X

പിണറായിയുടെ മഴുവും കലോത്സവത്തിലെ മെനുവും

ലുഖ്മാന്‍ മമ്പാട്

ജുതിത്ത് മേയറും മിച്ചലെ ഡിഫെയും ചേര്‍ന്ന് ഗ്രാമീണ ഉത്സവങ്ങളെ സൈദ്ധാന്തികമായി വിശകലനം ചെയതെഴുതിയ പുസ്തകമാണ് ഫെസ്റ്റിവെല്‍ എന്‍കൗണ്ടേഴ്സ്. സംസ്‌കാരങ്ങളുടെ കൊള്ളകൊടുക്കലുകളുകള്‍ വലുപ്പ ചെറുപ്പമില്ലാതെ സാധ്യമാവുന്നു എന്നതാണ് നിരൂപണത്തിന്റെ ആകെത്തുക. കലയായാലും ഭക്ഷണമായാലും കായികമായാലും മതമായാലും ഉത്സവങ്ങളുടെ നീക്കിബാക്കി അതാണ്. ആശയ വിനിമയത്തിന്റെ ആഘോഷമായി സ്‌കൂള്‍ കലോത്സവവും മാറാതെ തരമില്ലല്ലോ. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമാമാങ്കം കോഴിക്കോട് കൊടിയിറങ്ങുമ്പോള്‍ ഇതാദ്യമായി ആശങ്കയുടെ ഭാവം ബാക്കിയായതെങ്ങിനെയാണ്.

സ്‌കൂള്‍ കലോത്സവത്തിന് തീം ഗാനം ഒരുക്കുമ്പോള്‍ സ്വാഭാവികമായും കോഴിക്കോടിന്റെ സവിശേഷ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുമല്ലോ. വിദ്യാര്‍ത്ഥികള്‍ നഗരത്തിലെ സി.എച്ച് ഓവര്‍ബ്രിഡ്ജിനു താഴെയുള്ള കടയില്‍ മില്‍ക് സര്‍ബത്ത് കുടിക്കുന്ന ഒരു രംഗവുമുണ്ടായിരുന്നു. സ്‌ക്രീനിങ് കമ്മിറ്റിയുടെ പരിശോധനയില്‍ അതു വെട്ടിമാറ്റി. കുട്ടികള്‍ കള്ള് കുടിക്കുകയാണോയെന്ന് സംശയമുണ്ടാക്കുമെന്നാണ് കാരണം പറഞ്ഞത്. സര്‍ബതിന്റെ നിറം കള്ളാണെന്ന് തോന്നിപ്പിക്കുന്നതിനാല്‍ ആ ദൃശ്യം നീക്കിയത് നല്ല കാര്യം.

സ്‌കൂള്‍ കലോത്സവ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച സംഗീത ശില്‍പം കാണുക: മാനവ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമോതുന്ന നൃത്ത ചുവടുകളുമായി ഏതാനും വിദ്യാര്‍ത്ഥികള്‍ അരങ്ങില്‍. കുരിശില്‍ തറക്കപെട്ട യേശുവിന്റെ രൂപ സാദൃശ്യത്തില്‍ രണ്ട് കലാകാരന്മാരുടെ സ്റ്റില്‍. പ്രാര്‍ത്ഥനാപൂര്‍വം കൈകൂപ്പി സ്ത്രീ കലാകാരി. പെട്ടെന്ന് തീവ്രവാദി ആക്രമണമുണ്ടാവുന്നു. വെടിയേറ്റ് ഒരു പട്ടാളക്കാരന്‍ കൊല്ലപ്പെടുന്നു. മറ്റു പട്ടാളക്കാര്‍ ചേര്‍ന്ന് തികഞ്ഞൊരു മുസ്ലിം പണ്ഡിതന്റെ വേഷമുള്ള തീവ്രവാദിയെ പിടികൂടുന്നു. ദേശീയ പതാകയുയരുന്നു. മുസ്ലിം തീവ്രവാദി ഒഴികെയുള്ളവര്‍ സല്യൂട്ട് ചെയ്യുന്നു. സംഗീത ശില്‍പം അവസാനിക്കുമ്പോള്‍ ഇസ്ലാമോഫോബിയ ‘മഴു’വില്‍ നിന്ന് സദസ്സില്‍ നിന്നുയരുന്ന കരഘോഷങ്ങളിലേക്ക് കണ്ണുകള്‍ പായിക്കുക. മുമ്പില്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍, സംഘാടക സമിതി ചെയര്‍മാനും മരുമകനുമായ മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കര്‍ എ.എന്‍ ഷംസീര്‍, വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടി, ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.. കയ്യടിക്കാരുടെ സംതൃപ്തി മുഖത്തുനിന്ന് വായിച്ചെടുക്കാം.

