കെ.എം അബ്ദുല്‍ ഗഫൂര്‍
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ വന്ന തിരുത്തല്‍ നടപടികള്‍ ചെന്നെത്തി നില്‍ക്കുന്നത് പാര്‍ട്ടി സെക്രട്ടറിയുടെ പാത്രം കഴുകുന്ന ദൃശ്യത്തിലാണ്. ആ കാഴ്ചയെ ട്രോളുന്നവരെ സ്ത്രീ വിരുദ്ധരും പുരുഷ മേധാവികളും ആക്കുന്ന തിരക്കിലാണ് പാര്‍ട്ടിയിലെ സോഷ്യല്‍ മീഡിയ അണികള്‍. ഒരു ട്രോളിനെ മറ്റൊരു ട്രോള് കൊണ്ട് തടുക്കാം. എന്നാല്‍ ഒരു യാഥാര്‍ഥ്യത്തെ ഒരുപാട് ട്രോളുകള്‍ കൊണ്ടും തടുക്കാനാവില്ല എന്ന തിരിച്ചറിവ് ഇല്ലാതെപോയതാണ് ആ പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം.
തോല്‍വിയില്‍ നിന്ന് കരകയറാനും അടുത്ത അഞ്ചു വര്‍ഷം തുടരാനും വീട് കയറാന്‍ നിര്‍ദ്ദേശിച്ചത്‌കൊണ്ട് പ്രത്യേകിച്ച് കാര്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല. അല്ലെങ്കിലും ഭരണ നേട്ടങ്ങള്‍ പറഞ്ഞു പഠിപ്പിക്കേണ്ട ഒന്നല്ലല്ലോ. അനുഭവിച്ച് അറിയേണ്ടതല്ലേ. പറയാന്‍ ഒന്നും ഇല്ലാത്തത് കൊണ്ടു കൂടിയാവണം പാര്‍ട്ടി സെക്രട്ടറി പാത്രം കഴുകി സമയം കളഞ്ഞത്. കേരളം ഇന്ന് നേരിടുന്ന സാമ്പത്തികവും സാമൂഹ്യവുമായ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ട്. അവയില്‍ ഏതെങ്കിലും ഒന്നിന് പരിഹാരമായി എന്ന് പറയാന്‍ വീട് കയറുന്ന സഖാക്കള്‍ക്ക് ആവുകയുമില്ല.
രാഷ്ട്രീയക്കാരന് ഗൃഹസമ്പര്‍ക്കം എന്നത് ഒരു സാധാരണ പ്രക്രിക ആണ്. അത് നഷ്ടപ്പെട്ട് പോയി എന്ന ചെറിയ അറിവ് പാര്‍ട്ടിക്ക് കിട്ടിയിട്ടുണ്ട്. പക്ഷേ അതിന് വീട് കയറല്‍ മാത്രം പ്രതിവിധിയാ വുമോ. പഴയ കാലത്ത് പ്രമേഹ രോഗികള്‍ക്ക് വൈദ്യന്‍ നിശ്ചയിച്ചിരുന്ന ചികിത്സ പശുവിനെ വളര്‍ത്തല്‍ ആയിരുന്നത്രെ. പശുവിനെ വളര്‍ത്തിയാല്‍ എങ്ങനെ പ്രമേഹം ഭേദമാവും എന്ന ചോദ്യം അന്നാരെങ്കിലും ചോദിച്ചിരുന്നോ എന്നറിയില്ല. പക്ഷേ, അതിലൊരു യുക്തി ഉണ്ട് എന്ന് പിന്നീട് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. വ്യായാമക്കുറവ് ആണ് പ്രമേഹത്തിന്റെ കാരണങ്ങളില്‍ പ്രധാനമെന്നതിനാല്‍ പശുവിനെ വളര്‍ത്തുന്നയാള്‍ പുലര്‍ച്ചെ എഴുന്നേറ്റ് അതിന് വേണ്ടി ചെയ്യുന്ന ശാരീരിക അധ്വാനം ഫലം ചെയ്യുമെന്ന്. പശുവിനെ തീറ്റാന്‍ ഉള്ള നടപ്പ് ഒരു വ്യായാമം ആയാല്‍ അത്രയും ആയി. എന്നാല്‍ പശു തൊഴുത്തില്‍തന്നെ നിന്ന് തിന്നാലോ. സി.പി.എമ്മിന്റെ പശു തൊഴുത്തില്‍ തന്നെയാണ് നില്‍ക്കുന്നത്. ഇപ്പോള്‍ ഉള്ള സൂക്കേടിന് ഇതൊരു പരിഹാരം അല്ലെന്ന് അണികള്‍ക്ക് അറിയാം. അധികാരം മുകളില്‍ എടുത്ത പണിക്ക് ഞങ്ങള് വെയില് കൊള്ളണോ എന്നാണ് അവരുടെ ചിന്ത. സുഖമായത് സോഷ്യല്‍ മീഡിയയിലെ പണിയാണ്. ‘പശു ഏട്ടിലെ പുല്ല് തിന്നോട്ടെ’ എന്നാണ് അവരും ആലോചിക്കുന്നത്.
