മുംബൈ: ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് ആരാകും എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായില്ല. നേരത്തെ രവി ശാസ്ത്രിയെ കോച്ചായി നിയമിച്ചു എന്ന തരത്തില്‍ പ്രചരണമുണ്ടായിരുന്നു. പരിശീലകനായി ഇന്ത്യയുടെ മുന്‍ ടെസ്റ്റ്, ഏകദിന ഓള്‍റൗണ്ടര്‍ രവി ശാസ്ത്രിയെ നിയമിച്ചെന്ന വാര്‍ത്തകള്‍ തള്ളി ബിസിസിഐ . പരിശീലകന്‍ ആരാകണമെന്നതു സംബന്ധിച്ച തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

നേരത്തെ എഎന്‍ഐ ഉള്‍പ്പെടെ പ്രമുഖ മാധ്യമങ്ങളെല്ലാം രവി ശാസ്ത്രിയെ ഇന്ത്യന്‍ കോച്ചായി പ്രഖ്യാപിച്ചു എന്ന വാര്‍ത്ത റിപ്പോര്‍്ട്ട് ചെയ്തിരുന്നു.

അഭിമുഖത്തിനു ക്ഷണിച്ച ആറുപേരുടെ ചുരുക്കപ്പട്ടികയില്‍ നിന്ന് സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങിയ ബിസിസിഐ വിദഗ്ധ സമിതി രവി ശാസ്ത്രിയെ തിരഞ്ഞടുത്തെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായുള്ള അഭിപ്രായ ഭിന്നതകളുടെ പേരില്‍ അനില്‍ കുംബ്ലെ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ടീം ഇന്ത്യ പുതിയ പരിശീലകനെ തേടുന്നത്.

തിങ്കളാഴ്ചയാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചവരുടെ അഭിമുഖം നടന്നത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലുമായി സംസാരിച്ചിട്ടേ പരിശീലകനെ തീരുമാനിക്കൂവെന്ന് ഗാംഗുലി പറഞ്ഞിരുന്നുവെങ്കിലും ബിസിസിഐ ഇതു പിന്നീടു തിരുത്തി. പുതിയ പരിശീലകന്റെ കാര്യത്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ അഭിപ്രായം ചോദിക്കില്ലെന്നും ക്രിക്കറ്റ് ഉപദേശക സമിതിയുടെ തീരുമാനം അറിയിക്കുക മാത്രമേയുള്ളൂവെന്നും ബിസിസിഐ പ്രതിനിധി പിന്നീടു പറഞ്ഞു