രാഷ്ട്രപതി പ്രണബ് മുഖര്‍ജി: ഐ.യു.എം.എള്‍ പ്രസിഡണ്ടും മുന്‍ മന്ത്രിയും എം.പിയുമായ ഇ. അഹമ്മദിന്റെ വിയോഗത്തില്‍ ഹൃദയംഗമമായ അനുശോചനങ്ങള്‍. വര്‍ഷങ്ങളോളം അദ്ദേഹം എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്നു.

അധഃസ്ഥിത വിഭാഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി അക്ഷീണം പ്രയത്‌നിച്ചയാളായിരുന്നു ഇ. അഹമ്മദ്. രാജ്യത്തിന് അദ്ദേഹം നല്‍കിയ സംഭാവ ദീര്‍ഘകാലം സ്മരിക്കപ്പെടും.

പ്രധാനമന്ത്രി നരേന്ദ്ര മോദി: ഇ. അഹമ്മദിന്റെ മരണത്തില്‍ അതീവ ദുഖം. അതീവ ശുഷ്‌കാന്തിയോടെ രാജ്യത്തെ സേവിച്ച രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. അനുശോചനങ്ങള്‍.

രാഹുല്‍ ഗാന്ധി: ശ്രീ. ഇ അഹമ്മദിന്റെ വിയോഗത്തില്‍ അതീവ ദുഃഖം. വെറ്ററന്‍ പാര്‍ലമെന്റേറിയനും മൂല്യമേറിയ സഹപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. അഭിമാനത്തോടെയും സമര്‍പ്പണത്തോടെയും അദ്ദേഹം രാജ്യത്തെ സേവിച്ചു.

മമതാ ബാനര്‍ജി: ഇ. അഹമ്മദിന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് ആദരാഞ്ജലികള്‍. അദ്ദേഹം 50 വര്‍ഷം മുമ്പ് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെടുകയും രാജ്യത്തെയും കേരളത്തിലെ ജനങ്ങളെയും സേവിക്കുകയും ചെയ്തു.

ഇ. അഹമ്മദ്ജിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും കാണിച്ച പെരുമാറ്റത്തില്‍ അതീവ ദുഃഖം

സീതാറാം യെച്ചൂരി: ശ്രീ. ഇ അഹമ്മദിന്റെ നിര്യാണത്തില്‍ ഹൃദയംഗമമായ അനുശോചനങ്ങള്‍. പൊതുപ്രവര്‍ത്തനത്തില്‍ ദീര്‍ഘകാല ചരിത്രമുള്ള നേതാവും സുഹൃത്തുമായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയന്‍: മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ ഇ. അഹമ്മദ് എം.പിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു.
എന്നും മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹം. വിദേശകാര്യ സഹമന്ത്രി എന്ന നിലയിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിക്കുന്നതിന് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കായിട്ടുണ്ട്. റെയിൽവെ, മാനവവിഭവശേഷി സഹമന്ത്രി സ്ഥാനങ്ങളും വഹിച്ച അദ്ദേഹം മികച്ച പാർലമെന്റേറിയനായിരുന്നു. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി എന്ന നിലയിലും അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമായിരുന്നു.
ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച വ്യക്തിയെന്ന നിലയിൽ ഇന്ത്യയുടെ താൽപര്യം അന്താരാഷ്ട്ര തലത്തിൽ ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഇ അഹമ്മദിന്റെ നിര്യാണം അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും കുടുംബത്തിനും മാത്രമല്ല സമുഹത്തിനാകെ വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ആത്മാർത്ഥമായി അനുശോചിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു.

രമേശ് ചെന്നിത്തല: അഹമ്മദ് സാഹിബ്ബിന്റെ വേര്‍പാട് വ്യക്തിപരമായി കടുത്ത ദുഖമാണ് എന്നില്‍ സൃഷ്ടിക്കുന്നത്. നാടിന് തീരാ നഷ്ടവുമാണ് ആ വേര്‍പാട്. വര്‍ഷങ്ങളോളം നീണ്ട ഉറ്റ സൗഹൃദമാണ് എനിക്ക് ഇ.അഹമ്മദ് സാഹിബ്ബുമായുണ്ടായിരുന്നത്. ഞങ്ങള്‍ ഒരുമിച്ച് എം.എല്‍.എമാരും മന്ത്രിമാരുമായിരുന്നു. മനസ്സിന്റെ ഉള്ളിലേക്കിറങ്ങിച്ചെല്ലുന്ന ആ ചിരിയും നിഷ്‌കളങ്കമായ പെരുമാറ്റവും കലര്‍പ്പില്ലാത്ത സ്‌നേഹവും എനിക്ക് ഒരിക്കലും മറക്കാനാവില്ല. ഞാന്‍ വിവാഹം കഴിച്ച് തിരുവനന്തപുരത്ത് എത്തുമ്പോള്‍ അഹമ്മദ് സാഹിബ്ബും ഭാര്യയും ചേര്‍ന്നാണ് ഞങ്ങളെ സ്വീകരിച്ചത്. അവര്‍ വിളമ്പിയ ആഹാരത്തിന്റെ സ്വാദ് ഇപ്പോഴും എന്റെ നാവിലുണ്ട്. പിന്നീട് ഞങ്ങള്‍ ഒരുമിച്ച് പാര്‍ലമെന്റില്‍ എം.പിമാരായും പ്രവര്‍ത്തിച്ചു. നിയമസഭയിലായാലും പാര്‍ലമെന്റിലായാലും മൗലികമായ തന്റെ നിരീക്ഷണങ്ങള്‍ വഴി അദ്ദേഹത്തിന് സഭയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. മതനിരപേക്ഷതയില്‍ അടിയുറച്ച് വിശ്വസിച്ച അദ്ദേഹം മതസൗഹാര്‍ദ്ദത്തിന് നല്കിയ സംഭാവനകള്‍ എന്നെന്നും ഓര്‍മിക്കപ്പെടും.

ഉമ്മന്‍ ചാണ്ടി: അഹമ്മദ് സാഹിബിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം. സാഹിബിന്റെ വിയോഗം ഭാരതത്തിന്റെ നഷ്ടമാണ്. അദ്ദേഹം നാടിനു നൽകിയ സംഭാവനകൾ എന്നെന്നും ഓർമ്മിക്കപ്പെടും.

അശോക് ഗെഹലോട്ട് (മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി): മുന്‍ മന്ത്രി ഇ. അഹമ്മദിന്റെ വിയോഗത്തില്‍ ഹൃദയംഗമമായ അനുശോചനങ്ങള്‍. അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം എന്റെ ചിന്തയും പ്രാര്‍ത്ഥനയും. അദ്ദേഹത്തിന്റെ ആത്മാവ് ശാന്തിയില്‍ വിശ്രമിക്കട്ടെ.

മമ്മൂട്ടി: ഇ. അഹമ്മദ് സാഹിബിന് ആദരാഞ്ജലികള്‍.