അപ്പോഴും ഒന്നര ദിവസം മുമ്പുള്ള പ്രസംഗത്തിന്റെ അലയൊലി ഒന്നര കിലോമീറ്റര്‍ അകലെയുള്ള സ്വപ്ന നഗരിയില്‍ നിന്നു മുഴങ്ങുന്നുണ്ടായിരുന്നു. മുജാഹിജ് സംസ്ഥാന സമ്മേളന സമാപനം ഉദ്ഘാടനംചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നോക്കിവായിച്ചത് ഇപ്രകാരമായിരുന്നു: ‘എതിര്‍ക്കേണ്ടതിനെ എതിര്‍ത്ത് പോകണം. അവിടെ നിശബ്ദത പാലിച്ച് മൂകസാക്ഷികളായിമാറരുത്. മതനിരപേക്ഷ കക്ഷികളുടെ ഐക്യനിര ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. അവര്‍ മഴുവോങ്ങി നില്‍ക്കുന്നുണ്ട്. അതിന്റെ താഴെ പോയി തല കാണിച്ചുകൊടുക്കരുത്’. അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവും പാര്‍ട്ടി ചാനല്‍ മേധാവിയുമായ ജോണ്‍ ബ്രിട്ടാസ് അതേ വേദിയില്‍ രണ്ടു ദിവസം മുമ്പ് ആര്‍.എസ്.എസുകാരനായ ഗോവ ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ച സംഘാടകരെ നിശിതമായി വിമര്‍ശിച്ച് (എന്തോ) ഉണ്ടോ, ഉണ്ടോ എന്നു ചോദിച്ചതുപോലുള്ളൊരു വൈരുദ്ധ്യാധിഷ്ഠിത തടിതപ്പലാണത്. ഇതേ ശ്രീധരന്‍പിള്ളയുമായി വേദി പങ്കിട്ട് പരസ്പരം പുറംചൊറിഞ്ഞ്, ‘സംഘ്പരിവാറിന്റെ പത്മവ്യൂഹത്തിലേക്കാണ് എന്നറിഞ്ഞിട്ടും ഞാന്‍ ഈ പരിപാടിയില്‍ പങ്കെടുത്തത് കേരളത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് അടിവരയിടാനാണ്. വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ഒരുമിച്ചിരിക്കാന്‍ കഴിയുന്നത് ഇന്ന് കേരളത്തില്‍ മാത്രമാണ്. അതുകൂടി നഷ്ടപ്പെടുത്തരുത്. രാഷ്ട്രീയ സൗമനസ്യവും സൗഹൃദവും തിരിച്ചുവിളിക്കേണ്ടതുണ്ട്. എതിര്‍ചേരിയിലുള്ള രാഷ്ട്രീയ നേതാക്കളെ ബഹുമാനിക്കാനും അംഗീകരിക്കാനും കെ.ജി മാരാര്‍ കാണിച്ച മര്യാദ ഏവരും സ്മരിക്കുന്നതാണ്. കണ്ണൂര്‍ ജയിലില്‍ കഴിയവെ ഒപ്പമുണ്ടായിരുന്ന മുസ്ലിം തടവുകാര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പായ വിരിച്ചു നല്‍കിയ രാഷ്ട്രീയ സൗഹൃദത്തിന് ഉടമയായിരുന്നു കെ.ജി മാരാര്‍…’ എന്നിങ്ങനെ വാഴ്ത്തിപ്പാടിയ ജോണ്‍ ബ്രിട്ടാസ് മുജാഹിദ് വേദിയിലേക്ക് ആരെയൊക്കെ ക്ഷണിക്കണമെന്ന് എ.കെ.ജി സെന്ററില്‍ നിന്നു തീരുമാനിക്കണമെന്നോ മോഹന്‍ ഭഗവതിലേക്ക് കേരളത്തില്‍ നിന്നുള്ള പാലം ബി.ജെ.പിക്കാരേക്കാള്‍ പിണറായിയാണെന്നോ പറയാതെ പറയുകയാണ്.

