Connect with us

editorial

നയപ്രഖ്യാപനത്തിലെ പൊരുത്തക്കേട്

സര്‍ക്കാര്‍ എഴുതിക്കൊടുത്ത നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഗവര്‍ണര്‍ വിട്ടുകളയുകയും പ്രസ്തുത ഭാഗം പിന്നീട് മുഖ്യമന്ത്രി സഭയില്‍ വായിച്ചതുമാണ് വിവാദങ്ങളുടെ തീപന്തമാക്കിമാറ്റാന്‍ ഇരുകൂട്ടരും ശ്രമിച്ചത്.

Published

on

അസാധാരണ സംഭവവികാസങ്ങളാല്‍ അമ്പരപ്പുളവാക്കിയെന്ന് വരുത്തിത്തീര്‍ക്കുകയും, എന്നാല്‍ പതിവുപോലെ സര്‍ക്കാര്‍ ഗവര്‍ണര്‍ ഒത്തുകളി പ്രകടമാകുകയും ചെയ്തിരിക്കുകയാണ് സര്‍ക്കാറിന്റെ നയപ്രഖ്യാപനം. സര്‍ക്കാര്‍ എഴുതിക്കൊടുത്ത നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഗവര്‍ണര്‍ വിട്ടുകളയുകയും പ്രസ്തുത ഭാഗം പിന്നീട് മുഖ്യമന്ത്രി സഭയില്‍ വായിച്ചതുമാണ് വിവാദങ്ങളുടെ തീപന്തമാക്കിമാറ്റാന്‍ ഇരുകൂട്ടരും ശ്രമിച്ചത്. എന്നാല്‍ ഗവര്‍ണറുടെ നിലപാടും നയപ്രഖ്യാപനത്തിന്റെ അകക്കാമ്പും പരിശോധിക്കുമ്പോള്‍ തന്നെ ഈ വേഷംകെട്ട് വ്യക്തമാണ്. സര്‍വകലാശാലകളിലെ വി.സി നിയമനവുമായി ബന്ധപ്പെട്ട് ഇരുകൂട്ടരുമുണ്ടാക്കിയ കോലാഹലങ്ങളുടെയും പിന്നീടുനടന്ന ഒത്തുതീര്‍പ്പിന്റെയും ചൂരും ചൂടും അടങ്ങുന്നതിന്റെ മുമ്പ് തന്നെയാണ് സമാനമായ രീതിയില്‍ മറ്റൊരു കണ്‍കെട്ട് വിദ്യകൂടി അരങ്ങേറിയത്.

മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുണ്ടാക്കിയ അന്നത്തെ നീക്കുപോക്കുകളില്‍ സി.പി.എമ്മിന്റെയും, കേന്ദ്രത്തിന്റെ പ്രതിനിധിയായ ഗവര്‍ണറെ പിന്തുണക്കുന്ന ബി.ജെ.പിയുടെയും അണികള്‍ മാത്രമല്ല, ഇരുവരുടെയും ഉപജാപക സംഘങ്ങള്‍ പോലും തലയില്‍ കൈവെച്ചുപോയിരുന്നു. എന്നാല്‍ ഈ അന്തര്‍ നാടകങ്ങള്‍ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ ജനങ്ങള്‍ ഒരേ മാളത്തില്‍ നിന്ന് രണ്ടുതവണ പാമ്പുകടിക്കില്ലെന്ന ആപ്തവാക്യം കണക്കെ ഈ പൊറാട്ടു നാടകം പുറംകാല്‍കൊണ്ട് തള്ളിമാറ്റുകയും ചെയ്യുകയാണ്.

നയപ്രഖ്യാപനത്തിലെ 12, 15, 16 ഖണ്ഡികകളിലാണ് ഗവര്‍ണറുടെ ‘കൈകടത്തല്‍’ ഉണ്ടായത്. ‘ഭരണഘടനാതത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്ന യൂണിയന്‍ ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ പ്രതികൂല നടപടികളുടെ ഭാഗമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിടുകയാണ്’, ‘സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ ദീര്‍ഘകാലമായി കെട്ടിക്കിടക്കുകയാണ്. ഈ വിഷയങ്ങളില്‍ എന്റെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും ഭരണഘടനാ ബെഞ്ചിന് കേസ് റഫര്‍ ചെയ്തിരിക്കുകയുമാണ്’. എന്നീ വാചകങ്ങളാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. എന്നാല്‍ ‘നികുതി വിഹിതവും ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകളും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാകുന്നതും ഔദാര്യമല്ലാത്തതും ഈ ചുമതല ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മേലുള്ള ഏതൊരു സമ്മര്‍ ദ്ദവും ഫെഡറല്‍ തത്വങ്ങളെ ദുര്‍ബ്ബലപ്പെടുന്നതുമാണ്’ എന്ന വാചകത്തിനോടൊപ്പം ‘എന്റെ സര്‍ക്കാര്‍ കരുതുന്നു’ എന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുകയുണ്ടായി.

