2025 ഡിസംബര്‍ അവസാനത്തോട് അടുക്കുമ്പോള്‍ രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍ വര്‍ഷാവസാന വില്‍പ്പന പ്രോത്സാഹനങ്ങളുടെ ഭാഗമായി വന്‍ കിഴിവുകളാണ് വാഗ്ദാനം ചെയ്യതിരിക്കുന്നത്. ഇനി രണ്ട് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ഹാച്ച്ബാക്കുകള്‍, സെഡാനുകള്‍, എസ്യുവികള്‍, ഇലക്ട്രിക് കാറുകള്‍, ഫ്ളീറ്റ് വാഹനങ്ങള്‍ തുടങ്ങി വിവിധ സെഗ്മെന്റുകളിലായി ഉപഭോക്താക്കള്‍ക്ക് ലക്ഷക്കണക്കിന് രൂപ ലാഭിക്കാനുള്ള അവസരമാണ് നിലവിലുള്ളത്.
ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്സ്ചേഞ്ച് ബോണസുകള്‍, ലോയല്‍റ്റി ആനുകൂല്യങ്ങള്‍, കോര്‍പ്പറേറ്റ് ഓഫറുകള്‍, ഇഎംഐ പിന്തുണാ സ്‌കീമുകള്‍ എന്നിവയാണ് പ്രധാന ആനുകൂല്യങ്ങള്‍. മാരുതി സുസുക്കി കാറുകള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ ആനുകൂല്യങ്ങളാണ് ഡിസംബറില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വാഗണ്‍ആറിന്റെ പെട്രോള്‍, സിഎന്‍ജി വേരിയന്റുകള്‍ക്ക് 61,100 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ബലേനോയില്‍ 53,000 രൂപ വരെയും ഡിസയറില്‍ 15,000 രൂപ വരെയും സ്വിഫ്റ്റില്‍ 40,000 രൂപ വരെയും സിഎന്‍ജി സ്വിഫ്റ്റില്‍ 30,000 രൂപ വരെയും ലാഭിക്കാം.
ഗ്രാന്‍ഡ് വിറ്റാരയുടെ മിക്ക വേരിയന്റുകള്‍ക്കും ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് ആനുകൂല്യങ്ങള്‍. സ്ട്രോങ്ങ് ഹൈബ്രിഡ് പതിപ്പിന് 2.03 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ് ഏറ്റവും ഉയര്‍ന്ന ഓഫര്‍. കിയ ഇന്ത്യ 2025 ഡിസംബര്‍ 31 വരെ സാധുതയുള്ള ‘ഇന്‍സ്പയറിങ് ഡിസംബര്‍’ എന്ന രാജ്യവ്യാപക വില്‍പ്പന കാമ്പെയ്നിലൂടെ തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 3.65 ലക്ഷം രൂപ വരെ മൊത്തം ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. സെല്‍റ്റോസ്, സോണെറ്റ്, സിയറോസ്, കാരന്‍സ് ക്ലാവിസ് (ICE, EV), കാര്‍ണിവല്‍ തുടങ്ങിയ മോഡലുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്സ്ചേഞ്ച് ഓഫറുകള്‍, ലോയല്‍റ്റി ബോണസുകള്‍, കോര്‍പ്പറേറ്റ് സ്‌കീമുകള്‍ എന്നിവയാണ് പ്രധാന ആനുകൂല്യങ്ങള്‍. സ്റ്റോക്കും വേരിയന്റും അനുസരിച്ച് ഓഫറുകളില്‍ മാറ്റമുണ്ടാകാം. ടാറ്റ മോട്ടോഴ്സ് തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് വര്‍ഷാവസാന കിഴിവുകള്‍ക്കും ഇഎംഐ സ്‌കീമുകള്‍ക്കും പുറമേ അധിക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
ടാറ്റ പഞ്ചിന് 40,000 രൂപ വരെയും നെക്സോണിന് 50,000 രൂപ വരെയും പുതിയ ആള്‍ട്രോസിന് 25,000 രൂപ വരെയും ലാഭിക്കാം. ഫെയ്സ്ലിഫ്റ്റിന് മുന്‍പുള്ള സ്റ്റോക്കുകളില്‍ 85,000 രൂപ വരെയും ഹാരിയര്‍, സഫാരി മോഡലുകള്‍ക്ക് ഒരു ലക്ഷം രൂപ വരെയും വര്‍ഷാവസാന ആനുകൂല്യങ്ങള്‍ ലഭ്യമാണ്. ഹ്യുണ്ടായി ഹാച്ച്ബാക്കുകള്‍, സെഡാനുകള്‍, എസ്യുവികള്‍ എന്നിവയ്ക്കായി ഡിസംബറില്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള മൊത്തം കിഴിവുകളാണ് വാഗ്ദാനം ചെയ്യുന്നത്.
വേരിയന്റുകള്‍ അനുസരിച്ച് ഓഫറുകള്‍ വ്യത്യാസപ്പെടും. ഗ്രാന്‍ഡ് ഐ10 നിയോസിന് 1.43 ലക്ഷം രൂപ വരെയും ഐ20യ്ക്ക് 1.68 ലക്ഷം രൂപ വരെയും എക്സെന്റിന് 1.74 ലക്ഷം രൂപ വരെയും മൊത്തം ആനുകൂല്യങ്ങള്‍ ലഭിക്കാം. മഹീന്ദ്രയും ഡിസംബര്‍ അവസാനത്തേക്ക് വലിയ ഓഫറുകളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. XUV 3XOയ്ക്ക് 1,14,500 രൂപ വരെയും തഡഢXUV400യ്ക്ക് 4,45,000 രൂപ വരെയും ആനുകൂല്യങ്ങള്‍ ലഭ്യമാണ്. സ്‌കോര്‍പിയോ ക്ലാസിക്കിന് 1,40,000 രൂപ വരെയും സ്‌കോര്‍പിയോ എന്‍ക്ക് 85,600 രൂപ വരെയും ഥാര്‍ റോക്കിന് 1,20,000 രൂപ വരെയും XUV700യ്ക്ക് 1,55,600 രൂപ വരെയും ആനുകൂല്യങ്ങളുണ്ട്. ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്സ്ചേഞ്ച് ബോണസുകള്‍, ലോയല്‍റ്റി ആനുകൂല്യങ്ങള്‍, കോര്‍പ്പറേറ്റ് ഓഫറുകള്‍, ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വേരിയന്റ്, നഗരം, ഡീലര്‍ഷിപ്പ് എന്നിവയെ ആശ്രയിച്ച് യഥാര്‍ത്ഥ ഓഫറുകളില്‍ മാറ്റം ഉണ്ടാകുമെന്ന് കമ്പനികള്‍ വ്യക്തമാക്കുന്നു.