അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടി രജിഷ വിജയന്‍ സോഷ്യല്‍മീഡിയയില്‍ സജീവമല്ല. ഫേസ്ബുക്ക് ഉപയോഗിക്കാത്തതിനെക്കുറിച്ച് അടുത്തിടെ താരംതന്നെ വെളിപ്പെടുത്തുകയും ചെയ്തു. വ്യാജകാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ഫേസ്ബുക്ക് വഴിയാണെന്ന് രജിഷ പറയുന്നു.

വാട്‌സ്അപ്പും ഫേസ്ബുക്കും സമാധാനം നഷ്ടപ്പെടുത്തും. സോഷ്യല്‍മീഡിയ ഉപയോഗിക്കുമ്പോള്‍ എപ്പോഴും ഫോണില്‍തന്നെയായിരിക്കും നോക്കിയിരിക്കുന്നത്. പുസ്തകം വായിക്കുന്നതിനോ ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതിനോ ഒന്നിലും ശ്രദ്ധ കൊടുക്കാന്‍ കഴിയില്ല. വാട്‌സ്അപ്പ് വേണ്ടെന്ന് വെച്ചാല്‍ രണ്ടാഴ്ച്ച പ്രയാസകരമായിരിക്കും. എന്നാല്‍ സമാധാനം ഉണ്ടായിരിക്കും. താനും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി താനില്ല. അതിനാല്‍ സമാധാനമുണ്ടെന്നും രജിഷ വിജയന്‍ പറഞ്ഞു.

വ്യാജന്‍മാര്‍ക്ക് വിലസാനുള്ള ഇടമാണ് ഫേസ്ബുക്ക്. നമുക്ക് നേരിട്ട് കാണാതെ ഒരാളെ വിലയിരുത്താനാവില്ല. സോഷ്യല്‍മീഡിയയില്‍ പകല്‍ മാന്യന്‍മാരായിട്ടുള്ള ഒരുപാട് ആളുകളുണ്ട്. സ്ത്രീകള്‍ക്ക് എന്തെങ്കിലും പറ്റിയോ എന്നറിയുമ്പോള്‍ അവര്‍ ആദ്യം ചോദിക്കുന്നത് അതിന്റെ വീഡിയോ കിട്ടിയോ എന്നാണ്. അങ്ങനെയുള്ള സംസ്‌ക്കാരത്തിനോട് തനിക്ക് താല്‍പ്പര്യമില്ലെന്നും രജിഷ തുറന്നടിച്ചു.

അനുരാഗകരിക്കിന്‍ വെള്ളത്തിലെ ‘എലി’ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ദിലീപിനൊപ്പം അഭിനയിച്ച ‘ജോര്‍ജ്ജേട്ടന്‍സ് പൂരം’ ആണ് രജിഷയുടെ രണ്ടാമത്തെ ചിത്രം.