Connect with us

editorial

ചില വര്‍ഗവഞ്ചകരും ചെറ്റത്തരവും

ആടിനെ പട്ടിയാക്കാനും പിന്നീട് അതിനെ പേപ്പട്ടിയാക്കാനും പാകത്തില്‍ പണം കാണിച്ചാല്‍ പ്ലാവില കണ്ട ആടിനെ പോലെ അതിനു പിന്നാലെ ഓടാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ തയ്യാറാവുന്നുണ്ടെന്നതാണ് ഇവരുടെ ഈ അജണ്ടകള്‍ വ്യാപിപ്പിക്കാന്‍ കാരണം.

Published

on

അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ അടുത്ത അനുയായിയും ജര്‍മ്മന്‍ രാഷ്ട്രീയക്കാരനും ഭാഷാ പണ്ഡിതനും നാസി പാര്‍ട്ടി നേതാവും പില്‍ക്കാലത്ത് ഹിറ്റ്‌ലറിന് കീഴില്‍ അജണ്ടകള്‍ സെറ്റു ചെയ്യാനുള്ള മന്ത്രിയുമൊക്കെയായിരുന്ന പോള്‍ ജോസഫ് ഗീബല്‍സ് ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഉറപ്പായും പിണറായി മന്ത്രിസഭയില്‍ അംഗമായി കേരളത്തിലെ സി.പി.എമ്മിന്റെ നേതാവായി തുടരുമായിരുന്നു. കാരണം അത്രമേല്‍ വിദഗ്ധമായാണ് സി.പി.എമ്മും കിണറോലുവും മുണ്ടുടുത്ത മോദിയുമടങ്ങുന്ന സംഘം തിരഞ്ഞെടുപ്പിനായി അജണ്ടകള്‍ സെറ്റു ചെയ്യുന്നത്.

ആടിനെ പട്ടിയാക്കാനും പിന്നീട് അതിനെ പേപ്പട്ടിയാക്കാനും പാകത്തില്‍ പണം കാണിച്ചാല്‍ പ്ലാവില കണ്ട ആടിനെ പോലെ അതിനു പിന്നാലെ ഓടാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ തയ്യാറാവുന്നുണ്ടെന്നതാണ് ഇവരുടെ ഈ അജണ്ടകള്‍ വ്യാപിപ്പിക്കാന്‍ കാരണം. കഴിഞ്ഞ ദിവസം കെ. സുധാകരനെ ബി.ജെ.പിയാക്കാനും സ്വതന്ത്രനാക്കാനുമായിരുന്നു മാധ്യമങ്ങള്‍ക്ക് സി.പി.എം നല്‍കിയ അജണ്ട. അതിനനുസരിച്ച് അവര്‍ 48 മണിക്കൂറാണ് ആടിത്തിമിര്‍ത്തത്. സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കുന്നു, മത്സരിക്കുന്നില്ല, കെ.സി വേണുഗോപാലിനോട് പാര്‍ട്ടി വിട്ടതായി അറിയിക്കുന്നു, സുധാകരന്‍ കേരളത്തിലേക്ക് തിരിച്ചു, പൊട്ടിത്തെറി, ഭൂകമ്പം എന്തൊക്കെയായിരുന്നു. ഒടുവില്‍ കെ സുധാകരന്‍ തന്നെ താന്‍ മത്സരിക്കുന്നില്ലെന്നും യു.ഡി.എഫിനെ അധികാരത്തിലേറ്റാനായി ഏതറ്റം വരെയും പോകുമെന്നും പ്രഖ്യാപിക്കുന്നു.

ഉടനെ അടുത്ത അജണ്ട ഇറക്കി. പിണറായി മൂന്ന് മന്ത്രിസഭ വരില്ലെന്ന് സുധാകരന്‍ പറഞ്ഞില്ല. ഇങ്ങനെയൊക്കെ യു.ഡി.എഫിന് പിന്നാലെ ഓടാനായി വിധിക്കപ്പെട്ടവരാണ് കേരളത്തിലെ മിക്ക ചാനല്‍ മാധ്യമ പ്രവര്‍ത്തകരും മുതലാളിമാര്‍ ഈട്ടിയും തേക്കും അടിച്ചു മാറ്റിയ കള്ളന്‍മാരാവുമ്പോള്‍ കള്ളന് കഞ്ഞിവെച്ചവരുടെ കൂടെ ചേരുക എന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. പക്ഷേ അതിലേറെ രസം വാള്‍മാര്‍ട്ട് പുട്ടി തോറ്റു പോകുന്ന വിധത്തില്‍ മുഖ്യനും സംഘത്തിനുമായി പുട്ടിയിട്ട് വെളുപ്പിക്കാനായി ഇതേ ചാനലുകള്‍ ഇറങ്ങുന്നതാണ്. അത്തരത്തിലൊരു വെളുപ്പിക്കലിനിടയില്‍ മുഖ്യന്‍ പഴയ മുഖ്യന്‍ തന്നെയായി. എത്ര പി.ആര്‍ പണിയെടുത്താലും മൂഷിക സ്ത്രീ ഒടുവില്‍ മൂഷിക സ്ത്രീ തന്നെയായെന്ന് പറഞ്ഞ പോലൊയായി കാര്യങ്ങള്‍.

പണ്ട് കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രനെ പരനാറിയെന്നും താമരശ്ശേരി രൂപത ബിഷപ്പിനെ നികൃഷ്ട ജീവി എന്നുമൊക്കെ വിളിച്ച അതേ സാക്ഷാല്‍ വ്യക്തി തന്നെ ഇന്നലെ വരെ കൂടെയുണ്ടായിരുന്ന മുന്‍ മന്ത്രി ജി സുധാകരനെയും വിളിച്ചിരിക്കുന്നു. ഇത്തവണ പുതിയൊരു തെറിയാണെന്ന് മാത്രം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതില്‍ പിന്നെ കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന പദം വര്‍ഗ വഞ്ചകന്‍ എന്നതാണ്. ഞാനും സുഭദ്രാമ്മയും അഫന്‍ തമ്പ്രാനും എന്ന രീതിയില്‍ സി.പി.എം സ്ഥാനാര്‍ത്ഥി പട്ടികയുണ്ടാക്കിയപ്പോള്‍ തലക്കകത്ത് ആള്‍താമസമുള്ള സി.പി.എമ്മുകാരൊക്കെ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് സ്വന്തം വഴിക്ക് നീങ്ങുകയാണ.് ഇതിന്റെ ചൊരുക്കാണ് വര്‍ഗ വഞ്ചകരാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പിന്നില്‍. അത്തരത്തില്‍ മുന്‍മന്ത്രി ജി സുധാകരനെ മുഖ്യന്‍ വിശേഷിപ്പിച്ചിരിക്കുന്നത് ചെറ്റത്തരമെന്നാണ്.

താന്‍ ഫുള്‍ടൈം പാര്‍ട്ടിക്ക് വിധേയനാണെന്നും എല്ലാ കാലത്തും പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കണമെന്നുമാണ് മുഖ്യന്‍ പറയുന്നത്. പാര്‍ട്ടി തന്നെ പിണറായി ആയി മാറിയ കാലത്ത് ആര്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്നതാണ് പാര്‍്ട്ടി പ്രവര്‍ത്തകര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. പാര്‍ട്ടി എടുക്കുന്ന നിലപാടാണ് പ്രധാനമെന്നാണ് മുഖ്യന്‍ പറയുന്നത്. പാര്‍ട്ടി വിടുന്നവര്‍ പറയുന്നതും ഇത് തന്നെ. പാര്‍ട്ടി സെക്രട്ടറിയുടെ ടേം കഴിഞ്ഞാല്‍ ഭാര്യ, മുഖ്യന് പ്രായവും അനാരോഗ്യവും ഒന്നും പ്രശ്‌നമല്ല മത്സരിക്കലോട് മത്സരിക്കല്‍ തന്നെ അപ്പോള്‍ സ്വാഭാവികമായും പാര്‍ട്ടി എടുക്കുന്ന ഈ നിലപാട് ചോദ്യം ചെയ്യുക എന്നത് തികച്ചും സ്വാഭാവികം മാത്രം. തള്ളലില്‍ പണ്ടേ മാസ്റ്ററായ പിണറായിയുടെ തിരഞ്ഞെടുത്ത തള്ളുകളിലൊന്നാണ് ഈയിടെ പുറത്ത് വന്നത്. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ വിശ്വാസികള്‍ തൃപ്തരാണ് പോലും.

ഏത് വിശ്വാസികള്‍ എന്നൊന്നും ചോദിക്കരുത്. ഭക്തിപ്രസ്ഥാനം എന്നൊന്ന് സി.പി.എമ്മില്‍ ഉടലെടുത്തതിനാല്‍ പിണറായി ഭക്തി മൂത്ത വിശ്വാസികളാവും ഇത്തരത്തില്‍ തൃപ്തിയണയുന്നത്. മറ്റൊന്ന് കോണ്‍ഗ്രസ് ബി.ജെ.പിയുടെ ബി ടീമാണെന്ന ആരോപണമാണ്. എ ടീമായി പിണറായിയും സര്‍ക്കാറും ഉള്ളപ്പോള്‍ പിന്നെന്തിന് ബി.ജെ.പി എന്നൊരു പാര്‍ട്ടി എന്നു പോലും കേരളം കഴിഞ്ഞ 10 വര്‍ഷമായി ചിന്തിക്കുമ്പോഴാണ് ഇത്തരത്തില്‍ കോമഡി പറയാനൊക്കെ മുഖ്യന്‍ ശ്രമിക്കുന്നത്. തനിക്ക് കോമഡിയും വഴങ്ങും എന്ന് മറ്റുള്ളവരെ കാണിക്കാനുള്ള സൈക്കോളജിക്കല്‍ മൂവാണോ ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വലിയ തോതില്‍ തനിക്കും സര്‍ക്കാറിനും പി.ആര്‍ ഇല്ലെന്നാണ് മുഖ്യന്‍ പറയുന്നത്. വലിയ തോത് എന്നതിന്റെ അളവു കോല്‍ എന്താണോ എന്തോ. പീഡനം അളക്കുന്ന മാപിനി വരെ ഉള്ള പാര്‍ട്ടിയായതിനാല്‍ ഇനി പി.ആര്‍ തോത് മാപിനിയും ചിലപ്പോള്‍ പാര്‍ട്ടി കൈവശം കാണും. അമ്പേ ഭക്തിമൂത്ത് ഓ.. മ്പ്രാ എന്ന് ഓച്ഛാനിച്ച് നില്‍ക്കുന്ന മാധ്യമങ്ങളൊന്നും തന്നെ ചെറ്റത്തരം എന്ന് ഒരു മുന്‍മന്ത്രിയെ വിശേഷിപ്പിച്ചതിനെ ചോദ്യം ചെയ്യാന്‍ തയ്യാറാവില്ല. കാരണം രായാവ് കോപിച്ചാല്‍ തുട്ട് കിട്ടില്ലല്ലോ അപ്പോള്‍ സ്വാഭാവികമായും മുതലാളിമാര്‍ ഈ പ്രൊപ്പഗണ്ട ഏറ്റ് പിടിക്കും. എന്ത് ഉഡായിപ്പും വെളുപ്പിച്ചെടുക്കും നമുക്കും കിട്ടണം പണം ഇതാണ് ഇപ്പോള്‍ സര്‍ക്കാര്‍ വിലാസം മാധ്യമങ്ങളുടെ ആപ്തവാക്യം.

