Connect with us

Video Stories

റിപ്പബ്ലിക്കിന്റെ ലക്ഷണങ്ങളും രാജ്യത്തിന്റെ സഞ്ചാരവും

Published

on

വിശാല്‍ ആര്‍

നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയാണ് റിപ്പബ്ലിക്കിന്റെ ലക്ഷണങ്ങളായി രേഖപ്പെടുത്തപ്പെട്ടത്. പൗരസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും സംരക്ഷിക്കുക, സ്ഥിതി സമത്വവും അവസര സമത്വവും ഉറപ്പുവരുത്തുക, സമൂഹത്തില്‍ പരസ്പര ഐക്യവും ആദരവും സൃഷ്ടിക്കുക തുടങ്ങിയവയാണ് അതിന്റെ വിവക്ഷ. രാജ്യം 69 ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ ഈ ലക്ഷ്യങ്ങളില്‍ എത്രത്തോളം മുന്നോട്ടുപോയി എന്നു പരിശോധിക്കുമ്പോള്‍ നിരാശയായിരിക്കും ഫലം.
സവര്‍ണ ഫാസിസത്തിന്റെ തേര്‍വാഴ്ചയില്‍ ദലിത്, മുസ്‌ലിം, പിന്നാക്ക സമൂഹത്തിന്റെ നിലനില്‍പ്പ് അപകടത്തിലാണെന്ന സത്യത്തില്‍ നിന്ന് മോചിതരാവാതെയാണ് ഇത്തവണയും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. പതിവു തെറ്റാതെ ഇന്ദ്രപ്രസ്ഥത്തില്‍ പരേഡും പതാക ഉയര്‍ത്തലും പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളുമെല്ലാം അരങ്ങേറും. ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള പത്ത് നേതാക്കളാണ് ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ അതിഥികളായി ഡല്‍ഹിയിലെത്തുന്നത്. ആദ്യമായാണ് റിപ്പബ്ലിക് ദിന ആഘോഷത്തിന് പത്ത് രാഷ്ട്ര തലവന്മാര്‍ എത്തുന്നത്.
ഇന്ത്യന്‍ റിപ്പബ്ലിക് എഴുപതിലേക്കു കടക്കുമ്പോഴും ദലിതരുള്‍പ്പെടെ പിന്നാക്ക വിഭാഗങ്ങളെ മനുഷ്യരായിപോലും കാണാന്‍ വിസമ്മതിക്കുന്ന ജാതിക്കോമരങ്ങളുടെ മനോഗതി മാറ്റിയെടുക്കാനോ അവരുടെ പരാക്രമത്തില്‍ നിന്ന് രക്ഷ നല്‍കാനോ ഭരണകൂടത്തിന് കഴിയുന്നില്ല. ജാതിഭേദത്തിന്റെ ഭാഗമായി രാജ്യത്ത് ഓരോ 18 മിനിറ്റിലും ഒരു ദലിതന്‍ ക്രൂരമായി കയ്യേറ്റം ചെയ്യപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ദിനേന മൂന്ന് ദലിത് സ്ത്രീകളെങ്കിലും ബലാത്സംഗത്തിന ്ഇരകളാകുന്നു. 38 ശതമാനം സ്‌കൂളുകളില്‍ ജാതി വിവേചനവും വന്‍തോതില്‍ തൊട്ടുകൂടായ്മയും നിലനില്‍ക്കുന്നു. ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും പൊലീസ്‌സ്റ്റേഷനിലും റേഷന്‍ കടകളിലും കയറാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമില്ല. ആരോഗ്യ മേഖയിലെ പ്രവര്‍ത്തകര്‍ ദലിതരുടെ താമസ സ്ഥലത്തു പോകാന്‍ കൂട്ടാക്കുന്നില്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികള്‍ക്ക് പഞ്ചായത്ത് ഓഫീസുകളില്‍ കയറുന്നതിനുപോലും വിലക്കാണ്.
‘ഇന്ത്യ എന്ന ആശയം’ മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളിക്കപ്പെടുകയാണ്. ജനാധിപത്യം, നാനാത്വം, വികസനം തുടങ്ങി എല്ലാ മഹത്തായ മൂല്യങ്ങളും ഒരേസമയം ശക്തമായ വെല്ലുവിളി നേരിടുന്നു. ഈ വെല്ലുവിളികള്‍ നാനാത്വത്തോടുള്ള ഭരണഘടനാപരമായ പ്രതിബദ്ധതയെ നന്നായി ചുരുക്കുകയും ജനാധിപത്യത്തിന്റെ ആഴത്തിലുള്ള വേരോട്ടം തടയുകയും വികസന പാതയെ കൂടുതല്‍ വികലമാക്കുകയും ചെയ്തു കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയമായി പിടിച്ചെടുത്തു. അഴിമതിക്കെതിരായ ഏജന്‍സികളിലെല്ലാം ഏറാന്‍മൂളികളെ കുത്തിനിറക്കുകയോ, നിലവിലുള്ളവരെ മരവിപ്പിച്ചിരിത്തുകയോ ചെയ്തിരിക്കുന്നു. ഉന്നത നീതിന്യായ പീഠങ്ങളില്‍ ആശ്രിതരെ ഭാഗികമായി അരിച്ചുകടത്തുകയും ഭാഗികമായി അനുസരണയുള്ളവരാക്കുകയും ചെയ്തിരിക്കുന്നു. അതിന്റെ അനുരണനങ്ങള്‍ ഇയ്യിടെ മുതിര്‍ന്ന ജഡ്ജിമാര്‍ തന്നെ കാട്ടിത്തന്നതാണ്. ഇലക്ഷന്‍ കമ്മീഷന്‍ എന്നത്തേതിലുമധികമായി ബലഹീനമാക്കപ്പെട്ടിരിക്കുന്നു. രാജ്യസഭയെ മറികടക്കാനുള്ള കുതന്ത്രങ്ങളും ഭരണക്കാര്‍ കണ്ടെത്തിയിരിക്കുന്നു. ദേശീയ സുരക്ഷിതത്വ സംവിധാനം, രഹസ്യാന്വേഷണ വിഭാഗം ഇവയെല്ലാം ഭരണകക്ഷിയുടെ ഇംഗിത പ്രകാരം വരുതിയിലാക്കപ്പെട്ടിരിക്കുന്നു. തെരുവിലെ വിജിലന്റ്റ് ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയ ട്രോളുകളും രാഷ്ട്രീയ രക്ഷകര്‍ത്താക്കളുടെ തണലില്‍ വിലസുകയാണ്. കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി വളര്‍ന്നുവന്ന പാരിസ്ഥിതിക സുരക്ഷാമാനദണ്ഡങ്ങളെ ഒന്നിനുപുറകെ മറ്റൊന്നായി തകിടം മറിച്ചിരിക്കുന്നു. നാനാത്വത്തിന്റെ നഗ്‌നമായ നിരാകരണമാണ് കാണുന്നത്. പൗരന്മാര്‍ എന്ന നിലയിലുള്ള അവരുടെ നിയമപരമായ സാധുതയില്‍ മാറ്റംവരുത്താതെ തന്നെ മുസ്‌ലിം സമുദായത്തെ രണ്ടാമത്തെ പൗരത്വത്തിലേക്ക് ചുരുക്കിക്കൊണ്ടിരിക്കുകയാണ്. ‘മോദി കള്‍ട്ട് എന്ന അപ്രമാദിത്വ തണല്‍, ആക്രമണാത്മക കൂട്ടായ്മകള്‍, വാര്‍ത്താമാധ്യമങ്ങളുടെ പെരുപ്പിക്കല്‍, സമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ചരടുവലികള്‍ തുടങ്ങിയവയുടെ ഫലപ്രദമായ പാരസ്പര്യം കൊണ്ടാണ് ഈ മാറ്റങ്ങളെല്ലാം സാധിച്ചെടുത്തത്.
യഥാര്‍ത്ഥ വെല്ലുവിളി ഇതിലും ആഴമേറിയതാണ്. ഈ ആക്രമണം കുറേക്കാലംകൂടി തുടരുകയാണെങ്കില്‍ ‘വികലമായ ഇന്ത്യ’യായിരിക്കും നിര്‍മ്മിക്കപ്പെടുക. അത് ‘ഫാസിസം’ ആയിരിക്കണമെന്നില്ല, അതിനേക്കാള്‍ മോശമായ ഒന്നായിരിക്കും. ഈ പരിണാമം സൃഷ്ടിക്കുന്ന വൈകല്യത്തിന്റെ സവിശേഷതകള്‍ രൂപകല്‍പ്പന ചെയ്യുന്നത് പ്രയാസമേറിയതാണ്. പക്ഷേ ചില ഘടകങ്ങള്‍ മുന്‍കൂട്ടിക്കാണാന്‍ കഴിയും. രാഷ്ട്രീയ സംവിധാനം ‘മത്സരാധിഷ്ഠിതമായ ഏകാധിപത്യ’മായിരിക്കാം, അവിടെ പ്രാതിനിധ്യ ജനാധിപത്യവും പാര്‍ട്ടി മത്സരവും തെരഞ്ഞെടുപ്പിന്റെ ഉപകഥകളായി പരിമിതപ്പെടും. തെരഞ്ഞെടുപ്പുകള്‍ ഒറ്റക്കക്ഷിയുടെ വിജയത്തിന് അരങ്ങൊരുക്കുന്ന കളിക്കളമായി ചുരുങ്ങുകയാകും ഫലം. തെരഞ്ഞെടുപ്പുകളുടെ ഇടവേളകളിലാവട്ടെ ഒരു ഏകാധിപത്യ ഭരണ സമ്പ്രദായത്തിന്റെ സ്വഭാവത്തോടെ രാഷ്ട്രപതി ഭരണ മാതൃക ആകാനും സാധ്യതയുണ്ട്. സിവില്‍ സ്വാതന്ത്ര്യങ്ങളുടെ മേല്‍ കടുത്ത നിയന്ത്രണങ്ങളും ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യ അവകാശങ്ങളുടെ വ്യതിചലനങ്ങള്‍ക്കെതിരെ സഹനത്തിന്റെ പടിവാതില്‍ കുറേക്കൂടി ഉയര്‍ത്തി സ്ഥാപിക്കേണ്ടതായും വരും.
അധികാര കേന്ദ്രീകരണം പല രൂപത്തിലും നടപ്പാകും. സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രത്തിലേക്കും, കേന്ദ്രത്തില്‍ നിന്ന് അത് ഭരണ കക്ഷിയിലേക്കും, ഭരണകക്ഷിയില്‍ നിന്ന് ഒരു വ്യക്തിയുടെ കൈയ്യിലേക്കും. ജനത്തിനെ കബളിപ്പിക്കാനുള്ള ചെപ്പടി വിദ്യകള്‍ കാണാമെങ്കിലും ‘വികസനമെന്നത്’ ഫലത്തില്‍ മൂലധന വികസനം തന്നെയാവും. പരിസ്ഥിതിയോട് ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ട. മതാധിഷ്ഠിതമല്ലാതെ തന്നെയുള്ള ഭൂരിപക്ഷ ആധിപത്യ ഭരണവും അതോടൊപ്പം മതേതര നിയമങ്ങളെ ഒതുക്കിയെടുത്തുകൊണ്ട്, വിവിധ മത വിഭാഗങ്ങളെ ഫലപ്രദമായി വേര്‍തിരിച്ചു രേഖപ്പെടുത്തിയുള്ള ഭരണമായിരിക്കും വരുംനാളുകളില്‍. പാര്‍ശ്വവത്കൃത സമൂഹങ്ങളുടെ അവകാശ സംരക്ഷണ നിയമങ്ങളില്‍ അനുക്രമമായ കടന്നുകയറ്റങ്ങള്‍ പ്രതീക്ഷിക്കാം. അനൗപചാരിക രീതിയില്‍ തന്നെ മാധ്യമങ്ങളെ പട്ടാളച്ചിട്ടയില്‍ വരുതിക്കു നിര്‍ത്തുക, വിമത ശബ്ദങ്ങളെ ഒതുക്കുക തുടങ്ങി ‘ആഭ്യന്തര ശത്രുക്കള്‍ ‘ക്കെതിരെ യുള്ള ‘കുരിശു യുദ്ധങ്ങള്‍’ സാഹസിക സൈനിക നടപടികള്‍ പ്രതീക്ഷിക്കാം. ചുരുക്കത്തില്‍ ഇന്ത്യ എന്ന ആശയത്തിന്റെ വികലമാക്കലുകളാണ്കാണാന്‍ പോകുന്നത്.
ഇപ്പോള്‍ മോദി ഭരണകൂടം അബദ്ധങ്ങളുടെ കുന്നുതന്നെ പണിതിരിക്കുകയാണ്. തിരുത്താനാവാത്തവിധമുള്ള സാമ്പത്തിക പരാജയങ്ങള്‍, അനുകൂല കാലാവസ്ഥയില്‍ പോലും വളര്‍ച്ചാനിരക്കിലെ കൂപ്പുകുത്തലുകള്‍, തൊഴിലവസരങ്ങളുടെ ശുഷ്‌കത, കാര്‍ഷിക രംഗത്തെ പ്രതിസന്ധികള്‍, ഉത്പാദന രംഗത്തെ മാന്ദ്യം തുടങ്ങി സാമ്പത്തിക രംഗത്തെ കെടുകാര്യസ്ഥത അതിശയിപ്പിക്കുന്നതാണ്. നമ്മുടേത് പോലെയുള്ള കൊളനി വാഴ്ചക്കു ശേഷമുള്ള സമൂഹങ്ങളിലൊക്കെ ദേശീയത മുഖ്യ രാഷ്ട്രീയ നാണയം തന്നെയായി തുടരുകയാണ്. സംഘ്പരിവാര്‍ ദേശീയതയുടെ പ്രതിനിധികളായി വേഷമിട്ടതു തന്നെയാണ് ‘ഇന്ത്യ എന്ന ആശയത്തിന്’ വെല്ലുവിളികള്‍ ഉയര്‍ത്തിയത്. സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യവും ഇന്ത്യന്‍ ദേശീയതയുടെ വ്യക്തവും അക്രമണോല്‍സുകമല്ലാത്തതുമായ ധാരകളോടും കോളനി വാഴ്ചക്കെതിരെ നടന്ന സമരങ്ങളോടുള്ള സമരസപ്പെടലും സര്‍വാധിപത്യവിരുദ്ധ സമരത്തിന്റെ ഹൃദയം തന്നെയാണ്. സാംസ്‌കാരിക പാരമ്പര്യത്തെ ‘അന്ധമായ അക്രമദേശവാദ’കാര്‍ക്കായി വിട്ടുകൊടുക്കുന്നതിനു പകരം, ഇന്ത്യ എന്ന ആശയത്തെ ഇന്ത്യന്‍ ജനതയുടെ ആന്തരിക ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പേരില്‍ പരിപോഷിപ്പിക്കേണ്ടതാണ്.