എം.എ ബേബി പാത്രം കഴുകുന്ന അന്നാണ് പിണറായി വിജയന്‍ ലെനിന്റെ ഓര്‍മ്മദിനത്തിന്റെ പോസ്റ്റ് ഫേസ്ബുക്കില്‍ കുറിച്ചത്. വ്‌ലാഡിമിര്‍ ലെനിനെ അല്ലാതെ നാട്ടില്‍ മരണപ്പെട്ട നേതാക്കളെ ആരെയും ഓര്‍ക്കാന്‍ അദ്ദേഹത്തിന് ധൈര്യം വരില്ല. എങ്ങാനും ഓര്‍ത്താല്‍ അണികളും അവരെ ഓര്‍ക്കും. ഒരു താരതമ്യം വരും. അങ്ങനെ ഓര്‍ത്താല്‍ അല്‍പം കമ്യൂണിസവും മാര്‍ക്‌സിസവും ബുദ്ധിയില്‍ ബാക്കിയുള്ള അണികള്‍ ഇപ്പോള്‍ ഉള്ളവരെ എടുത്ത് കിണറ്റില്‍ ഇട്ടാലോ എന്ന പേടിയും നേതാക്കള്‍ക്കുണ്ടാവും. നല്ല അധ്വാനമുള്ള പണിയെടുത്ത് ഉണ്ടാക്കിയ പാര്‍ട്ടിയാണ് ഇതെന്ന് ആളുകള്‍ അറിയാതിരിക്കാന്‍ നല്ലത് വര്‍ഗീയതയെ കൂട്ട് പിടിക്കലും മുറ്റമടിയും പാത്രം കഴുകലും തന്നെയാണ്. അധികാരത്തിന്റെ കാലിനിടയില്‍ കൈതിരുകി ഉറങ്ങിയവര്‍ക്ക് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത അധ്വാനമാണത്.
‘ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടിനെപ്പറ്റി നിങ്ങള്‍ കേട്ടിട്ടില്ലേ?’ ‘ഇല്ല’ ‘എ.കെ ഗോപാലനെപ്പറ്റി കേട്ടു കാണുമല്ലോ?’ ‘ഇല്ല’ സിക്കുകാരന്‍ തലപ്പാവഴിച്ചു യൂണിഫോമഴിച്ചു ഉറക്കുകുപ്പായമണിഞ്ഞു. ‘ഉറങ്ങു മൂഢാത്മാവേ, ഞാന്‍ മനസ്സാ പറഞ്ഞു.. മൂഢാത്മാവല്ലാത്ത ഞാനും എന്റെ അറിവുകളുടെ ഉള്‍നിലാവില്‍ കിടന്നുറങ്ങി….’ പുതിയ ചോദ്യങ്ങളല്ല. പഴയതാണ്. ഒരു സിന്ദൂരപൊട്ടിന്റെ ഓര്‍മ്മ എന്ന ലേഖനത്തില്‍ ഒ.വി വിജയന്‍ തന്റെ ഓര്‍മ്മകള്‍ എഴുതിയതാണ്. ലോകത്ത് ജനാധിപത്യത്തില്‍ നിലവില്‍ വന്ന ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരം ഏറ്റെടുക്കുന്ന അഭിമാനകരമായ മുഹൂര്‍ത്തം പങ്കിടാന്‍ തഞ്ചാവൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള തീവണ്ടി യാത്രയിലാണ് വിജയന്‍. കമ്പാര്‍ട്ട്‌മെന്റിലെ ആകെ ഉണ്ടായിരുന്ന എന്‍.സി.സി ഓഫീസര്‍ ആയ സിഖുകാരനോട് തന്റെ പാര്‍ട്ടി അധികാരത്തില്‍ എത്തിയതിന്റെ സന്തോഷം പങ്കിട്ടു സംസാരിക്കുകയാണ്. എ.കെ.ജിയെ അറിയാത്ത, ഇ.എം.എസിനെ അറിയാത്ത ഈ മനുഷ്യന്‍ എന്തൊരു മൂഢാത്മാവ് എന്ന് ഞാന്‍ ചിന്തിച്ചു പോയിട്ടുണ്ട് എന്നാണ് വിജയന്‍ പറയുന്നത്. അറിഞ്ഞോ അറിയാതെയോ അവരെയെല്ലാം മറന്ന് പോയ ‘മൂഢാത്മാക്കളാണ്’ ഇന്ന് പാര്‍ട്ടിയെ നയിക്കുന്നത് എന്നതാണ് വസ്തുത. ആ യാത്ര മീനാക്ഷിപുരം കടന്ന് കൊല്ലങ്കോടിനോട് അടുക്കുമ്പോള്‍ ഒ.