എല്ലാ മുസ്ലിം സംഘടനകളും സി.പി.എമ്മിന്റെ ആജ്ഞാനുവര്‍ത്തികളായിമാറണമെന്ന തിട്ടൂരത്തെ കുറിച്ച് മനസ്സിലാകാത്തവര്‍ക്ക് കഴിഞ്ഞദിവസം സമസ്ത സമ്മേളനം റിപ്പോര്‍ട്ട് ചെയ്ത ദേശാഭിമാനി വായിച്ചാല്‍ കാര്യം ബോധ്യപ്പെടും. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ തുടക്കത്തില്‍തന്നെ മുസ്ലിം ഉമ്മത്തിനെ തീവ്രവാദിയായി ചിത്രീകരിച്ച് പിന്നീട് മോണോആക്ടായി പണ്ഡിതരെ പരിഹസിക്കുന്ന സമീപനം സ്വീകരിക്കുമ്പോള്‍, സര്‍ക്കാര്‍ ചെലവില്‍ പൊതുസംവിധാനത്തില്‍ ഒരു സമുദായത്തിന്റെ മുഖം വികൃതമാക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ സമൂഹം ശക്തമായി പ്രതികരിക്കുമെന്ന പ്രഖ്യാപനത്തെ തക്ബീര്‍ ധ്വനികളോടെ എതിരേറ്റ പതിനായിരങ്ങളെയും പണ്ഡിത നേതൃത്വത്തെയും കൊച്ചാക്കി ദേശാഭിമാനി മുസ്ലിംലീഗിന്റെ നെഞ്ചില്‍ ചവിട്ടി പടച്ച നുണ ഇങ്ങനെയാണ്: സംഘാടക സമിതി ട്രഷററും മുസ്്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.സി മായിന്‍ഹാജി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധേയമായി. ലീഗിന്റെ വിലക്കു മൂലമാണ് മായിന്‍ഹാജി വിട്ടുനിന്നതെന്നാണ് സൂചന. (ദേശാഭിമാനി, 2023 ജനുവരി 9).

വരക്കല്‍ മഖാം സിയാറത്തു മുതല്‍ പതാക ഉയര്‍ത്തുന്നതുവരെയും സമ്മേളനം തീരുന്നതുവരെ സ്റ്റേജിലുമിരുന്ന എം. സി മായിന്‍ഹാജിയുടെ അസാന്നിധ്യം പുതിയ വിവാദത്തിന് തിരികൊളുത്തുമെന്ന് പറയുന്ന ദേശാഭിമാനിക്കാരന്‍ വിദേശത്തുള്ള മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴിയും മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ബാസലി തങ്ങള്‍ ഉടലോടെയും സമ്മേളനത്തെ അഭിസംബോധന ചെയ്തതൊന്നും കണ്ടില്ല. സമസ്ത നേതൃരംഗത്തുള്ളവര്‍ സംസാരിച്ചാല്‍ മതിയെന്ന സംഘാടകസമിതി തീരുമാനത്തെതുടര്‍ന്നാണ് ട്രഷററായ മായിന്‍ ഹാജി ഉള്‍പ്പെടെ സംസാരിക്കാതിരുന്നത്. മുജാഹിദ് സമ്മേളനത്തിലും സമസ്ത സമ്മേളനത്തിലും ആരൊക്കെ സംസാരിക്കണമെന്ന് എ.കെ.ജി സെന്റര്‍ തീരുമാനിക്കാന്‍ നടക്കും മുമ്പ്, സംഘ്പരിവാറിനേക്കാള്‍ ആവേശത്തില്‍ ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സമ്മേളനത്തില്‍ ഉദ്ഘാടകനാക്കാമെങ്കില്‍ ബി.ജെ.പിക്കാരായ ഗോവ ഗവര്‍ണ്ണര്‍ ശ്രീധരന്‍ പിള്ളയെയും കേന്ദ്ര സഹമന്ത്രി വി മുരളീധരനെയും ക്ഷണിച്ചുകൂടെയെന്ന് സംഘാടകര്‍ ചിന്തിച്ചതിനെ കുറ്റം പറയുംമുമ്പ് സി.പി.എമ്മുകാര്‍ കണ്ണാടിയില്‍ നോക്കുന്നത് നല്ലതാണ്.

