തിരുവനന്തപുരം: എഡി.ജി.പി എം.ആര്‍ അജിത് കുമാറിനെ വിണ്ടും നിര്‍ണായക പദവിയിലെത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം. അഴിമതി ആരോപണങ്ങളില്‍ ഹൈക്കോടതി ക്ലീന്‍ ചിറ്റ് നല്‍കിയത് ചുണ്ടിക്കാട്ടിയാണ് ചരടുവലി തുടങ്ങിയത്. എഡി.ജി.പി തലത്തിലും കൊച്ചി കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള പദവികളിലും ഉടന്‍ അഴിച്ചു പണി വരും. മുഖ്യമന്ത്രിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന എം.ആര്‍ അജിത്കുമാര്‍ ഇപ്പോള്‍ പൊലീസ് സേനക്ക് പുറത്താണ്. എക്‌സൈസിന്റെയും കോര്‍പ്പറേഷന്റെയും ചുമതലയാണ് വഹിക്കുന്നത്. ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, പൂരം കലക്കല്‍ വിവാദം, പി.വി അന്‍വര്‍ ഉന്നയിച്ച അഴിമതി ആരോപണം തുടങ്ങിയ വിവാദങ്ങളില്‍ പെട്ടതോടെയാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. തുടര്‍ന്ന് അഴിമതി കേസില്‍ ഹൈക്കോടതിയില്‍ നിന്നും ക്ലീന്‍ചിറ്റ് ലഭിച്ചു. പുരം കലക്കലില്‍ നടപടി വേണമെന്ന മുന്‍ ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. എങ്കിലും അന്വേഷണമെല്ലാം പൂര്‍ത്തിയായെന്ന ന്യായം പറഞ്ഞ് സുപ്രധാന പദവി തിരികെ നല്‍കാനാണ് നീക്കം.
തിരഞ്ഞെടുപ്പ് കാലത്ത് വിശ്വസ്തനെ നിര്‍ണായക സ്ഥാനത്ത് ഇരുത്തുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. കേന്ദ്ര ഡെപ്യൂട്ടേഷനിലായ ഡി.ജി.പി ദിനേന്ദ്ര കശ്യപ് തിരിച്ചുവരുന്നുണ്ട്. ഇതോടെ എഡി.ജി.പി തലത്തില്‍ മാറ്റങ്ങളുണ്ടാകും. അതിന്റെ മറവില്‍ അജിത്തിന് പ്രധാന പദവി നല്‍കലാണ് ലക്ഷ്യമിടുന്നത്. അതേസമയം സി.പി.ഐ ഉള്‍പെടെ ശക്തമായി എതിര്‍ക്കുന്നതിനാല്‍ മുഖ്യമന്ത്രി അന്തിമ തീരുമാനം എടുത്തിട്ടില്ല.