editorial

കേരളം തിരഞ്ഞെടുപ്പ് ഗോദയിലേക്ക്

ഇരുമുന്നണികള്‍ക്കും ഒരേ പോലെ നിര്‍ണായകമായ പോരാട്ടത്തില്‍ ഏറെ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്.

Published

on

By

അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളവും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ്. ഇരുമുന്നണികള്‍ക്കും ഒരേ പോലെ നിര്‍ണായകമായ പോരാട്ടത്തില്‍ ഏറെ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും മുഖമുദ്രയായി മാറിയ ഇടതു സര്‍ക്കാറിനെതിരെയുള്ള അതിശക്തമായ ഭരണവിരുദ്ധവികാരവും സ്ഫടികസമാനം തെളിഞ്ഞുനില്‍ക്കുമ്പോള്‍ പിണറായി ഭരണകൂടത്തെ താഴെയിറക്കാന്‍ ജനംകാത്തുനില്‍ക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.

ലോകസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പലുമെല്ലാം പുറത്തെടുത്ത വികാരം വര്‍ധിത വീര്യത്തോടെയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനം പ്രകടിപ്പിക്കുക. ശബരിമല സ്വര്‍ണക്കൊള്ള, ആരോഗ്യ രംഗത്തെ അരക്ഷിതാവസ്ഥ, ആഭ്യന്തര രംഗത്തിന്റെ തകര്‍ച്ച, അധികാരത്തുടര്‍ച്ചയുടെ ആലസ്യവും ധാര്‍ഷ്ട്യവും തുടങ്ങി അതിനുള്ള കാരണങ്ങള്‍ നീണ്ടുനിവര്‍ന്നുനില്‍ക്കുകയാണ്. കഴിവുകേടുകള്‍ മറച്ചുവെക്കാന്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന കോടികള്‍ ചിലവഴിച്ചുകൊണ്ടുള്ള പി.ആര്‍ വര്‍ക്കുകള്‍ ധൂര്‍ത്തിന്റെ പര്യായമായി മാറുമ്പോള്‍ ഫലത്തില്‍ അതും ബൂമറങ്ങായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ്. ഏറ്റവുമൊടുവില്‍ നടന്നിട്ടുള്ള തദ്ദേശ തിരഞ്ഞെടുപ്പില്‍ സര്‍ക്കാറിന് അഭൂതപൂര്‍വമായ തിരച്ചടി സമ്മാനിച്ചതില്‍ ഒന്നാമത്തെ ഘടകം ശബരിമലയിലെ സ്വര്‍ണക്കൊള്ളതന്നെയാണ്.

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷവും സ്വര്‍ണമോഷ്ടാക്കാളെ സംരക്ഷിക്കാന്‍ നടത്തിയിട്ടുള്ള നീക്കങ്ങളും മന്ത്രിസഭയിലെ ഉന്നതര്‍ക്ക് കുറ്റക്കാരുമായുള്ള ബാന്ധവുമെല്ലാം മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ കൊടുംപാതകത്തിന്‍ ആ മഹാഗര്‍ത്തത്തില്‍നിന്ന് സി.പി.എമ്മിനും സര്‍ക്കാറിനും ഒരിക്കലും കരകയറാനാകില്ലെന്നതാണ് ബോധ്യമാകുന്നത്. കേസില്‍ സിപിഎമ്മിന്റെ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ ഒന്നിനുപുറകെ ഭരണസമിത അംഗങ്ങള്‍ ഘോഷയാത്രയായാണ് ജയിലിലേക്ക് പോയിരുന്നത്. സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റിയംഗം എ പത്മകുമാര്‍ ഉള്‍പ്പെടെ അറസ്റ്റിലായതോടെ മറുപടി പറയാന്‍ നേതൃത്വം നിര്‍ബന്ധിതമായെങ്കിലും പ്രതിരോധിക്കാന്‍ പറഞ്ഞ വാദങ്ങളൊന്നും ജനത്തിന് മുഖവിലക്കെടുക്കാന്‍ കഴിയുന്ന തരത്തിലുള്ളതായിരുന്നില്ല. അറസ്റ്റിലായ നേതാക്കള്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലും കഴിയാത്തത് ആ മഹാ അപരാഥത്തില്‍ പാര്‍ട്ടിക്കുള്ള പങ്കിന്റെ വ്യക്തമായ തെളിവായിരുന്നു.