നാലുകഷ്ണം ബീഫ് വരട്ടിയത് വിതരണം ചെയ്യലാണ് സമുദായത്തിന്റെ അട്ടിപ്പേറിനുള്ള മാര്‍ഗമെന്ന് സ്വയം ധരിച്ചുവെച്ച സി.പി.എം വിവിധ മുസ്ലിം സമുദായ സംഘടകളെയും മുസ്ലിംലീഗിനെയും തമ്മില്‍ തല്ലിക്കാന്‍ എന്തു നുണയും പടച്ചുവിടുമെന്നത് പുതുമയുള്ളതല്ല. മുസ്ലിംലീഗില്‍ സുന്നിയും മുജാഹിദും തബ്ലീഗും ത്വരീഖത്തുകാരും ഒന്നിലും പെടാത്തവരുമെല്ലാമുണ്ട്. അവരവര്‍ അംഗങ്ങളായ സംഘടനകളുടെ സമ്മേളനങ്ങള്‍ ആര്‍ക്കും പങ്കെടുക്കാമെന്നതാണ് ഇന്നേവരെയുള്ള രീതി. സുന്നിയും മുജാഹിദുമെല്ലാമായിരിക്കുമ്പോള്‍ തന്നെയാണ് അവര്‍ മുസ്ലിംലീഗ് എന്ന പൊതു പ്ലാറ്റ്ഫോമില്‍ അണിനിരന്നതും. അവരവരുടെ സ്വത്വം നിലനിര്‍ത്തി പതിനായിരക്കണക്കിന് മുസ്ലിം ഇതര വിശ്വാസികളും മുസ്ലിംലീഗില്‍ അംഗത്വമെടുത്തവരാണ്. ഇവരെയെല്ലാം കള്ളികളിലാക്കി തിരിച്ച് തമ്മില്‍ തല്ലിക്കുന്നവര്‍ എല്ലാ അവസരത്തിലും സമുദായത്തെ കുത്തുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഒടുവില്‍ നടന്ന കലോത്സവം പോലും വിളിച്ചു പറയുന്നത്.