Video Stories

അഡ്‌ലെയ്ഡില്‍ ഇന്ത്യക്കെതിരെ ഓസീസിന് പത്ത് വിക്കറ്റ് വിജയം

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.

Published

on

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കിയെന്നതില്‍ രോഹിത്തിനും സംഘത്തിനും ആശ്വസിക്കാം. അഡലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്‌സില്‍ 175 റണ്‍സിന് ഇന്ത്യയെ പുറത്താക്കിയ ഓസീസിന് ജയിക്കാന്‍ 19 റണ്‍സ് മതിയായിരുന്നു.

ഓപ്പണര്‍മാരായ നഥാന്‍ മക്‌സ്വീനെയും (10) ഉസ്മാന്‍ ഖ്വാജയും (ഒമ്പത്) അനായാസം അതിഥേയരെ ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പമെത്തി. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന് ജയിച്ചിരുന്നു.

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സിലും അല്‍പമെങ്കിലും പൊരുതിന്നെത് നിതീഷ് കുമാര്‍ റെഡ്ഡിയാണ്. 47 പന്തില്‍ 42 റണ്‍സെടുത്താണ് താരം പുറത്തായത്. ഒന്നാം ഇന്നിങ്‌സിലും നിതീഷ് കുമാര്‍ (42) തന്നെയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

മൂന്നാം ദിനം അഞ്ച് വിക്കറ്റിന് 128 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിനു മുമ്പേ ഋഷഭ് പന്തിന്റെ വിക്കറ്റ് നഷ്ടമായി. 31 പന്തില്‍ 28 റണ്‍സെടുത്ത പന്തിനെ മിച്ചല്‍ സ്റ്റാര്‍ക്ക് സ്മിത്തിന്റെ കൈകളിലെത്തിച്ചു. ഒരറ്റത്ത് നിതീഷ് കുമാര്‍ പൊരുതിനിന്നെങ്കിലും 14 പന്തില്‍ ഏഴു റണ്‍സെടുത്ത ആര്‍. അശ്വിന്‍ കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഹര്‍ഷിത് റാണയും (പൂജ്യം) വന്നപോലെ മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ ഖ്വാജക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ഇതിനിടെ വമ്പനടികള്‍ക്ക് ശ്രമിച്ച നിതീഷ് കുമാറിനെയും കമ്മിന്‍സ് മക്‌സ്വീനെയുടെ കൈകളിലെത്തിച്ചു.

എട്ടു പന്തില്‍ ഏഴു റണ്‍സെടുത്ത മുഹമ്മദ് സിറാജിനെ ബോളണ്ടും മടക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് 175 റണ്‍സില്‍ അവസാനിച്ചു. 180 റണ്‍സെന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിയായി ഓസീസിനെ ട്രാവിസ് ഹെഡ്ഡിന്റെ (140) തകര്‍പ്പന്‍ സെഞ്ച്വറി 337ല്‍ എത്തിച്ചിരുന്നു. പേസര്‍മാരായ ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് സിറാജിന്റെയും നാല് വിക്കറ്റ് പ്രകടനമാണ് ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് ലീഡ് 157ല്‍ ഒതുക്കിയത് മിച്ചം.

ആദ്യ ദിനം ഒരു വിക്കറ്റിന് 86 റണ്‍സിലാണ് ഓസീസ് കളി നിര്‍ത്തിയത്. പിറ്റേന്ന് ഇവരെ 337ല്‍ പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചടിക്കാമെന്ന പ്രതീക്ഷയില്‍ ബാറ്റിങ്ങിന് ഇറങ്ങി.

എന്നാല്‍, നാലാം ഓവറില്‍ ഓപണര്‍ കെ.എല്‍. രാഹുലിനെ (7) ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് പിറകിലുണ്ടായിരുന്ന അലക്‌സ് കാരിയുടെ കൈകളിലേക്കയക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 12. ഒന്നാം ഇന്നിങ്‌സിലെ ആദ്യ പന്തില്‍ത്തന്നെ വീണ ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ 28 റണ്‍സ് സംഭാവന ചെയ്ത് മറ്റൊരു പേസറായ സ്‌കോട്ട് ബോളണ്ടിന് വിക്കറ്റ് സമ്മാനിച്ചു. കാരിക്ക് രണ്ടാം ക്യാച്ച്. 42ല്‍ രണ്ടാം ഓപണറെയും നഷ്ടമായ ഇന്ത്യയെ കരകയറ്റേണ്ട ചുമതല ശുഭ്മന്‍ ഗില്ലിന്റെയും വിരാട് കോഹ്‌ലിയുടെയും ചുമലുകളിലായി.

ഒരിക്കല്‍ക്കൂടി പരാജിതനായ കോഹ്‌ലി (11) കാരിയുടെ ഗ്ലൗസില്‍ത്തന്നെ അവസാനിച്ചു. ബോളണ്ടിനായിരുന്നു വിക്കറ്റ്. 66ല്‍ കോഹ്‌ലിയും കരക്ക് കയറിയതോടെ ഋഷഭ് പന്തെത്തി. മറുതലക്കല്‍ പ്രതീക്ഷ നല്‍കി!യ ഗില്‍ വ്യക്തിഗത സ്‌കോര്‍ 28ല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ബൗള്‍ഡായി. നാലിന് 86. ക്യാപ്റ്റന്‍ രോഹിതും പന്തും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. 105ല്‍ എത്തിയപ്പോള്‍ രോഹിത്തിന്റെ (5) കുറ്റി കമ്മിന്‍സ് തെറിപ്പിച്ചു. ഇവിടെ വെച്ചാണ് പന്തും റെഡ്ഡിയും സംഗമിച്ചത്.