ശബരിമല വിഷയത്തില്‍ പ്രതിസ്ഥാനത്തായ സര്‍ക്കാര്‍ വിശ്വാസികളെ ഒപ്പം കൂട്ടാന്‍ നടത്തിയ ആഗോള അയ്യപ്പസംഗമം വെളുക്കാന്‍ തേച്ചത് പാണ്ടായി മാറ്റുകയായിരുന്നു. സര്‍ക്കാരിനെ വിവാദത്തിന്റെ ചുഴിയിലേക്കാണ് ആ നീക്കം തള്ളിവിട്ടത്. ആഗോള അയ്യപ്പസംഗമത്തിന്റെ ചെലവുകണക്കുകളില്‍ അടിമുടി പിഴവുകളും ധൂര്‍ത്തും ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നതാണ് തുടക്കം. ആരോപണങ്ങളും വാദപ്രതിവാദങ്ങളും നിറഞ്ഞതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലുമായി.

ഒടുക്കം കണക്കുകള്‍ നേരിട്ട് പരിശോധിക്കാന്‍ ഹൈക്കോടതി എത്തിയതുവരെയായി കാര്യങ്ങള്‍. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്ന് കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പരിശോധിക്കാനാണ് ദേവസ്വം ബെഞ്ച് തീരുമാനിച്ചിരിക്കുന്നത്.

ഭരണവിരുദ്ധ വികാരത്തെ മറികടക്കാന്‍ സര്‍ക്കാര്‍ നടത്തിയ ട്രിപ്പീസ് കളികളെല്ലാം അതേ നാണയത്തില്‍ തിരിച്ചടിക്കുന്നതിനും കേരളം സാക്ഷിയാവുകയുണ്ടായി. അതില്‍ പ്രധാനമായിരുന്ന നവകേരള സദസും അനുബന്ധവിവാദങ്ങളും. നവകേരള സദസിന്റെ പേരില്‍ കോടികള്‍ ചിലവഴിച്ചുകൊണ്ടുള്ള മന്ത്രിസഭയുടെ വിനോദ യാത്ര വെറും പ്രഹസനമായിത്തീര്‍ന്നപ്പോള്‍ അതിന്റെ പേരില്‍ സര്‍ക്കാര്‍ ചിലവഴിച്ച കോടികളെ കുറിച്ചായിരുന്നു ജനംചര്‍ച്ചചെയ്തത്. സാധാരണക്കാര്‍ക്ക് ഒരുരൂപയുടെ ഗുണംപോലും ലഭിക്കാത്ത യാത്രയില്‍ പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ച്ചപോലുള്ള പ്രഹസനങ്ങള്‍ക്കായിരുന്ന ജനംസാക്ഷ്യംവഹിച്ചത്. ഈ ധൂര്‍ത്ത് യാത്രക്കെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെ പാര്‍ട്ടിക്കാര്‍ നേരിട്ട രീതിയും മുഖ്യമന്ത്രിതന്നെ അക്രമികളെ ന്യായീകരിച്ചുകൊണ്ട് രംഗത്തുവന്നതും സര്‍ക്കാറിന് കൂനിന്‍മേല്‍ കുരുവായിത്തീരുകയായിരുന്നു.

ചികിത്സാ പിഴവിന്റെയും ഗുരുതരമായ ക്രമക്കേടുകളും കേന്ദ്രമായി ആരോഗ്യ മേഖലമാറിയപ്പോള്‍ വകുപ്പ് മന്ത്രി സ്വീകരിച്ച സമീപനവും ഈ സര്‍ക്കാറിനുണ്ടാക്കിയ നാണക്കേട് പറഞ്ഞറിയിക്കാനാകാത്തതായിരുന്നു. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ പരിക്കേറ്റെന്ന വ്യാജേന ആശുപത്രിയില്‍ അഡ്മിറ്റാവുകയും തീവ്രപരിചരണ വിഭാഗത്തില്‍വരെ പ്രവേശിപ്പിക്കുകയും ചെയ്തുവെങ്കിലും, പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ ഒരുപോറല്‍പോലുമേറ്റില്ലെന്ന് വ്യക്തമായതോടെ മന്ത്രിയും സര്‍ക്കാറും നാണക്കേടിന്റെ അങ്ങേയറ്റത്തേക്ക് പതിക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ വീഴ്ച്ചകളെ കൃത്യമായി തുറന്നുകാണിക്കുകയും ഭരണകൂടത്തോടുള്ള ജനങ്ങളുടെ പ്രതിഷേധം കൃത്യമായി നിയമസഭക്കകത്തും പുറത്തും പ്രകടിപ്പിക്കാനും കഴിഞ്ഞ പ്രതിപക്ഷത്തിനുള്ള ജനങ്ങളുടെ അംഗീകാരമായിരുന്നു രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്തെ ജനവിധികളെല്ലാം.

