News

ഒന്ന് മുതല്‍ 50 വരെ എഴുതിയില്ല; നാല് വയസുകാരിയെ അടിച്ചുകൊന്ന് പിതാവ്

By Akhila

January 24, 2026

ഛണ്ഡീഗഢ്: ഒന്ന് മുതല്‍ 50 വരെ അക്കങ്ങള്‍ എഴുതാത്തതിന് മകളെ അടിച്ചുകൊന്ന് പിതാവ്. ഹരിയാനയിലെ ഫരീബാദിലെ ഖെരാതിയ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. കൃഷ്ണ ജെയ്‌സ്വാള്‍ (31) എന്ന യുവാവാണ് നാല് വയസുകാരിയായ വന്‍ഷികയെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഫരീദാബാദില്‍ വാടകയ്ക്ക് താമസിക്കുകയാണ് യുപി സോന്‍ഭദ്ര സ്വദേശിയായ കൃഷ്ണ ജയ്‌സ്വാളും കുടുംബവും. സ്വകാര്യ കമ്പനികളിലാണ് ഇയാളും ഭാര്യയും ജോലി ചെയ്യുന്നത്. ഭാര്യ ജോലിക്ക് പോവുമ്പോള്‍ ഇയാള്‍ വീട്ടിലെത്തുകയും കുഞ്ഞിനെ നോക്കുകയുമാണ് രീതി. നാല് വയസുകാരിയെ ഇവര്‍ സ്‌കൂളില്‍ ചേര്‍ത്തിരുന്നില്ല. പിതാവ് തന്നെയാണ് മകളെ വീട്ടിലിരുത്തി പഠിപ്പിച്ചിരുന്നത്.

ഈ മാസം 21ന്, ഇത്തരത്തില്‍ പഠിപ്പിക്കുന്നതിനിടെ ഒന്ന് മുതല്‍ 50 വരെ തെറ്റാതെ എഴുതാന്‍ ഇയാള്‍ കുഞ്ഞിനോട് ആവശ്യപ്പെട്ടു. നാല് വയസ് മാത്രം പ്രായമായ കുഞ്ഞിന് അത് സാധിക്കാതെ വന്നതോടെ ഇയാള്‍ക്ക് ദേഷ്യം വരികയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് തത്ക്ഷണം മരിച്ചു.

വൈകീട്ട് അമ്മ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കട്ടിലില്‍ ജീവനറ്റ് കിടക്കുകയായിരുന്നു കുട്ടി. കളിക്കുന്നതിനിടെ കുട്ടി പടിക്കെട്ടില്‍ നിന്ന് വീണെന്നായിരുന്നു ഭാര്യയോട് ഇയാള്‍ പറഞ്ഞത്. എന്നാല്‍ സംഭവസമയം വീട്ടിലുണ്ടായിരുന്ന ഇവരുടെ ഏഴു വയസുള്ള മകന്‍, തന്റെ സഹോദരിയെ പിതാവ് മര്‍ദിക്കുന്നത് കണ്ടതായി അമ്മയോട് പറഞ്ഞു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ കൂടി കണ്ടതോടെ യുവതി പൊലീസിനെ വിവരമറിയിച്ചു. എന്നാല്‍ പിന്നീട് പൊലീസിനോടും ഇയാള്‍ ഇതേ വാദം ആവര്‍ത്തിച്ചു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.