കലോത്സവ ഭക്ഷണത്തില്‍ പോലും ‘വിഷം’കലര്‍ത്തുന്നതും അതിന്റെ ഭാഗമാണ്. മാധ്യമ പ്രവര്‍ത്തകനായും കവിയായും കുപ്പായമിട്ട സി.പി.എം ബുദ്ധിജീവികളായ ഡോ. അരുണും അശോകന്‍ ചരുവിലും കലോത്സവ ഭക്ഷണ മെനുവില്‍ പച്ചക്കറി ഇതര വിഭവങ്ങള്‍ക്കായി മതവും ജാതിയും കലര്‍ത്തി നടത്തിയ പോര്‍വിളി വിദ്യാഭ്യാസ മന്ത്രി ഏറ്റെടുത്തത് പോലും ദുഷ്ട ലാക്കോടെയാണ്. 61 കലോത്സവങ്ങളിലുമില്ലാത്തവിധം അടുത്ത തവണ പോത്ത് ബിരിയാണി വിളമ്പുമെന്ന് വ്യാമോഹിപ്പിക്കുന്നതിന്റെ അപകടം ബീഫ് വരട്ടി മുസ്ലിം വോട്ടു തട്ടാമെന്ന പൂതിയാണെന്ന് പറയുന്നവരെ കുറ്റപ്പെടുത്താനാവില്ല. അഞ്ചു ദിവസങ്ങളിലായി 1.94 ലക്ഷം പേര്‍ക്ക് വെച്ചുവിളമ്പിയ 70 പേര്‍ ജോലി ചെയ്ത പാചകപ്പുരയുടെ മേല്‍നോട്ടക്കാരന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയെ സമാപന സമ്മേളനത്തില്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. സി.പി.എം ബുദ്ധിജീവി പ്രഹരത്തില്‍ ഇനി കലോത്സവത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ച മോഹനന്‍ നമ്പൂതിരി പൊന്നാട അണിയിച്ചപ്പോഴേക്കും ഉപഹാരം വേദിയില്‍ മറന്നുവെച്ച് സദസ്സിനു മുമ്പിലിരിക്കുന്നൊരു രംഗമുണ്ട്.

തൊട്ടടുത്ത ദിവസം പച്ചക്കറിയല്ലാത്തതെല്ലാം അപകടമാണെന്നും ‘നവോത്ഥാനം സംഭവിക്കണമെങ്കില്‍ മാറ്റത്തിന്റെ ചങ്ങലയിലെ കണ്ണിയാകണമെന്നും പഴയ ഇടങ്ങള്‍ പുതിയ ഇടങ്ങളാകണം’ എന്ന സംഘ്പരിവാര്‍ തീസീസ് ഏറ്റുപിടിച്ച് കാസര്‍കോട് തലക്ലായിയിലെ കോളജ് വിദ്യാര്‍ഥിനി അഞ്ജുശ്രീയു കുഴിമന്തി കഴിച്ച് മരിച്ചു എന്ന നുണ വാര്‍ത്ത വന്നതിനുപിന്നാലെ സംഘ്പരിവാറുകാരേക്കാള്‍ മുമ്പില്‍ ഓടിയെത്തി ഹോട്ടല്‍ അടിച്ചുതകര്‍ത്തതു ഡി.വൈ.എഫ്.ഐക്കാരായിരുന്നു. ആ ഹോട്ടലിന്റെ പേര് ‘അല്‍ റൊമാന്‍സിയ’ എന്നായാല്‍ മറ്റെന്ത് ചിന്തിക്കാന്‍. മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനുപിന്നാലെ പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തപ്പോഴും പാവം ഹോട്ടലുടമ ജയിലിലായിരുന്നു.

ആര്‍.എസ്.എസിന് മഴുവുണ്ടാക്കി നല്‍കുന്നത് സി.പി.എം തുടരുന്നതിന്റെ ഭാഗമാണ് സ്വാഗതഗാനമായും മോണോ ആക്ടായും സംഘനൃത്തമായും ഇസ്ലാമോഫോബിയ അരങ്ങിലെത്തുന്നത്. സ്‌കൂള്‍ കലോത്സവ സ്വാഗതഗാന ദൃശ്യാവിഷ്‌കാരത്തിന് ഉപഹാരം ലഭിച്ച സതീഷ് ബാബു അറിയപ്പെട്ട സംഘപരിവാറുകാരനാണ് എന്നതിനോട് കൂട്ടിവായിക്കേണ്ടതാണ്, ഏറ്റവും മികച്ചതും ആര്‍.എസ്.എസിനെ പൊളിച്ചടുക്കിയതുമായ നാടകമത്സരത്തിന് സി ഗ്രേഡിട്ട് അപമാനിച്ച വിധികര്‍ത്താക്കളെ നടപ്പാതിര നേരത്ത് തല്ലിയോടിച്ച ജനത്തിന്റെ ‘ജാഗ്രത’.

 

webdesk11: