ഡല്‍ഹി: പെട്രോള്‍ വില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് ശശി തരൂര്‍ എം.പി. 2012 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി പെട്രോള്‍ വിലവര്‍ധനവിനെതിരെ കുറിച്ച ട്വീറ്റ് പങ്കുവെച്ചാണ് ശശി തരൂര്‍ മോദിയെ ട്രോളിയത്.

‘നമോ ശരിയായിരുന്നു. സര്‍ക്കാറിന്റെ പരാജയത്തിന് പ്രധാന ഉദാഹരണമാണ് പെട്രോള്‍ വിലയിലെ വന്‍ വര്‍ധനവ്. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ബാരലിന് 140 ഡോളറായിരുന്നു വില. എന്നാല്‍, ബിജെപി ഭരിക്കുമ്പോള്‍ മൂന്നിലൊന്ന് മാത്രമാണുള്ളത്. സാമ്പത്തിക ദുരുപയോഗവും അനിയന്ത്രിത നികുതി വര്‍ധനയുമാണ് ഇതിന് കാരണം’ ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

‘പെട്രോള്‍ വിലയിലെ വന്‍വര്‍ധനവ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാറിന്റെ പരാജയത്തിന്റെ പ്രധാന ഉദാഹരണമാണ്. ഇത് ഗുജറാത്തിന് നൂറുകണക്കിന് കോടിയുടെ അധികഭാരം നല്‍കും’ എന്നായിരുന്നു 2012ല്‍ മോദി ട്വീറ്റ് ചെയ്തത്.

വന്‍ നികുതിയിലൂടെയും സബ്‌സിഡി ഒഴിവാക്കിയും കേന്ദ്രസര്‍ക്കാറും വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികളും ഇതിനകം നേടിയത് കോടികളുടെ കൊള്ളലാഭമാണ്.
രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച് കര്‍ഷകസമരവും സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പും സജീവമായിരിക്കെ വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധത്തിനുമിടനല്‍കാതെയാണ് ഇന്ധനവിലയുടെ മറവിലെ കൊള്ള.