ജനങ്ങളില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെട്ടപ്പോള്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള വ്യാപകമായ ശ്രമങ്ങളും ഈ സര്‍ക്കാറിന്റെ കാലത്ത് ഒളിയും മറയുമില്ലാതെ നടന്നുകൊണ്ടിരിക്കുകയാണ്. വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും വിഷഭീജങ്ങള്‍ പരത്തുന്നവരെ ഒളിഞ്ഞുംതെളിഞ്ഞും താലോലിച്ചുകൊണ്ടിരിക്കുന്നത് ഏതുവിധേനയും അധികാരം നിലനിര്‍ത്തുക എന്ന ഒറ്റലക്ഷ്യത്തിലാണ്. എന്നാല്‍ ജനാധിപത്യ കേരളം ഈ കുത്സിത ശ്രമങ്ങളെയെല്ലാം തിരിച്ചറിയുകയും ശക്തമായ മറുപടി നല്‍കാന്‍ കാത്തിരിക്കുകയുമാണ്. അതിന്റെ സാക്ഷ്യപ്പെടുത്തലായിരിക്കും ഏപ്രില്‍ 9 ലെ ജനവിധി.

 

Continue Reading

editorial

തുറിച്ചുനോക്കുന്ന യുദ്ധക്കെടുതി

യുദ്ധം തുടങ്ങിവെച്ച അമേരിക്കയെയും ആക്രമണങ്ങളുടെ ആസൂത്രകരായ ഇസ്രാഈലിനെയുംവരെ ഈ കെടുതികള്‍ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയുടെ സ്ഥിതിയാകട്ടേ ഏറ്റവും ഗുരുതരമാണ്.

Published

on

By

ഗള്‍ഫ് മേഖലയെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന ഇറാന്‍, ഇസ്രാഈല്‍ – അമേരിക്ക യുദ്ധത്തിന്റെ കെടുതികള്‍ ദിവസങ്ങള്‍ പിന്നിടുംതോറും ലോകത്തെ ആസകലം തുറിച്ചുനോക്കുകയാണ്. യുദ്ധം തുടങ്ങിവെച്ച അമേരിക്കയെയും ആക്രമണങ്ങളുടെ ആസൂത്രകരായ ഇസ്രാഈലിനെയുംവരെ ഈ കെടുതികള്‍ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയുടെ സ്ഥിതിയാകട്ടേ ഏറ്റവും ഗുരുതരമാണ്. എണ്ണവില കുതിപ്പ്, വാണിജ്യ ഗ്യാസ് ക്ഷാമം, ഓഹരി വിപണി തകര്‍ച്ച, ചരക്കുനീക്കം തടസപ്പെടല്‍ തുടങ്ങി രാജ്യം അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാര നടപടികളൊന്നും കണ്ടെത്താന്‍ കഴിയുന്നില്ലെന്നുമാത്രമല്ല, ഭീതിതമായ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണപോലും കേന്ദ്ര സര്‍ക്കാറിനില്ലെന്നതാണ് പാര്‍ലമെന്റിലും മറ്റുമുള്ള പ്രതികരണങ്ങളിലൂടെ ബോധ്യമാകുന്നത്.

രാജ്യത്തെ ആഭ്യന്തര വിപണിയില്‍ ക്രൂഡോയില്‍ വില പത്ത് ശതമാനം ഉയര്‍ന്ന് ബാരലിന് 80 ഡോളര്‍ കടന്നിരിക്കുകയാണ്. ലോകത്തിന്റെ ക്രൂഡ് ഓയില്‍ ഗതാഗതത്തിന്റെ ഇരുപത് ശതമാനവും നടക്കുന്ന ഹോര്‍മൂസ് ഇടനാഴി ഇറാന്‍ അടച്ചതോടെ ആഗോള തലത്തില്‍ നേരിടുന്ന ചരക്ക് നീക്ക തടസം പെട്രോള്‍ വില ഇന്ത്യയില്‍ ലിറ്ററിന് 150 രൂപ വരെ ഉയര്‍ത്തിയേക്കാമെന്നാണ് വിദഗ്ദ്ധര്‍ പ്രവചിക്കുന്നത്. പെട്രോളിന്റെ വില കൂടിയാല്‍ സ്വാഭാവികമായും അവശ്യസാധനങ്ങളുടെയും വിമാന, ബസ്, ഓട്ടോ സര്‍വീസുകളുടെയെല്ലാം ചാര്‍ജ് വര്‍ദ്ധിക്കാം. ഇത് പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും ഇടയാക്കും. സഊദിയിലെ അരാംകോ റിഫൈനറിയിലും ആക്രമണമുണ്ടായതോടെ എണ്ണനീക്കം തടസപ്പെടാനുള്ള സാദ്ധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്. പ്രതിദിനം 5.5 ലക്ഷം ഉത്പാദനശേഷിയുള്ള ഈ റിഫൈനറി മദ്ധ്യേഷ്യയിലെ ഏറ്റവും വലുതാണ്.

യു.എ.ഇയുമായി മാത്രമായി ഇന്ത്യക്ക് പ്രതിവര്‍ഷം 1000 കോടി ഡോളറിന്റെ വാണിജ്യമാണുള്ളത്. അതില്‍ വലിയൊരു പങ്ക് കേരളത്തിന്റേതാണെന്നത് മലയാളികളെ കൂടുതല്‍ ആശങ്കാകുലരാക്കുന്നു. ഹോര്‍മൂസ് വഴിയുള്ള ഗതാഗതം നടക്കാതായാല്‍ കപ്പലുകള്‍ക്ക് ഗുഡ്‌ഹോപ് മുനമ്പ് ചുറ്റി പോകേണ്ടിവരും. ഇത് ഷിപ്പിംഗ് ചാര്‍ജില്‍ വലിയ വര്‍ദ്ധനവിന് ഇടയാക്കുകയും കയറ്റുമതിക്കാരുടെ വരുമാനത്തില്‍ ഇടിവ് സംഭവിക്കുകയും ചെയ്യും. വ്യോമപാതകള്‍ അടച്ചതോടെ ഇപ്പോള്‍ത്തന്നെ കേരളത്തില്‍ നിന്നും ഗള്‍ഫിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള പഴം, പച്ചക്കറി കയറ്റുമതി കുത്തനെ ഇടിഞ്ഞു. കൊച്ചി വിമാനത്താവളത്തില്‍ മാത്രം 200 ടണ്ണിലേറെ പച്ചക്കറികള്‍ കയറ്റി അയയ്ക്കാനാകാതെ കാര്‍ഗോയില്‍ കെട്ടിക്കിടന്ന് നശിക്കുന്നു. 40 മുതല്‍ 45 ടണ്‍ വരെ ദിവസവും കയറ്റുമതി ഉണ്ടായിരുന്ന കരിപ്പൂരില്‍ 10 മുതല്‍ 15 ടണ്ണായി കുറഞ്ഞിരിക്കുകയാണ്.

പശ്ചിമേഷ്യയിലെ യുദ്ധം വാണിജ്യ എല്‍.പി.ജി സിലിണ്ടര്‍ വിതരണത്തെ ബാധിച്ചതോടെ രാജ്യത്തിന്റെ പലഭാഗങ്ങളിലും ഹോട്ടലുകള്‍ അടച്ചുതുടങ്ങി. ഒട്ടേറെ അനുബന്ധ മേഖലകളെക്കൂടി ബാധിക്കുന്ന ഗുരുതര പ്രതിസന്ധിയാണു രൂപപ്പെടുന്നത്. യുദ്ധം അവസാനിച്ചാല്‍പോലും ലഭ്യത സാധാരണ തോതിലാകാന്‍ മാസങ്ങളെടുക്കുമെന്നതാണ് നിലവിലെ അവസ്ഥ.
ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് അമേരിക്കയും ഇസ്രാഈലുംതന്നെ പ്രതിസന്ധിയുടെ നടുക്കടലിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുത. ഇറാന്‍ ഒരു സന്നദ്ധതയും അറിയിക്കാതിരുന്നിട്ടും ട്രംപ് യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് വ്യംഗന്തരേണ സൂചിപ്പിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. യുദ്ധത്തിന്റെ ആദ്യ ആറ് ദിനങ്ങളില്‍ മാത്രം ഏകദേശം 11.3 ബില്യണ്‍ ഡോളര്‍ (95,000 കോടി രൂപ) ചെലവായതായി ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചിരിക്കുകയാണ്.

യുദ്ധരംഗത്തെ ആയുധശേഖരം, ഇന്ധനം, സൈനിക വിന്യാസം എന്നിവയ്ക്കായി വന്‍തുകയാണ് ഓരോ ദിവസവും ചെലവഴിക്കുന്നത്. യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന ആവശ്യവുമായി ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്. ഇസ്രാഈലില്‍ ഇതിനകം മിസൈല്‍ പതിച്ച് നാശനഷ്ടം നേരിട്ട 9,115 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. ഏതായാലും യുദ്ധത്തിന്റെ കെടുതികള്‍ ആരുടെയും കണക്കുകൂട്ടലുകളില്‍ നില്‍ക്കുകയില്ലെന്നും ഏതെങ്കിലും ശക്തികള്‍ക്ക് വിജയമുണ്ടാവാന്‍പോകുന്നില്ലെന്നും എന്നാല്‍ പരാജയം സംഭവിക്കുന്നത് ലോകത്തിനാകമായിരിക്കുമെന്നതാണ് ഈ ചുരുങ്ങിയ കാലയളവ്‌കൊണ്ട് മാനവരാശിക്ക് ബോധ്യമായത്.

