ന്യൂഡല്‍ഹി: 2018 മേയ് മുതല്‍ 2021 ജൂണ്‍ വരെ ജമ്മു കശ്മീരില്‍ 400 ഏറ്റുമുട്ടലുകള്‍ നടന്നതായി കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ 630 ഭീകരര്‍ കൊല്ലപ്പെട്ടതായും 85 സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചതായും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയെ അറിയിച്ചു.

അതിര്‍ത്തിക്കപ്പുറത്ത് നിന്ന് സ്‌പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദ ആക്രമണങ്ങള്‍ ജമ്മു കശ്മീരിനെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് എംപി ദിഗ്വിജയ് സിംഗിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ഭീകരതയോട് സഹിഷ്ണുതയില്ലാത്ത നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, ദേശവിരുദ്ധര്‍ക്കെതിരായ നിയമം കര്‍ശനമായി നടപ്പാക്കുക, പ്രതിരോധം ശക്തമാക്കുക, പട്രോളിങ് കാര്യക്ഷമമാക്കുക തുടങ്ങി വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുന്നവരെ സൈന്യം നിരീക്ഷിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.