പ്രസംഗം കഴിഞ്ഞ് ഗവര്‍ണര്‍ മടങ്ങിയശേഷം സഭയില്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിക്കുകയും മന്ത്രി സഭ അംഗീകരിച്ച പ്രസംഗത്തിന് അംഗീകാരം നല്‍കണമെന്ന് സ്പീക്കറോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുകയായിരുന്നു. നയപ്രഖ്യാപന പ്രസംഗത്തില്‍ വായിക്കാതെ വിട്ട ഭാഗങ്ങ ളില്‍ അവാസ്തവമായ വിവരങ്ങള്‍ ഉണ്ടെന്നും അവ മാറ്റാ മെന്ന് സര്‍ക്കാര്‍ നേരത്തെ സമ്മതിച്ചിരുന്നുവെന്നും നിര്‍ ദേശം അംഗീകരിക്കാത്തത് കൊണ്ടാണ് ആ ഭാഗം വായിക്കാതിരുന്നതെന്നും പിന്നീട് ഗവര്‍ണര്‍ വിശദീകരണം നല്‍കുകയുമുണ്ടായി.

പ്രസംഗത്തെക്കുറിച്ച് ഇരുകൂട്ടരും തമ്മില്‍ നേരത്തെ തന്നെ ധാരണയുണ്ടായിരുന്നുവെന്നത് ഗവര്‍ണറുടെ വിശദീകരണത്തില്‍ നിന്ന് വ്യക്തമാണ്. ഫെഡറല്‍ തത്വങ്ങളുടെ ലംഘനമുള്‍പ്പെടെയുള്ള കേന്ദ്രത്തെ വിമര്‍ശിക്കുന്ന മറ്റുഭാഗങ്ങള്‍ വായിക്കാന്‍ ഗവര്‍ണര്‍ തയാറായതിലൂടെ പ്രസംഗത്തോട് കാതലായ വിയോജിപ്പൊന്നും അദ്ദേഹത്തിനില്ലെന്നതും പ്രകടമാണ്. അതോടൊപ്പം പ്രസംഗം പൂര്‍ണമായും വായിക്കണമെന്ന് സര്‍ക്കാറിന് ആഗ്രഹമുണ്ടായിരുന്നുവെങ്കില്‍ അതിനുപയുക്തമായ സാധ്യതകള്‍ തേടാനുള്ള ശ്രമങ്ങള്‍ അവരുടെ ഭാഗത്തുനിന്നുണ്ടാകുകയും ചെയ്യുമായിരുന്നു. പ്രത്യേകിച്ചും ഗവര്‍ണര്‍ നേരത്തെതന്നെ വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍. മുഖം രക്ഷിക്കാന്‍ ചെന്നുകാണാനും കാലില്‍ വീഴാനുമൊന്നും ഒരു മടിയുമില്ലെന്ന് പലവട്ടം തെളിയിച്ച മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും ഈ വി ഷയത്തില്‍ മാത്രം പ്രത്യേകമായി അപകര്‍ഷബോധം തോന്നേണ്ടതുമില്ല. ഇതെല്ലാം തെളിയിക്കുന്നത് ഉഭയസമ്മതപ്രകാരമുള്ള ഏറ്റുമുട്ടലിനാണ് ഇന്നലെ സംസ്ഥാന നിയമസഭ സാക്ഷ്യംവഹിച്ചിട്ടുള്ളത് എന്നതാണ്. ചുരുക്കത്തില്‍ അ സത്യങ്ങള്‍ കുത്തിനിറച്ചതും എല്ലാ മേഖലയിലും പരാജയപ്പെട്ട സര്‍ക്കാരിന്റെ തെറ്റായ അവകാശവാദങ്ങളും ഒരിക്കലും ചര്‍ച്ചചെയ്യപ്പെടരുതെന്ന നിര്‍ബന്ധബുദ്ധിയാണ് ഈ കുബുദ്ധിയിലേക്ക് നയിച്ചതെന്നതാണ് യാഥാര്‍ത്ഥ്യം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

editorial

വലിയുന്ന ട്രംപ് തെളിയുന്ന സമാധാനം

മൂന്നാഴ്ചയോളമായി ഇറാന്റെ തെരുവുകളെ പിടിച്ചുലച്ച ബഹുജനപ്രക്ഷോഭം തണുക്കുമ്പോള്‍ പശ്ചിമേഷ്യ ആശ്വാസത്തിന്റെ നെടുവീര്‍പ്പിടുകയാണ്.

