രാഹുല്‍ ഈശ്വറിനും കെ.പി രാമനുണ്ണിക്കുമൊപ്പം നടത്താനിരുന്ന വര്‍ഗ്ഗീയതക്കെതിരെയുള്ള സദ്ഭാവന യാത്രയുടെ ഭാഗമായ ശബരിമല യാത്രയില്‍ നിന്ന് കവി റഫീഖ് അഹമ്മദ് പിന്‍മാറി. രാഹുല്‍ ഈശ്വറിനൊപ്പം നടത്താനിരുന്ന യാത്രക്ക് വന്‍വിമര്‍ശനം ഏറ്റതിനെ തുടര്‍ന്നാണ് പിന്‍മാറ്റമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 27ന് കാഞ്ഞങ്ങാട്ട് നിന്ന് ആരംഭിച്ച് കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, പൊന്നാനി, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, എറണാകുളം, ചങ്ങനാശ്ശേരി എന്നീ സ്ഥലങ്ങളിലൂടെ ശബരിമലയിലേക്കെത്തുക എന്നതായിരുന്നു സദ്ഭാവന യാത്രയുടെ ലക്ഷ്യം. എറണാംകുളം പ്രസ്‌ക്ലബ്ബില്‍ വെച്ചായിരുന്നു യാത്രയുടെ പ്രഖ്യാപനം. എന്നാല്‍ യാത്ര മാറ്റിവെച്ചുവെന്ന് കെ.പി രാമനുണ്ണി അറിയിക്കുകയായിരുന്നു. റഫീഖ് അഹമ്മദിന്റെ പിന്‍മാറ്റമാണ് യാത്ര നീട്ടിവെക്കുന്നതിന് കാരണമായതെന്നാണ് വിവരം.

രാമനുണ്ണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: 

പ്രിയ സുഹൃത്തുക്കളെ,

സദ്ഭാവനായാത്ര എന്ന പേരില്‍ ഞാനും റഫീക് അഹമ്മദും രാഹുല്‍ ഈശ്വറും കൂടി നടത്താന്‍ നിശ്ചയിച്ചിരുന്ന വര്‍ഗ്ഗീയതക്കെതിരായ ദേവാലയ സന്ദര്‍ശനം കൂടുതല്‍ വിപുലവും ഫലപ്രദവുമായ ആസൂത്രണത്തിനായി നീട്ടിവെക്കാന്‍ തീരുമാനിച്ചു.

സാധാരണക്കാരായ ജനങ്ങളില്‍ നിന്ന് യാത്രക്ക് പിന്‍തുണ പ്രഖ്യാപിച്ച് ലഭിച്ച പ്രതികരണങ്ങള്‍ ആവേശോജ്ജ്വലമായിരുന്നു. വര്‍ഗ്ഗീയ നിര്‍മുക്തമായ കേരളത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നമുക്ക് വിടാതെ കൊണ്ടു,പോകുക തന്നെ ചെയ്യണം.

സ്‌നേഹാദരങ്ങളോടെ,
കെ.പി. രാമനുണ്ണി