ന്യൂഡല്‍ഹി: ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെക്കാള്‍ നല്ലവരാണ് ലൈംഗികത്തൊഴിലാളികളെന്ന് യു.പിയിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്. കോഴ ആവശ്യപ്പെടുന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍മാരെ അടിക്കാന്‍ ആഹ്വാനം ചെയ്യുന്ന സുരേന്ദ്ര സിങ്ങിന്റെ പ്രസംഗം കഴിഞ്ഞ ദിവസം വിവാദമായിരുന്നു.

ലൈംഗികത്തൊഴിലാളികളാണ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെക്കാള്‍ നല്ലവര്‍. അവര്‍ വാങ്ങുന്ന പണത്തിന് ജോലി ചെയ്യും. ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ പണം വാങ്ങി ജോലി ചെയ്യാതിരിക്കുന്നവരാണ്. അവര്‍ ജോലി ചെയ്യുമെന്ന് ഒരു ഉറപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബൈരിയ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയ സുരേന്ദ്ര സിങ് ചൊവ്വാഴ്ച്ച ‘മുന്നറിയിപ്പ് ദിനമായി’ ആചരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കുള്ള മുന്നറിയിപ്പ് ദിനമായാണ് ഇത് ആചരിക്കുന്നത്. ‘അവര്‍ ജോലി ചെയ്യുന്നില്ലെങ്കില്‍ അവരെ ഇടിച്ച് ഒരു പാഠം പഠിപ്പിക്കണം. എന്നിട്ടും അതേ സ്ഥിതി തുടരുകയാണെങ്കില്‍ ഷൂ കൊണ്ട് അടിക്കണം’-സുരേന്ദ്ര സിങ് ജനങ്ങളോട് പറഞ്ഞു.