Continue Reading

editorial

അടുക്കളയിലെത്തിയ യുദ്ധ ഭീതി

യുദ്ധ പശ്ചാത്തലത്തില്‍ രൂപപ്പെട്ട പാചകവാതക ക്ഷാമം നമ്മുടെ അടുക്കളകള്‍ക്ക്‌പോലും താഴിയിടുമോയെന്ന ഭീതിയാണ് രാജ്യത്ത് പടര്‍ന്നുകൊണ്ടിരിക്കുന്നത്.

Published

on

By

പശ്ചിമേഷ്യയെ അസ്വസ്ഥഭരിതമാക്കിക്കൊണ്ടിരിക്കുന്ന ഇറാനും, ഇസ്രാഈല്‍ അമേരിക്ക സഖ്യവും തമ്മിലുള്ള യുദ്ധം ഇന്ത്യയെയും കേരളത്തെയുമെല്ലാം നേരിട്ടു ബാധിക്കുന്നതിന്റെ സൂചനകള്‍ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. യുദ്ധ പശ്ചാത്തലത്തില്‍ രൂപപ്പെട്ട പാചകവാതക ക്ഷാമം നമ്മുടെ അടുക്കളകള്‍ക്ക്‌പോലും താഴിയിടുമോയെന്ന ഭീതിയാണ് രാജ്യത്ത് പടര്‍ന്നുകൊണ്ടിരിക്കുന്നത്. വ്യാവസായികാടിസ്ഥാനത്തിലുള്ള എല്‍.പി.ജി വിതരണത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ റസ്റ്റോറന്റുകളും ഭക്ഷ്യവിതരണ ശാലകളും കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. റസ്റ്റോറന്റുകള്‍ വ്യാപകമായി അടച്ചുപൂട്ടിക്കൊണ്ടിരിക്കുമ്പോള്‍ തട്ടുകടകള്‍പോലുള്ള സംവിധാനങ്ങളും ഇന്ധനക്ഷാമത്താല്‍ ചക്രശ്വാസം വലിക്കുകയാണ്.

ഹോട്ടലുകള്‍ക്കുള്ള പാചക വാതകം നിര്‍ത്തിവെക്കാന്‍ വിതരണ ഏജന്‍സികള്‍ സര്‍ക്കാറിന്റെ നിര്‍ദ്ദേശംകൂടി ലഭ്യമായതോടെ പ്രതിസന്ധി പൂര്‍ണമായിരിക്കുകയാണ്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രമായി പാചക വാതകം പരിമിതപ്പെടുത്തിയാണ് സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഇറാനെതിരായ ഇസ്രാഈല്‍-യു.എസ് സംയുക്ത ആക്രമണത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ, വാതക വിതരണം പ്രതിസന്ധിയിലായതാണ് ഇന്ത്യയേയും വലച്ചത്. ആഗോള തലത്തില്‍ കപ്പല്‍ വഴിയുള്ള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും, എല്‍.എന്‍.ജി വിതരണത്തിന്റെ മൂന്നിലൊന്നും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. ഉപഭോഗത്തിനുള്ള 65% എല്‍പിജിയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇതില്‍തന്നെ 90 ശതമാനവും വാങ്ങുന്നത് സഊദി അറേബ്യ, ഖത്തര്‍, യു.എ.ഇ തുടങ്ങിയ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നാണ്.

യുദ്ധത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതാണ് ഇന്ത്യയില്‍ എല്‍.പി.ജി പ്രതിസന്ധി സൃഷ്ടിക്കുന്നത്. എല്‍.പി.ജി, സി.എന്‍.ജി, പൈപ്പ് വഴിയുള്ള പാചക വാതകം എന്നിവ മുന്‍ഗണന അടിസ്ഥാനത്തില്‍ മാത്രമേ വിതരണം ചെയ്യൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് റസ്റ്റോറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും മറ്റുഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ക്കുമൊക്കെ പ്രതിസന്ധി രൂപപ്പെട്ടതെങ്കില്‍ വരുംദിവസങ്ങളില്‍ നിയന്ത്രണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കപ്പെടുന്നതോടെ ഇതേ പ്രതിസന്ധി അവിടങ്ങളിലെല്ലാം രൂപപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് മുന്തിയ പരിഗണന, അതു കഴിഞ്ഞ് വളം നിര്‍മാണ മേഖലക്ക്, തേയില നിര്‍മാണ ഫാക്ടറികള്‍ക്ക്, നിര്‍മാണ വ്യവസായ ഉപഭോക്താക്കള്‍ക്ക് എന്നിങ്ങനെയാണ് സര്‍ക്കാറിന്റെ മുന്‍ഗണനാ ക്രമം. രാജ്യത്തിന്റെ ഉപഭോഗത്തിന്റെ പകുതിയോളം വരുന്ന ആഭ്യന്തര ഉത്പാദനം (പ്രതിദിനം 191 മില്യന്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍) പെട്രോ കെമിക്കല്‍ കമ്പനികള്‍, ഊര്‍ജ്ജ യൂണിറ്റുകള്‍, ഉയര്‍ന്ന വിലയില്‍ വാതകം വാങ്ങുന്ന ഉപഭോക്താക്കള്‍ എന്നിവര്‍ക്കായുള്ള വിതരണം പൂര്‍ണമായും നിര്‍ത്തി മുന്‍ഗണന വിഭാഗത്തിന് നല്‍കാനാണ് നിര്‍ദേശം. എന്നാല്‍ ഈ തീരുമാനം പ്രതിസന്ധിക്കുള്ള താല്‍ക്കാലിക പരിഹാരം മാത്രമാണ്. യുദ്ധം നീളുന്ന മുറക്ക് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗാര്‍ഹിക ഉപയോഗത്തിനുള്ള നിയന്ത്രണവും പ്രാബല്യത്തില്‍ വരുന്ന സാഹചര്യം കാണാതിരിക്കാനാവില്ല. ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഒരുപരിഹാരവും കാണാന്‍ സാധിക്കാതെ കേന്ദ്ര സര്‍ക്കാര്‍ വെറും നോക്കുകുത്തിയായിമാറുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോവാനുള്ള എല്ലാ സാഹചര്യങ്ങളും നിലനില്‍ക്കുകയാണ്.

