തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമില്‍ പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച് യുവാവിനെ കബളിപ്പിച്ച് ആക്രമിക്കുകയും പണം കവരുകയും ചെയ്ത കേസില്‍ ആറുപേരെ ആര്യങ്കോട് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുന്നത്തൂര്‍ സ്വദേശിയായ മഹേഷ് മോഹനന്‍ (40) ആണ് അക്രമത്തിനിരയായത്. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സൃഷ്ടിച്ച സംഘം, നിരന്തര ചാറ്റിങ്ങിലൂടെ മഹേഷുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കാണെന്ന് വിശ്വസിപ്പിച്ച ശേഷം 22ന് ആര്യങ്കോട്ടേക്ക് എത്താന്‍ വിളിച്ചു വരുത്തിയതായാണ് പോലീസ് പറയുന്നത്. സ്ഥലത്തെത്തിയ മഹേഷിനെ സംഘം തടഞ്ഞുവച്ച് ആക്രമിച്ചു. കൈ തല്ലിയൊടിക്കുകയും കത്തി ഉപയോഗിച്ച് ശരീരമാസകലം മുറിവേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് മഹേഷിന്റെ സ്മാര്‍ട്ട് ഫോണും എടിഎം കാര്‍ഡും കൈക്കലാക്കി. കാര്‍ഡിന്റെ പിന്‍ നമ്പര്‍ മനസ്സിലാക്കിയ ശേഷം 21,500 രൂപ കവര്‍ന്നു.
കൂടാതെ മോചനദ്രവ്യമായി രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയും, ഒരു ലക്ഷം രൂപ ഉടന്‍ നല്‍കിയില്ലെങ്കില്‍ പോക്‌സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് വ്യക്തമാക്കി. മഹേഷിന്റെ കൈവശം പണമില്ലെന്ന് ബോധ്യപ്പെട്ടതോടെ അക്രമികള്‍ ഇയാളെ നെയ്യാറ്റിന്‍കരയില്‍ എത്തിച്ച് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വഴി തെറ്റി പാറശ്ശാലയിലെത്തിയ മഹേഷ് അവിടത്തെ പോലീസ് സ്‌റ്റേഷനില്‍ എത്തി വിവരം അറിയിച്ചു.
ശരീരമാസകലം മുറിവേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറശ്ശാല പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആര്യങ്കോട് എസ്എച്ച്ഒ തന്‍സീം അബ്ദുള്‍ സമദിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ഇടവാല്‍ ഇഴവികോണം മാമൂട്ടുവിളാകം വീട്ടില്‍ നിധിന്‍ (കൊച്ചുകാണി-24), സഹോദരന്‍ നിധീഷ് (വലിയകാണി-25), ആര്യങ്കോട് പഞ്ഞിക്കുഴി പി.കെ. ഹൗസില്‍ ശ്രീജിത്ത് (ശ്രീക്കുട്ടന്‍-24), ബാലരാമപുരം പുന്നയ്ക്കാട് പറയക്കോണം കുളത്തിന്‍കര മേലെപുത്തന്‍വീട്ടില്‍ അഖില്‍ (സച്ചു-26), രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളായ നിധിനും നിധീഷിനും നെയ്യാറ്റിന്‍കര, മാരായമുട്ടം, പാറശ്ശാല, കാട്ടാക്കട തുടങ്ങിയ പോലീസ് സ്‌റ്റേഷനുകളില്‍ നിരവധി കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.