Published

on

മൂന്നാഴ്ചയോളമായി ഇറാന്റെ തെരുവുകളെ പിടിച്ചുലച്ച ബഹുജനപ്രക്ഷോഭം തണുക്കുമ്പോള്‍ പശ്ചിമേഷ്യ ആശ്വാസത്തിന്റെ നെടുവീര്‍പ്പിടുകയാണ്. കഴിഞ്ഞ നാല് ദിവസമായി സംഘര്‍ഷങ്ങളോ കാര്യമായ അക്രമസംഭവങ്ങളോ ഉണ്ടായില്ലെന്ന റിപ്പോര്‍ട്ടുകള്‍ സമാധാന കാംക്ഷികള്‍ക്ക് ആഹ്ലാദം നല്‍കുമ്പോള്‍ അമേരിക്കക്ക് അതു സമ്മാനിച്ചിരിക്കുന്നത് നിരാശയും ജാള്യതയുമാണ്.

വെനസ്വേല നല്‍കിയ ആവേശത്തില്‍ അടുത്ത കടന്നാക്രമണത്തി ന് തക്കംപാര്‍ത്തുനിന്ന ട്രംപിനും കൂട്ടര്‍ക്കും പത്തിമടക്കേണ്ടിവന്നിരിക്കുകയാണ്. ദിവസങ്ങളോളമായി തലസ്ഥാനമായ തെഹ്‌റാന്‍ ശാന്തമാണ്. വെടിവെപ്പുശബ്ദങ്ങളോ തീവെപ്പോ ഒന്നും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഇറാനിലെ പ്രക്ഷോഭം തണുക്കുകയും സഊദി അറേബ്യ, ഖത്തര്‍, ഈജിപ്ത്, ഒമാന്‍ എന്നീ രാജ്യങ്ങള്‍ ഇടപെടുകയും ചെയ്‌തോടെ ട്രംപിന് മറ്റുനിര്‍വാഹങ്ങളൊന്നുമുണ്ടായിരുന്നില്ല.

ഇതോടെ പശ്ചിമേഷ്യയിലെ യുദ്ധഭീതി താല്‍ക്കാലി കമായെങ്കിലും അകലുകയും ഫലസ്തീനിലെ ഇസ്രാഈല്‍ നരനായാട്ടില്‍ കണ്ണീര് കുടിക്കുന്ന ദേശത്തിന് നേരിയ ആശ്വാസമെങ്കിലും ലഭിച്ചിരിക്കുകയുമാണ്. ട്രംപ് ഇറാനോടുള്ള നിലപാട് മയപ്പെടുത്താന്‍ കാരണം ഗള്‍ഫ് സഖ്യകക്ഷികളുടെ സമ്മര്‍ദമാണെന്നതാണ് യാഥാര്‍ത്ഥ്യം.

രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കു നേരെ ഇറാന്‍ ഭരണകൂടം സ്വീകരിക്കുന്ന അടിച്ചമര്‍ത്തലില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന നിരവധി മുന്നറിയിപ്പുകള്‍ക്ക് ശേഷമാണ് ട്രംപിന്റെ നിലപാട് മാറ്റം. ഇറാനില്‍ സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയ പ്രക്ഷോഭകരോട് അത് തുടര്‍ന്നുകൊള്ളാനും സഹായം വരുന്നുണ്ടെന്നും പറഞ്ഞ ട്രംപ്, പൊടുന്നനെയാണ് തന്റെ നിലപാടുകളില്‍ മാറ്റംവരുത്തിയത്.

അറബ് സഖ്യകക്ഷികളില്‍ നിന്നുള്ള നയത ന്ത്രപരമായ സമ്മര്‍ദ്ദവും യുഎസ് സൈനിക വിന്യാസത്തെക്കുറിച്ചുള്ള ആശങ്കകളും യു.എസിന്റെ നിലവിലെ സമീപനത്തെ സ്വാധീനിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍. നിലവില്‍ അസ്ഥിരമായ പ്രദേശങ്ങളെ യുഎസിന്റെ സൈനിക ഇടപെടല്‍ കൂടുതല്‍ അസ്ഥിരപ്പെടുത്തുമെന്നും ആ ഗോള സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുമെന്നും ഈജിപ്ത്, ഒമാന്‍, സഊദി അറേബ്യ, ഖത്തര്‍ എന്നിവിട ങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിക്കു കയായിരുന്നു.

എന്നാല്‍ ട്രംപിന്റെ നീക്കത്തിന് പിന്നില്‍ എന്താണെന്നത് സമാധാനശ്രമങ്ങളുടെ മേലുള്ള ഭീഷണിയായി നിലനില്‍ക്കുകയാണ്. ട്രംപിന്റെ മനസില്‍ എന്താണെന്ന് അറിയാന്‍ പ്രയാസമാണെന്ന് അദ്ദേഹത്തിന്റെ പ്രസ്സ് സെക്രട്ടറി കരോലിന്‍ ലീവിറ്റിന്റെ വാക്കുകള്‍ ആശങ്കകള്‍ക്ക് അടിത്തറയി ടുകയാണ്. ഇറാനിലെ സാഹചര്യങ്ങള്‍ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ലീവിറ്റ് കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

