X

കടുത്ത നടപടിയില്ല; ശാസനയിലൊതുക്കും ജയരാജനെ പിണറായിയും കോടിയേരിയും കൈവിട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൈവിട്ടതോടെ പി.ജയരാജന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ മറ്റു സംസ്ഥാനനേതാക്കള്‍ക്കും ഇതേ നിലപാടാണെന്നാണ് സൂചന. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കില്ലെങ്കിലും പാര്‍ട്ടി വേദിയില്‍ അദ്ദേഹത്തെ ശാസിക്കാനാണ് തീരുമാനമെന്നാണ് സൂചന. സംസ്ഥാന സി.പി.എമ്മിനെ നിയന്ത്രിക്കുന്ന കണ്ണൂര്‍ ലോബിയുടെ അപ്രമാദിത്വത്തില്‍ അമര്‍ഷമുള്ള മറ്റ് ജില്ലയില്‍ നിന്നുള്ള സംസ്ഥാനനേതാക്കളും ജയരാജന് എതിരായ നിലപാടിലാണ്. അതേസമയം, ജയരാജനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നാണ് സി.പി.എം പുറത്തിറക്കിയ പ്രസ്താവനയില്‍ അവകാശപ്പെടുന്നത്.

ജയരാജനെതിരെയുണ്ടായ അപ്രതീക്ഷിത നീക്കത്തിന് പിന്നിലെ കാരണങ്ങളെന്താണെന്നോ പിന്നില്‍ ആരാണെന്നോ വ്യക്തമല്ല. കണ്ണൂരിലെ നേതാക്കളില്‍നിന്നുതന്നെയാണ് വിമര്‍ശമുണ്ടായതെന്നതും ശ്രദ്ധേയമാണ്. ഇതിനെ തടയാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തയ്യാറായതുമില്ല. പരാതി പരിശോധിക്കണമെന്ന നിലപാടാണ് കോടിയേരിയും സ്വീകരിച്ചത്.

മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന നേതാവാണ് പി.ജയരാജന്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിനെതിരായ നീക്കത്തിലൂടെ പാര്‍ട്ടിയില്‍ മാത്രമല്ല കണ്ണൂര്‍ ഘടകത്തിലും ചേരിപ്പോര് നിലനില്‍ക്കുന്നു എന്ന കൃത്യമായ സൂചനയാണ് പുറത്തുവരുന്നതും. വി.എസ് അച്യുതാനന്ദനെതിരായ വിമര്‍ശനങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ സമീപകാലത്ത് ഇതാദ്യമായാണ് മുന്‍നിരയിലുള്ള ഒരു നേതാവിനെതിരെ സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ ഇത്ര കടുത്ത വിമര്‍ശനമുയരുന്നത്. തന്നെ കൊല്ലാന്‍ ശ്രമിച്ചവര്‍ക്ക് മാപ്പ് നല്‍കി സി.പി.എമ്മിലേക്ക് കൈപിടിച്ചു കൊണ്ടുവരികയും മതവിശ്വാസികളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ ന്യൂനപക്ഷസമ്മേളനവും ശ്രീകൃഷ്ണജയന്തിയും സംഘടിപ്പിച്ച പി.ജയരാജനെ തള്ളാനും വയ്യാത്ത അവസ്ഥയിലാണ് പിണറായിയും കോടിയേരിയും.

തലശ്ശേരി ടൗണ്‍ ലോക്കല്‍ സമ്മേളനത്തില്‍ മത്സരമുണ്ടായപ്പോള്‍ അതിനെ എതിര്‍ത്ത് സമ്മേളനം തന്നെ പിരിച്ചുവിട്ട ജയരാജന്റെ നടപടിയും പരാതിക്കിടയാക്കി. കണ്ണൂരിലെ സി.പി.എം. പരിപാടികളില്‍ അടുത്തകാലത്തായി പി.ജയരാജനായിരുന്നു താരം. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ചടങ്ങില്‍ അദ്ദേഹത്തെക്കാളും കൈയടി ജയരാജന് കിട്ടാറുണ്ട്. ഇതാണ് പാര്‍ട്ടിക്കതീതനാവാന്‍ അദ്ദേഹം ശ്രമിക്കുന്നുവെന്ന വിലയിരുത്തല്‍ സി.പി.എമ്മിനുണ്ടാകാന്‍ കാരണം.

സ്വന്തം വ്യക്തിപ്രഭാവം വളര്‍ത്താന്‍ സാമൂഹികമാധ്യമങ്ങളടക്കം ഉപയോഗപ്പെടുത്തുന്നെന്നും ജയരാജനെതിരെ പരാതിയുണ്ട്. പുറച്ചേരി ഗ്രാമീണകലാവേദിയുടെ ബാനറില്‍ പ്രദീപ് കടയപ്രം നിര്‍മിച്ച ഡോക്യുമെന്ററിയാണ് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പേരിലുള്ള നടപടിക്ക് ഇടയാക്കിയത്.

chandrika: