ദമസ്‌കസ്: സിറിയന്‍ ഭരണകൂടത്തിന്റെ അധീനതയിലുണ്ടായിരുന്ന രണ്ട് നഗരങ്ങളില്‍നിന്ന് ഒഴിപ്പിക്കപ്പെട്ടവര്‍ കയറിയ ബസുകള്‍ക്കുനേരെയുണ്ടായ ബോംബാക്രമണത്തില്‍ 126 പേര്‍ കൊല്ലപ്പെട്ടു. വിമതരുടെ ഉപരോധത്തിലായിരുന്ന ഈ നഗരങ്ങളില്‍നിന്ന് ഒത്തുതീര്‍പ്പു കരാര്‍ പ്രകാരമാണ് സാധാരണക്കാരെ ഒഴിപ്പിച്ചത്. പകരം വിമത നിയന്ത്രണത്തിലുള്ള രണ്ടു നഗരങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ സിറിയന്‍ ഭരണകൂടവും അനുവദിച്ചിരുന്നു.

ശനിയാഴ്ച ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ഭരണകൂടത്തിന്റെ നിയന്ത്രിത പ്രദേശങ്ങളില്‍നിന്നുള്ളവര്‍ കയറിയ ബസുകള്‍ക്കു സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ കത്തിക്കരിഞ്ഞ മൃതദേഹങ്ങളുടെയും മറ്റും ദൃശ്യങ്ങള്‍ സിറിയന്‍ സ്‌റ്റേറ്റ് മീഡിയ പുറത്തുവിട്ടു. എഴുപതോളം ബസുകളടങ്ങിയ വാഹനവ്യൂഹത്തിനുനേരെയാണ് ആക്രമണമുണ്ടായത്. സ്ത്രീകളും കുട്ടികളും മരിച്ചവരില്‍ പെടും. വിമത ഉപരോധത്തില്‍നിന്ന് രക്ഷപ്പെട്ട് സര്‍ക്കാര്‍ നിയന്ത്രിത അലെപ്പോയിലേക്ക് പുറപ്പെട്ടവര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള അന്വേഷണവുമായി സഹകരിക്കാന്‍ സന്നദ്ധമാണെന്ന് അഹ്‌രാര്‍ അല്‍ ഷാം എന്ന വിമത സംഘടന അറിയിച്ചു. രണ്ടുവര്‍ഷമായി ഫൗവ, കെഫ്‌റായ നഗരങ്ങളിലെ അയ്യായിരത്തിലേറെ പേര്‍ വിമതരുടെ ഉപരോധത്തിലായിരുന്നു. ഇറാനും ഖത്തറുമുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ പ്രകാരമാണ് ഇവരെ അലെപ്പോയിലേക്ക് ഒഴിപ്പിക്കാന്‍ തീരുമാനിച്ചത്.