വി വിജയന്‍ കാണുന്ന കാഴ്ചയുണ്ട്. വിജയന്‍ ആ ദൃശ്യം എഴുതുന്നത് ഇങ്ങനെയാണ്. ‘ഒരു കൊച്ചു കുടിലിന്റെ തൊടികയില്‍, ഒരു പുളിമരത്തില്‍ ഞാത്തി കെട്ടിയ ഒരു ചെങ്കൊടി. ഈ സിന്ദൂരപ്പൊട്ടിനെ ഞാന്‍ സിഖുകാരനുമായി പങ്കിട്ടില്ല’.
മലയാളി മറ്റാര്‍ക്കും പങ്കിടാതെ ഉള്ളില്‍ ഒളിപ്പിച്ചുവെച്ച ഒരു വികാരം തന്നെയായിരുന്നു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. പ്രത്യയശാസ്ത്രപരമായ എതിര്‍പ്പുകള്‍ക്കിടയിലും പാര്‍ട്ടി എന്ന ഒറ്റവാക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്നതില്‍ ചെന്നെത്തിയിരുന്നു. പുളിമരത്തില്‍ ഞാത്തി കെട്ടാതെ ഉള്ളില്‍ അകത്ത് ഉയര്‍ത്തി കെട്ടിയ കൊടികള്‍ പാറുന്ന ചെറിയ കുടിലുകള്‍ക്കകത്ത് ഒളിച്ചിരുന്നും അന്തിയുറങ്ങിയും പാര്‍ട്ടി ഉണ്ടാക്കിയ മനുഷ്യരെ/ നേതാക്കളെ ഒരു പഞ്ചാബിക്ക് അറിയാതെ പോയത് പോലും എത്ര വലിയ തെറ്റാണെന്ന് ആ കാലത്തെ വിപ്ലവ എഴുത്തുകള്‍ നടത്തിയ വിജയന് പോലും തോന്നിയിട്ടുണ്ട്. പുതിയ വിപ്ലവകാരികള്‍ ബോധപൂര്‍വം അതൊക്കെ മറക്കാന്‍ ശ്രമിക്കുകയാണ്. പത്രവും റേഡിയോയും കാണുക പോലും ചെയ്യാത്ത കുടിലുകളില്‍ മനുഷ്യര്‍ അവരെ തിരിച്ചറിഞ്ഞിരുന്നു. ആവരുടെ ആശയങ്ങള്‍ അടക്കം അവരെ സ്വീകരിച്ചിരുന്നു. പാതിരാത്രിയില്‍ ഒളിവില്‍ പാര്‍ക്കാന്‍ വരുന്ന ആളെ തിരിച്ചറിയാന്‍ രണ്ടോ മൂന്നോ അക്ഷരങ്ങള്‍ മാത്രം മതിയാവുമായിരുന്നു. നിങ്ങളെന്തിനാണ് ഒളിവില്‍ എന്ന് അവര്‍ ചോദിച്ചില്ല. ഉള്ള ഒറ്റപാത്രം അവര്‍ക്കായി മാത്രം മാറ്റി വെച്ചു. അവര്‍ കാവലിരുന്നു. ആ പാര്‍ട്ടിയുടെ സഖാക്കളാണ് ‘ഞങ്ങളെ അറിയില്ലേ’ എന്ന് ചോദിച്ച് വീട് കയറുന്നത്. ‘ഞങ്ങളെന്താണ് ചെയ്യുന്നതെന്ന് നിങ്ങളെന്താണ് മനസ്സിലാക്കാത്തത്’ എന്ന് ചോദിച്ചു വിയര്‍ക്കുന്നത്.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് നൂറ് വയസ്സ് തികഞ്ഞത് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരം കൈയാളുമ്പോള്‍ ആണ്. പാര്‍ട്ടി എന്ന വാക്കിനപ്പുറം ഒന്നാം പിണറായി രണ്ടാം പിണറായി എന്നാണല്ലോ ഈ കാലത്തെ അവര്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. അങ്ങനെ പറയുമ്പോള്‍ 2020 രണ്ടാം പിണറായി കാലമാണ്. 