ഇറാനെതിരായ നടപടികളില്‍ നിന്നും പിന്‍വാങ്ങണമെന്ന് സഊദി അറേബ്യ അമേരിക്കന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുകയും ഖത്തറും ഒമാനും ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചതും സംഘര്‍ഷാവസ്ഥ അയയാന്‍ കാരണമായതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ജി.സി.സി കൗണ്‍സിലിലെ രാജ്യങ്ങള്‍ക്ക് ഇറാനുമായി വ്യത്യസ്ഥ ബന്ധമാണുള്ളതെങ്കിലും ഇറാന്റെ പരമോന്നത നേതാവിനെ മാറ്റുകയോ സര്‍ക്കാര്‍ സംവിധാനം തകരുകയോ ചെയ്താല്‍ ഇതിന്റെ അലയൊലികള്‍ ജി.സി.സി രാജ്യങ്ങളെ ഒന്നടങ്കം ബാധിക്കുമെന്നാണ് അവര്‍ കരുതുന്നത്.

2003 ല്‍ ഇറാഖില്‍ അമേരിക്കന്‍ അധിനി വേശം നടന്ന ശേഷം പിന്നീട് അല്‍ഖാഇദയുടേയും ഐ.സിന്റേയും വളര്‍ച്ചക്ക് കാരണമായത് ഇതിന് തെളിവായി ജി.സി.സി രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഏതായാലും പരമാധികാര രാഷ്ട്രങ്ങളില്‍ ആഭ്യന്തര കലഹങ്ങള്‍ സൃഷ്ടിക്കുകയും അതില്‍ നിന്ന് മുതലെടുപ്പ് നടത്തുക മാത്രമല്ല, ഭരണകൂടങ്ങളെ അട്ടിമരിക്കുകയും ചെയ്യുകയെന്ന ഭ്രാന്തന്‍ സമീപനവുമായി മുന്നോട്ടുപോകാന്‍ തയാറെടുക്കുന്ന ട്രംപിന് ലഭിച്ച ഒരു ഷോക്ക് ട്രീറ്റ്‌മെന്റാണ് ഇറാന്‍ എന്ന കാര്യത്തില്‍ സംശയമില്ല. ലോകം തന്റെ കൈയ്യിലെ കളിപ്പാവയല്ലെന്ന ബോധ്യം ഇറാന്‍ സംഭവങ്ങള്‍ ട്രംപിന് സമ്മാനിച്ചുവെന്നത് ആശ്വാസകരമാണ്.

 

Continue Reading

editorial

ഇലകളറിയുമോ തീരാമോഹം

മാണിയുള്ള കാലത്ത് കിട്ടാത്ത മുന്തിരിക്ക് പുളിയാണെന്ന് എല്‍.ഡി.എഫ് തിരിച്ചറിഞ്ഞ് പണ്ട് പാലക്കാട്ട് പ്ലീനത്തിലാണ് സി.പി.എം മാണിക്കായി ആദ്യം പരവതാനി വിരിച്ചത്.

Published

on

കേരള രാഷ്ട്രീയത്തിലെ അധികായനായിരുന്നു കരിങ്കോഴക്കല്‍ മാണി എന്ന കെ.എം മാണി. കെ.എം മാണിയെ കോഴമാണി എന്ന് വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് കലാപമുയര്‍ത്തിയ ഇടതുപക്ഷം പിന്നീട് ആ മുന്തിരിക്കുലയെ മോഹിച്ച് വിളി മാണിസാര്‍ എന്നാക്കിയിരുന്നു. മാണിയുള്ള കാലത്ത് കിട്ടാത്ത മുന്തിരിക്ക് പുളിയാണെന്ന് എല്‍.ഡി.എഫ് തിരിച്ചറിഞ്ഞ് പണ്ട് പാലക്കാട്ട് പ്ലീനത്തിലാണ് സി.പി.എം മാണിക്കായി ആദ്യം പരവതാനി വിരിച്ചത്. പിന്നീട് കോഴയുടെ പേരില്‍ ചുരുട്ടി വച്ച ആ വിരിപ്പ് പിന്നീട് സംസ്ഥാന സമ്മേളന വേദിയില്‍ വീണ്ടും വിരിച്ചു. ഇക്കാലയളവിലാണ് ബാര്‍ കോഴക്കേസില്‍ തെളിവില്ലെന്ന് ഇടത് സര്‍ക്കാറിന്റെ വിജിലന്‍സ് പാടുപെട്ടു കണ്ടു പിടിച്ചത്.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പുവരെ ഇടതിനെ മോഹിപ്പിച്ചു നടന്ന മാണി പിന്നീട് മനം മാറ്റി. അപ്പോഴേക്കും വിജിലന്‍സി റിപ്പോര്‍ട്ട് തയാറായിക്കഴിഞ്ഞിരുന്നു. മാണി പൊടീം തട്ടി പോവുകേം ചെയ്തു. കോഴ മാണിയില്‍ മാണി സാറിലേക്ക് സി.പി.എം നാക്കിനെ മാറ്റിയപ്പോള്‍ മകന്‍ ജോസ് മോന് അധികാരത്തോട് കലശലായ മോഹം. പിന്നെ ഒന്നും നോക്കിയില്ല തങ്ങളെ അഴിമതിക്കാരെന്ന് മുന്‍പ് വിളിച്ചവന്‍മാരുടെ കൂടെ തോളില്‍ കയ്യിട്ടൊരു പോക്കങ്ങു പോയി. മീനച്ചിലറില്‍ വെള്ളം പിന്നെയും കുറെ ഒഴുകി.

അപ്പന് ആനയുണ്ടെന്ന് കരുതി മകന് തഴമ്പുണ്ടാവില്ലെന്ന് ആര്‍ക്കറിയില്ലെങ്കിലും പാലാക്കാര്‍ക്ക് നന്നായി അറിയാം. ജോസ് മോനെ പാല പറ്റിച്ചു. കരിങ്കോഴക്കല്‍ മാണി എന്ന കെ.എം മാണി 1975 ലാണ് ആദ്യമായി മന്ത്രിയാകുന്നത്. പരാജയമില്ലാത്ത, തുടര്‍ച്ചയായ 13 തിരഞ്ഞെടുപ്പുകള്‍ നേരിട്ടു കെ.എം മാണി എന്ന മാണിസാര്‍. പക്ഷേ മകന്‍ പാര്‍ട്ടി ചെയര്‍മാനായതോടെ സ്വന്തം വാര്‍ഡില്‍ പോലും തോറ്റു പതിറ്റാണ്ടുകളായി കൈവശം വെച്ച പാലാ മുനിസിപ്പാലിറ്റി കൂടി കൈമോശം വന്നതാണ് ആകെയുള്ള പാര്‍ട്ടിയുടെ ഇക്കാലയളവിലെ വളര്‍ച്ച. എന്നാല്‍ പിന്നെ ഇടതിനൊപ്പം രാജ്യസഭയെങ്കില്‍ രാജ്യസഭ തന്നെ. ഇടതിന്റെ കുത്തൊഴുക്ക് ഇരട്ടച്ചങ്കന്റെ ഏതാണ്ടൊക്കെ എന്ന് കൂവിയിട്ടും രണ്ടിലയ്ക്ക് പക്ഷേ ഇടതില്‍ വേണ്ടത്ര കിളിര്‍ക്കാനാവുന്നില്ലെന്ന് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പോടെ ജോസ്‌മോനും പാര്‍ട്ടിയും തിരിച്ചറിഞ്ഞു.

പണ്ട് അപ്പനുള്ളപ്പോള്‍ പാര്‍ട്ടി പിളരുന്തോറും വളരുമെന്നും വളരുന്തോറും പിളരുമെന്നൊക്കെ സിദ്ധാന്തമൊക്കെ ഇറക്കിയിരുന്നു. പക്ഷേ അപ്പനല്ലല്ലോ മകന്‍. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജോസും പാര്‍ട്ടിയും ഒരു കാര്യം തിരിച്ചറിഞ്ഞു. സ്വന്തം ബൂത്തിലും പാലായിലും എന്തിനേറെ പറയുന്നു കോട്ടയത്തു പോലും പാര്‍ട്ടിക്ക് ഇപ്പോള്‍ മേല്‍വിലാസമില്ലാതായിരിക്കുന്നു. ഇനി രണ്ടിലയുടെ വാട്ടം മാറ്റാന്‍ പുഴിക്കടകനായി യു.ഡി.എഫിലേക്ക് ചാടിയാലോ എന്ന് പാര്‍ട്ടിക്കാര്‍ അടക്കം പറഞ്ഞ് തുടങ്ങി. ജോസിനും അത്തരമൊരു മോഹം പൂവിട്ടതായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ഏക മന്ത്രിയെ പിണറായിയും സി.പി.എമ്മും ചാക്കിട്ടതോടെ താനില്ലെന്ന് മന്ത്രി പ്രഖ്യാപിച്ചു.

പാര്‍ട്ടിയും ജോസും പെട്ടു. പാര്‍ട്ടി ജനാധിപത്യവും കര്‍ഷക പ്രേമവുമൊക്കെ വലിയ വായില്‍ പറയുന്ന മുന്‍നിര നേതാക്കളില്‍ ചിലര്‍ രാഷ്ട്രീയ നേരും നെറിയും കാണിക്കേണ്ട സുപ്രധാന ഘട്ടത്തില്‍ നിലപാടില്‍ വെള്ളം ചേര്‍ത്തു. സ്ഥാനമാനങ്ങളും ‘സ്ഥാവരജംഗമസ്വത്തു’ക്കളും കൈമോശം വരുമെന്ന് തോന്നിയാല്‍ ജനാധിപത്യ രാഷ്ട്രീയ മര്യാദയൊക്കെ ആര് നോക്കാന്‍? വിവിധ കേരള കോണ്‍ഗ്രസുകളില്‍ മുന്‍കാലങ്ങളിലുണ്ടായ പിളര്‍പ്പുകളെ പോലെയാകില്ല മാണി കോണ്‍ഗ്രസില്‍ ഇനിയുണ്ടാകുന്ന പിളര്‍പ്പിന്റെ അനന്തരഫലം. കെ.എം. മാണിയെന്ന രാഷ്ട്രീയ തന്ത്രശാലിയുടെ അഭാവത്തില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പ് കൂടി സംഭവിച്ചാല്‍ പിന്നെ പാര്‍ട്ടി ചിഹ്നം കാണണമെങ്കില്‍ തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെ മത്സരിക്കുന്നിടത്ത് പോകേണ്ടി വരും. ഇതോടെ രണ്ടില വെറും ഇലയായി മാറുമെന്ന ഘട്ടമായി. അല്ലെങ്കില്‍ തന്നെ ഉപ്പുവെച്ച കലം പോലെയുള്ള പാര്‍ട്ടി ഇനി ഒരു പിളര്‍പ്പുകൂടി താങ്ങില്ലെന്ന് കണ്ടറിഞ്ഞ ജോസും പാര്‍ട്ടിയും തല്‍ക്കാലം ഇടതില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. അപ്പോഴും പ്രശ്നം അവിടെ കിടക്കുകയാണ്.

ഇടതില്‍ തുടരുമ്പോഴും 3 തുടരുമ്പോഴും കണ്ണ് യു.ഡി.എഫില്‍ വെച്ചുകൊണ്ടാണ് ജോസ് കെ മാണി മുന്നോട്ടു പോകുന്നത്. ഇടതിനോട് ചോദിച്ചത് 13 സീറ്റാണ്. ഒന്നില്‍ പോലും ഗ്യാരന്റി ഇല്ല. പോരാത്തതിന് പാര്‍ട്ടി ചെയര്‍മാന് പാലയില്‍ വേരോട്ടമില്ല. കോട്ടയം ജില്ലയില്‍ ഒരിടത്തും ഇടതില്‍ നിന്നാല്‍ ജയിക്കുമെന്ന് ഒരു ഉറപ്പുമില്ല. ഇടുക്കിയിലും പത്തനംതിട്ടയിലും കാട്ടാന കരിമ്പിന്‍ തോട്ടത്തില്‍ മേഞ്ഞ പോലെയാണ് പാര്‍ട്ടിയുടെ അവസ്ഥ തദ്ദേശ തിരഞ്ഞെടുപ്പോടെ ഒരിടത്തും രണ്ടിലയില്ല. എന്തായാലും ജോസ് മോന്റെ ഇളക്കം കാരണം ഉറക്കം നഷ്ടമായ ഇടതും പിണറായിയും മാണി കോണ്‍ഗ്രസിനെ മുന്നണിയില്‍ അരക്കിട്ട് ഉറപ്പിക്കുന്നതിനായി പൂഴിക്കടകനുമായി ഇറങ്ങിയിരിക്കുകയാണിപ്പോള്‍. കോഴ മാണിയെന്നും നരകത്തില്‍ കെടാത്ത തീയും ചാവാത്ത പുഴുക്കളുമൊക്കെ കാത്തിരിക്കു മെന്നൊക്കെ വിളിച്ചു കൂവിയവരാണെന്ന കാര്യം തല്‍ക്കാലം മറക്കുകയാണ്.

കെ.എം. മാണിക്ക് സ്മാരകം പണിയാന്‍ തിരുവനന്തപുരത്ത് സ്ഥലം അനുവദിച്ച് സര്‍ക്കാര്‍ വിജ്ഞാപനം അങ്ങ് ഇറക്കി. വരാനിരിക്കുന്ന തലമുറ കെ.എം മാണിസാര്‍ ആരായിരുന്നു എന്ന് തിരിച്ചറിയാന്‍ അദ്ദേഹത്തിന് ഒരു സ്മാരകം വേണ്ടത് തന്നെ. അത് സി.പി.എം കാലത്ത് തന്നെ ചെയ്യണം. കാരണം, അദ്ദേഹത്തെ അപമാനിക്കാനായി ഓവര്‍ടെം പണിയെടുത്ത നേതാ ക്കളാണ് നിലവിലെ ഭരണക്കാര്‍. 10 കൊല്ലമായി കൊടുക്കാത്ത സ്ഥലം ജോസൊന്ന് കണ്ണ് തിരുമ്മിയപ്പോള്‍ പൊന്തിവന്നുവെന്നത് സി.പി.എമ്മും ഇടത് മുന്നണിയും ഇപ്പോള്‍ എത്തി നില്‍ക്കുന്ന ഗതികേടിന്റെ ആഴം കൂടിയാണ് വെളിപ്പെടുത്തുന്നത്. എന്റെ വക കോഴമാണിക്ക് 500 എന്ന് സാമുഹിക മാധ്യമങ്ങളിലൂടെ പരിഹാസം ചൊരിയുകയും മാണിന്നുമൊക്കെ കാച്ചിയവര്‍ ഇനി മാണി സാറിന്റെ സ്മാരകം കാണുമ്പോള്‍ എങ്ങിനെ സഹിക്കുമോ എന്തോ?.

