തിരുവനന്തപുരം: സി.പി.എം സഹയാത്രികനും മുന്‍ എം.എല്‍.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതാരായ ലൈംഗിക അതിക്രമ പരാതിയില്‍ സംവിധായകനെ രക്ഷിക്കാന്‍ തനിക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടെന്ന് അതിജീവിത. അദ്ദേഹത്തിനായി പലരും ഇടനിലക്കാരാവുന്നുണ്ടെന്നും കുഞ്ഞു മുഹമ്മദിന്റെ പ്രായം പരിഗ ണിച്ച് കേസില്‍ നിന്ന് ഒഴിവാക്കണം എന്നാണ് ഇടനിലക്കാര്‍ ആവശ്യപ്പെടുന്നതെന്നും അതിജീവിത പ്രതികരിച്ചു. ഈ സമ്മര്‍ദം തനിക്ക് താങ്ങാന്‍ കഴിയുന്നില്ലെന്നും പരാതിക്കാരിയായ യുവതി പറയുന്നു. രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. സ്ത്രീക്കെതിരായ ശാരീരികാക്രമണം, ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ശാരിരിക സമ്പര്‍ക്കം, ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തുക എന്നി വകുപ്പുകളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്. നവംബര്‍ 27ന് സംവിധായിക മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ഡിസംബര്‍ എട്ടിനാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. ആദ്യം മുതലേ പൊലീസും സര്‍ക്കാര്‍ സംവിധാനങ്ങളും പ്രതിക്കൊപ്പമാണ് ഉണ്ടായിരുന്നത്. പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ വൈകി പലതവണ പൊലി സില്‍ വിളിച്ച് പറഞ്ഞിട്ടും കേസെടുത്തില്ല. ഒടുവില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്. കേസ് എടുത്തിട്ടും മുന്‍കൂര്‍ ജാമ്യം കിട്ടുന്നത് വരെ സമയം അനുവദിച്ചുവെന്നുമാണ് അതിജീവിതയുടെ ആരോപണം. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ സര്‍ക്കാര്‍ നടപടികളിലെ കാല താമസം വിശദീകരിച്ചും വിമര്‍ശിച്ചും വനിത ചലച്ചിത്ര കൂട്ടായ്മയായ ഡബ്ല്യൂ.സി.സി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.