1917 ലെ ഒക്ടോബര്‍ വിപ്ലവത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് താഷ്‌കന്റില്‍ 1920 ല്‍ രൂപീകരണം നടക്കുന്നത്. ഒരു ആശയത്തിന് നൂറാണ്ട് തികയുമ്പോള്‍ അതിന്റെ വക്താക്കള്‍ നേതാക്കള്‍ അതിനെ എങ്ങനെ കൊണ്ടുനടക്കുന്നു എന്നും അണികളെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുമുള്ള പുതിയ വായനയാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്.
ഇന്ത്യയിലൊട്ടാകെ ഈ ആശയത്തിന്റെ തകര്‍ച്ചയെകുറിച്ചുള്ള ചര്‍ച്ച അല്‍പം വിശദമായി പറയേണ്ടതാണ്. ഇന്നത്തെ വാര്‍ത്തകള്‍ക്ക് അനുസരിച്ച് ചുരുക്കി പറഞ്ഞാല്‍, അധികാരം പോയപ്പോള്‍ ആരുടെയും അടുക്കളയില്‍ കയറി പാത്രം കഴുകാന്‍ പോവാതെ, പാര്‍ട്ടി ഓഫീസ് പൂട്ടാന്‍ പോലും നില്‍ക്കാതെ അവര്‍ മറ്റ് മേച്ചില്‍ സ്ഥലങ്ങള്‍ തേടി പോയി. അധികാരം കിട്ടിയപ്പോള്‍ അടിസ്ഥാന വര്‍ഗത്തെ മറന്നാല്‍, അധികാരം പോയാല്‍ പാര്‍ട്ടി ഓഫീസിന്റെ പൂട്ട് പോലും തിരയാന്‍ ആളെ കിട്ടില്ല എന്നതിന്റെ തെളിവാണത്. ‘ഇനി അഞ്ചു കൊല്ലം കൂടി’ എന്ന ഒരൊറ്റ ലക്ഷമേ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് മുന്നില്‍ ഉള്ളൂ എന്ന രീതിയിലാണ് പുതിയ നയപരീക്ഷണങ്ങള്‍. മൂന്നാം പിണറായി വന്നാലും ഇല്ലെങ്കിലും ഈ പാര്‍ട്ടിക്ക് സാധ്യതകളുണ്ട്. അതിന് ദീര്‍ഘവീക്ഷണം ഉള്ള നേതൃത്വമാണ് വേണ്ടത്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്വയം കോമാളി ആവുകയും അഖിലേന്ത്യാ സെക്രട്ടറിയെ കോമാളി ആക്കുകയും ചെയ്യുന്ന ഒരു സര്‍ക്കസ് കൂടാരമായി മാറിയിരിക്കുന്നു കേരളത്തിലെ സി.പി.എം. കേരളത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ച തടയാനും അധികാരം നിലനിര്‍ത്താനും മികച്ച ബി.ജെ.പി ആവുകയെന്ന ആശയം ആരുടെ തലയില്‍ മുളച്ചതാണെങ്കിലും അത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അന്തകവിത്താണ്. രണ്ട് പതിറ്റാണ്ട് മുമ്പ് വരെ കേരളത്തിന്റെ പൊതുമനസ്സില്‍ ഒരു കമ്യൂണിസ്റ്റ്/റിബല്‍ ഉണ്ടായിരുന്നു. അതിനെ മയക്കി കിടത്തിയത് അമേരിക്കന്‍ സാമ്രാജ്യത്വമാണെന്ന് പറഞ്ഞു തടിതപ്പാനാവില്ല. അത് അധികാര മോഹം തന്നെ ആയിരുന്നു. അപ്പോള്‍ ചേക്കേറിയ അതിഥികളും നല്ല പങ്ക് വായിച്ചിട്ടുണ്ട്.
