സുപ്രീം കോടതി നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) ചട്ടക്കൂടില്‍ കാര്യമായ ഭേദഗതികള്‍ വരുത്തുകയും ചെയ്തു.

Advertisement

നീറ്റിന്റെ ഉദ്ദേശ്യ ലക്ഷങ്ങളെല്ലാം പൂര്‍ണമായും തകിടം മറിക്കപ്പെടുന്നതിനും സംസ്ഥാനങ്ങള്‍ പങ്കുവെച്ച ആശങ്കകള്‍ സാധൂകരിക്കപ്പെടുന്നതുമാണ് ഇപ്പോള്‍ കാണാനാവുന്നത്. പരീക്ഷയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതോടൊപ്പം ലക്ഷക്കണക്കായ വിദ്യാര്‍ത്ഥികളുടെയും അവരുടെ കുടുംബത്തിന്റെയും കഠിനാധ്വാനം വൃഥാവിലായിപ്പോകുന്നുവെന്നത് ഏറ്റവും ഗൗരവതരമാണ്. ഉന്നത ലക്ഷ്യങ്ങളുമായി രാജ്യത്തെ ഏറ്റവും മിടുക്കരായ വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷയെ അഭിമുഖീകരിക്കുന്നത്. ഈ പരീക്ഷക്കുവേണ്ടി വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, അവരുടെ കുടുംബവും നടത്തുന്ന പരിശ്രമങ്ങള്‍ അറിയണമെങ്കില്‍ ആ അനുഭവങ്ങളിലൂടെ ഒരിക്കലെങ്കിലും കടന്നുപോകേണ്ടതുണ്ട്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചതുപോലെ ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാറിന് ഒരിക്കലും ഒഴിഞ്ഞുമാറാനാകില്ല. വിദ്യാര്‍ത്ഥികളുടെ കണ്ണുനീരിനും രക്ഷിതാക്കളുടെ കഷ്ടപ്പാടിനും മാത്രമല്ല, ഉന്നത വിദ്യാഭ്യാസത്തെ വില്‍പനച്ചരക്കാക്കുന്നതിന്റെയും മോദി സര്‍ക്കാര്‍ മറുപടി പറഞ്ഞേ മതിയാകൂ. അന്വേഷണ പ്രഹസനങ്ങള്‍ക്ക് പകരം, തെറ്റായ രീതികള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള ശക്തമായ നടപടിയാണ് രാജ്യം ആവശ്യപ്പെടുന്നത്.

 

Continue Reading

Trending