 

 

 

 

Continue Reading

editorial

ക്ഷാമബത്തയിലെ സര്‍ക്കാര്‍ ചതി

ക്ഷാമബത്ത കുടിശികയില്‍ നിലവില്‍ രാജ്യത്ത് നമ്പര്‍ വണ്‍ ആയി നിലകൊള്ളുന്ന കേരളത്തിലെ പിണറായി ഭരണകൂടമാണ് ആ മാനക്കേടില്‍നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന് പകരം സ്വന്തം കഴിവുകേട് മറച്ചുവെക്കാന്‍ തൊടിന്യായവുമായെത്തുന്നത്.

Published

on

ക്ഷാമബത്ത (ഡി.എ) ജീവനക്കാരുടെ അവകാശമല്ലെന്നും ഭരണപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുകയാണ്. നിയമപരമായി നിര്‍ബന്ധമായും നല്‍കേണ്ട ആനുകൂല്യമല്ല ഡി.എ എന്നും ഇത് നല്‍കുന്ന കാര്യത്തില്‍ സമയപരിധി പറയാനാകുന്ന സാമ്പത്തികാവസ്ഥയിലല്ല സര്‍ക്കാര്‍ ഇപ്പോഴുള്ളതെന്നുമാണ് ധനകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി സ്‌പെഷ്യല്‍ ഗവണ്‍മെന്റ്‌റ് പ്ലീഡര്‍ വഴി ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഡി.എ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ രീതിയാണ് തുടരുന്നതെന്നും ഇതുപ്രകാരം അഡീഷണല്‍ ഡി.എ അനുവദിക്കുന്ന മാസം മുതലാണ് ഇതിന് പ്രാബല്യമുണ്ടാവുകയെന്നും ഡി.എ കുടിശ്ശികയുടെ കാര്യത്തില്‍ ഇത് ബാധകമല്ലെന്നുമാണ് സര്‍ക്കാറിന്റെ വാദം. ക്ഷാമബത്ത കുടിശികയില്‍ നിലവില്‍ രാജ്യത്ത് നമ്പര്‍ വണ്‍ ആയി നിലകൊള്ളുന്ന കേരളത്തിലെ പിണറായി ഭരണകൂടമാണ് ആ മാനക്കേടില്‍നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന് പകരം സ്വന്തം കഴിവുകേട് മറച്ചുവെക്കാന്‍ തൊടിന്യായവുമായെത്തുന്നത്.

ആറു ഗഡുക്കളായി 18 ശതമാനമാണ് കേരളത്തിലെ നിലവിലെ ക്ഷാമബത്ത കുടിശിക. ഇത്രമേല്‍ ഡി.എ കുടിശികയാക്കിത്തീര്‍ത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന ധനകാര്യവകുപ്പിന് മാത്രം അവകാശപ്പെട്ടതാണെന്നതില്‍ രണ്ടഭിപ്രായത്തിനിടമില്ല. ധനകാര്യ മാനേജ്‌മെന്റിന്റെ വീഴ്ചയാണ് ഇത്തരത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നതാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. രാജ്യത്തെ ആറ് സംസ്ഥാനങ്ങളില്‍ ഒരു നയാപൈസപോലും ക്ഷാമബത്ത കുടിശിക ഇല്ലാത്ത സാഹചര്യത്തിലാണ് കേരളത്തിലെ ഈ യമണ്ടന്‍കുടിശിക.

ബീഹാര്‍, മധ്യപ്രദേശ്, തമിഴ്‌നാട്, അരുണാചല്‍പ്രദേശ്, കാശ്മീര്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് ജീവനക്കാരുടെ അവകാശമായ ക്ഷാമബത്ത പൂര്‍ണമായും നല്‍കിയത്. ബാക്കിയുള്ള സംസ്ഥാനങ്ങളിലാകട്ടെ ഒന്നും രണ്ടും ഗഡുക്കളെന്ന മാന്യമായ കുടിശികയേ കൊടുത്തുവീട്ടാനുള്ളൂ. പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക അനുവദിക്കാത്ത രാജ്യത്തെ ഏക സംസ്ഥാനമെന്ന ക്രെഡിറ്റും പിണറായി സര്‍ക്കാര്‍ കഴുത്തിലണിഞ്ഞിട്ടുണ്ട്. എന്നാല്‍ ഞെട്ടിപ്പിക്കുന്ന ഈ കിട്ടാക്കണക്കുകള്‍ക്കിടയിലും ഉന്നത ഉദ്യോഗസ്ഥരുടെ വിഹിതം കൊടുത്തു തീര്‍ക്കുന്നതില്‍ സര്‍ക്കാര്‍ വലിയ ശുഷ്‌കാന്തിയാണ് കാ ണിച്ചിരിക്കുന്നത്.

