തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികളുടെ പേരുകളിലുണ്ടായ വിവാദത്തെ തുടര്‍ന്ന് താമരയെന്ന് പേര് നല്‍കും. ഡാലിയയുടെ പേര് ഒഴിവാക്കി പതിനഞ്ചാം നമ്പര്‍ വേദിക്ക് താമര എന്ന് പേരിടാനാണ് തീരുമാനം. താമര രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നമായതിനാല്‍ വിവാദം ഒഴിവാക്കാനായി താമര എന്ന പേര് ബോധപൂര്‍വ്വം വേദികളില്‍ നിന്ന് ഒഴിവാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. പിന്നാലെ പ്രതിഷേധവുമായി യുവമോര്‍ച്ചയടക്കം രംഗത്തെത്തിയിരുന്നു.
സൂര്യകാന്തിയും ആമ്പല്‍പ്പൂവും അടക്കമുള്ള പൂക്കളുടെ പേരുകള്‍ സ്‌കൂള്‍ കലോത്സവവേദികളുടെ പേരുകളായി നിശ്ചയിച്ചു. ഇരുപത്തിനാല് പൂക്കളുടെ പേരുകളില്‍ താമരയുണ്ടായിരുന്നില്ല.
കഴിഞ്ഞദിവസം കലോത്സവ വളണ്ടിയര്‍മാരുടെ യോഗം നടന്നിരുന്ന തൃശ്ശൂര്‍ ടൗണ്‍ഹാളിലേയ്ക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കയ്യില്‍ താമരയും ഏന്തിയായിരുന്നു പ്രതിഷേധവുമായി എത്തിയത്. മന്ത്രി വി ശിവന്‍കുട്ടി ടൗണ്‍ഹാളില്‍ എത്തുന്നതിന് തൊട്ടുമുന്‍പ് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.