ബംഗാളില്‍ മൂന്ന് പതിറ്റാണ്ട് പാര്‍ട്ടി അധികാരത്തില്‍ നിന്നത് ഇത്രമാത്രം വിവരസാങ്കേതിക വളരാത്ത കാലത്തായിരുന്നു. അപ്പപ്പോള്‍ വിവരം കിട്ടുന്ന കിട്ടിയത് വിഡ്ഢിത്തമാണെങ്കിലും വിവരമാണെങ്കിലും സൂക്ഷിച്ച് വെക്കുന്ന, സ്വന്തമായി ആര്‍ക്കൈവ് ഉള്ള പുതിയ കമ്യൂണിറ്റിയില്‍ പിടിച്ചു നില്‍ക്കാന്‍ പാടാണ്. തിരുവനന്തപുരത്തും പാലക്കാടും കോഴിക്കോടും പാര്‍ട്ടി പിന്നോട്ട് പോയത് പരിശോധന നടത്തി നയങ്ങളില്‍ ആണ് മാറ്റം ഉണ്ടാവേണ്ടത്. ആരെയൊക്കെയോ കേള്‍പ്പിക്കാന്‍ വേണ്ടി പാര്‍ട്ടിക്ക് പരിചയം ഇല്ലാത്ത നയങ്ങള്‍ പറഞ്ഞ്, അതെല്ലാം എത്തേണ്ട സ്ഥലത്ത് എന്ന് ഉറപ്പാക്കിയ ശേഷം നടത്തുന്ന നിര്‍വ്യാജ ഖേദം കൊണ്ട് കാര്യമില്ല. നയങ്ങള്‍ കൃത്യമാണെങ്കില്‍ വീട്ടില്‍ പോയി പാത്രം കഴുകിയും മുറ്റമടിച്ചും പറയേണ്ടി വരില്ല. അവര്‍ ചെല്ലുമ്പോള്‍ തന്നെ സ്വീകരിച്ച് ഇരുത്തും. ഒരൊറ്റ ട്രോളില്‍ വീഴേണ്ട പാര്‍ട്ടിയല്ല മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. ജനം പറയുന്നത് ട്രോളല്ല. ഗൗരവമുള്ള സ്റ്റേറ്റ്‌മെന്റ് ആണ്. അത് ‘അയ്യേ നിങ്ങള്‍ പാത്രം കഴുകുന്നോ എന്നല്ല.’ ‘അയ്യോ നിങ്ങള്‍ പാത്രം കഴുകുന്നോ എന്നാണ്.’ ആ വ്യത്യാസം തിരിച്ചറിയാതെ അതിനെയും ജന്റര്‍ സമത്വത്തിന്റെ കുറ്റിയില്‍ കൊണ്ടുപോയി കെട്ടി കിടന്നുറങ്ങിയാല്‍ കമ്യൂണിസ്റ്റ് ഭാവി ഒരു സ്വപ്‌നം മാത്രമായി അവശേഷിക്കും.