ഒന്നാം ഇന്നിങ്‌സില്‍ ഏകദിന ശൈലിയില്‍ ബാറ്റു വീശിയ ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ച്വറിയാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 141 പന്തുകള്‍ നേരിട്ട ഹെഡ് 140 റണ്‍സെടുത്തു പുറത്തായി. നാലു സിക്‌സറുകളും 17 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ മാര്‍നസ് ലബുഷെയ്‌നും (126 പന്തില്‍ 64) ഓസീസിനായി തിളങ്ങി.

നേഥന്‍ മക്‌സ്വീനി (109 പന്തില്‍ 39), മിച്ചല്‍ സ്റ്റാര്‍ക്ക് (15 പന്തില്‍ 18), അലക്‌സ് കാരി (32 പന്തില്‍ 15) എന്നിവരാണ് ഓസീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡിക്കും ആര്‍. അശ്വിനും ഓരോ വിക്കറ്റുകള്‍ വീതം നേടി.

Continue Reading

kerala

നവവധു ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് കസ്റ്റഡിയില്‍

യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ആണ് നടപടി

Published

on

തിരുവനന്തപുരം; പാലോട് നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അഭിജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ആണ് നടപടി. പാലോട് കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത്. ഭര്‍ത്താവ് അഭിജിത്തിന്റെ വീട്ടില്‍ ബെഡ്‌റൂമിലെ ജനലില്‍ കെട്ടി തൂങ്ങിയ നിലയിലാണ് യുവതിയെ കണ്ടത്.

മൂന്ന് മാസം മുമ്പ് ആയിരുന്നു വിവാഹം. അതിനിടയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്ന് തെളിഞ്ഞു. പിന്നാലെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി വലിയ രീതിയില്‍ പീഢനങ്ങള്‍ അനുഭവിച്ചിരുന്നതായി കുടുംബം ആരോപിച്ചു.

യുവതിയുടെ കുടുംബം പാലോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. അമ്മയോട് ഇന്ദുജ ചില പ്രശ്‌നങ്ങള്‍ പറഞ്ഞിരുന്നതായി പിതാവ് പറയുന്നു. യുവതിയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തും. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തും. സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് യുവതി . അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരന്‍ ആണ്.

 

Continue Reading

india

കുട്ടികളെ മര്‍ദ്ദിക്കുകയും ‘ജയ് ശ്രീറാം’ വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത ആള്‍ക്കെതിരെ കേസ്‌

തിക്രമവുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്.

Published

on

മധ്യപ്രദേശിലെ രത്ലാം ജില്ലയില്‍ ആറുവയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികളെ ആവര്‍ത്തിച്ച് തല്ലുകയും ‘ജയ് ശ്രീറാം’ എന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത അജ്ഞാതനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ മാസമാണ് വിവാദമായ സംഭവം നടന്നത്.

അതിക്രമവുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്. കുട്ടികളെ മര്‍ദ്ദിച്ചയാളുടെ കൂട്ടാളിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

വ്യാഴാഴ്ച അതിക്രമത്തിനിരയായ കുട്ടികളും രക്ഷിതാക്കളും മനക് ചൗക്ക് പൊലീസ് സ്റ്റേഷനില്‍ എത്തുകയും പരാതി നല്‍കുകയുമായിരുന്നു. പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു.

കുട്ടികളെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ വൈറല്‍ ആയിരുന്നുവെന്നും ഒരു മാസം മുന്‍പുള്ള വീഡിയോ ആയിരുന്നു ഇതെന്നും രത്‌ലാം അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് രാകേഷ് ഖക പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം നടത്താനും പ്രതികളെ കണ്ടെത്താനും സൈബര്‍ ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അശ്ലീല പ്രവൃത്തി, അന്യായമായി തടവില്‍ വയ്ക്കല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, മതത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ വെറുപ്പ്, വിദ്വേഷം, ഭിന്നത എന്നിവ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് അജ്ഞാത പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

Continue Reading

Trending