സാധാരണക്കാരായ സര്‍ക്കാര്‍ ജീവനക്കാരോട് സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന സമീപനം സ്വീകരിക്കുമ്പോഴാണ് ഉന്നതരോടുള്ള ഈ കരുതലും തലോടലും. ഐ.എ.എസ്, ഐ.പി.എസ്, ജുഡീഷ്യല്‍ ഓഫിസര്‍മാര്‍, പി.എസ്.സി അംഗങ്ങള്‍ എന്നിവര്‍ക്ക് മാത്രമാണ് കേരളത്തില്‍ ക്ഷാമബത്ത കൃത്യമായി അനുവദിക്കുന്നതും കുടിശിക പണമായി നല്‍കുന്നതും.
ക്ഷാമബത്ത കുടിശിക പൂര്‍ണമായും (18 %) കൊടുക്കണ മെങ്കില്‍ 468 കോടി രൂപ പ്രതിമാസം കണ്ടെത്തേണ്ടതുണ്ട്. ഇത് കൃത്യമായി കൊടുക്കാതെ നീട്ടി കൊണ്ടു പോയതാണ് പ്രതിമാസ കുടിശിക ഉയരാന്‍ കാരണം.

ഒരു ശതമാനം ക്ഷാമബത്ത കൊടുക്കാന്‍ ഒരു മാസം വേണ്ടത് 26 കോടിയാണ്. ഏഴു ശതമാനം ക്ഷാമബത്ത കൊടുക്കാന്‍ ഒരു മാസം വേണ്ടത് 182 കോടിയാണ്. 18 ശതമാനമാണ് കേരളത്തിലെ ക്ഷാമബത്ത കുടിശിക. കേന്ദ്രസര്‍ക്കാര്‍ നയങ്ങളാണ് സംസ്ഥാനത്ത് ഫണ്ട് ദൗര്‍ലഭ്യത്തിനിടയാക്കിയതെന്ന പതിവുപല്ലവി മാത്രമാണ് സര്‍ക്കാറിന് ഈ കെടുകാര്യസ്ഥതക്ക് ന്യായീകരണമായി പറയാനുള്ളത്. സംസ്ഥാനസര്‍ക്കാരിന്റെ കടമെടുപ്പ് പരിധിയിലുള്ള നിയന്ത്രണം ചോദ്യം ചെയ്യുന്ന ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതടക്കമുള്ള വിഷയമാണ് സുപ്രീംകോടതിയിലുള്ളത്. കുടിശ്ശികയായ ക്ഷാമബത്ത കുള അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് ഭാരവാഹികള്‍ ഫയല്‍ചെയ്ത ഹര്‍ജിയാണ് കോടതിയിലുള്ളത്.

വ്യാഴാഴ്ച ജസ്റ്റിസ് എന്‍. നഗരേഷ് ഹര്‍ജി പരിഗണിച്ചെങ്കിലും സര്‍ക്കാര്‍ അഭിഭാഷകന്റെ അസൗകര്യം കണക്കിലെടുത്ത് ജനുവരി 22 ലേക്ക് മാറ്റിയി രിക്കുകയാണ്. ഡി.എം കുടിശ്ശികയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നടങ്കം നിയമപരമായും സംഘടനാപരമായും പോരാട്ടം നടത്തുമ്പോള്‍ സി.പി.എം അനുകൂല സംഘടനകള്‍ ദീക്ഷിക്കുന്ന മൗനം ഉദ്യോഗസ്ഥ സമൂഹത്തോടുള്ള കൊടുംവഞ്ചനയായി മാത്രമേ കാണാന്‍ കഴിയുള്ളൂ. ആന്റണി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചെന്നാരോപിച്ച് ഒരുമാസക്കാലം സമരത്തിനിറങ്ങിയവരാണ് ഇപ്പോള്‍ വാ തുറക്കാനാവാതെ മാളത്തിലൊളിച്ചിരിക്കുന്നത്. ചുരുക്കത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ തിരച്ചടിയുടെ പേരില്‍ എല്ലാ വിഭാഗം ജനങ്ങളോടും ശത്രുതാപരമായ സ്വീകരിക്കുന്ന പിണറായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അതില്‍നിന്ന് മാറ്റിനിര്‍ത്തിയിട്ടില്ലെന്നതാണ് ഈ സത്യവാങ്മൂലം തെളിയിക്കുന്നത്.

 

Continue Reading

Trending