നിലവിലെ പ്രതിസന്ധി കേന്ദ്രസര്‍ക്കാറിന്റെ പിടിപ്പുകേടിന്റെ ഫലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി നിര്‍ദേശിച്ചിട്ടുള്ള 90 ദിവസത്തെ ക്രൂഡോയില്‍ കരുതല്‍ ശേഖരം ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാറിന് സംഭവിച്ചിരിക്കുന്നത് വന്‍വീഴ്ച്ചയാണ്. തങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായാല്‍ ഹോര്‍മൂസ് കടലിടുക്ക് പൂര്‍ണമായും അടച്ചിടുമെന്ന് ഇറാന്‍, യുദ്ധം ആരംഭിക്കുന്നതിന് മുന്നെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാറോ പെട്രോളിയം മന്ത്രാലയമോ ഊര്‍ജപ്രതിസന്ധി മുന്‍കൂട്ടിക്കാണാനോ നടപടികള്‍ സ്വീകരിക്കാനോ തയാറായില്ല. തല്‍ഫലമായി യുദ്ധം ആരംഭിച്ച് രണ്ടാഴ്ച്ചപോലും പിന്നിടുന്നതിന് മുമ്പ് രാജ്യത്ത് ഇന്ധനപ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. ലോകത്തെ പിടിച്ചുകുലുക്കിയ കുപ്രസിദ്ധ ബാലപീഡകന്‍ ജെഫ്രി എപ്സ്റ്റീനുമായി പെട്രോളിയം മന്ത്രിക്കുള്ള സൗഹൃദം പുറത്തുവരികയും ഇതേതുടര്‍ന്ന് പ്രതിപക്ഷം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ ഈ പ്രതിസന്ധിഘട്ടത്തിലും രാഷ്ട്രീയ പ്രതിരോധം തീര്‍ക്കുന്ന തിരക്കിലായിരുന്നു വകുപ്പ്മന്ത്രി.

അതുകൊണ്ട്തന്നെപെട്രോളിയം മന്ത്രാലയം നാഥനില്ലാ കളരിയായി മാറുകയായിരുന്നു. അതിന്റെ ഉത്തമ ഉദാഹരണമായിരുന്നു രാജ്യത്തെ ക്രൂഡോയില്‍ കരുതലുമായി ബന്ധപ്പെട്ട പാര്‍ലമെന്റിലെ ചോദ്യത്തിന് മന്ത്രി നല്‍കിയ മറുപടി. 74 ദിവസത്തെ ക്രൂഡോയില്‍ കരുതല്‍ ശേഖരം രാജ്യത്തുണ്ടെന്ന അദ്ദേഹത്തിന്റെ മറുപടി യാഥാര്‍ത്ഥ്യവുമായ പുലബന്ധം പോലുമില്ലാത്തതായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്. യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ഊര്‍ജസംരക്ഷണത്തെക്കുറിച്ച് ഒരാശങ്കക്കും അടിസ്ഥാനമില്ലെന്ന് ആണയിട്ട സര്‍ക്കാറാണ് കേവലം 12 ദിവസം പിന്നിട്ടപ്പോഴേക്കും കടുത്ത നടപടികളിലേക്ക് നീങ്ങിയിരിക്കുന്നത്. ഊര്‍ജപ്രതിസന്ധിയുള്‍പ്പെടെയുള്ളവിഷയങ്ങളില്‍ മറ്റുസാഹചര്യങ്ങളൊന്നും പരിശോധിക്കാന്‍ കഴിയാത്തവിധം രാജ്യത്തിന്റെ താല്‍പര്യങ്ങളെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് മുന്നില്‍ പൂര്‍ണമായും ബലികഴിപ്പിച്ചതിന്റെ അനിവാര്യമായ ദുരന്തമാണ് നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇനിയെങ്കിലും കണ്ണുതുറക്കാനും പ്രശ്‌നങ്ങള്‍ മുന്‍കൂട്ടിക്കണ്ട് പരിഹാരനടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയാറാകാത്ത പക്ഷം കൂടുതല്‍ കെടുതികളിലേക്ക് രാജ്യം തള്ളിവിടപ്പെടുമെന്നതുറപ്പാണ്.

Continue Reading

Trending